കൊച്ചി∙ ട്രെയിനുകളുടെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രഖ്യാപനം പുതിയ റെയിൽവേ ടൈംടേബിളിലും നടപ്പായില്ല. പകരം സമയം വൈകിക്കുകയാണു ദക്ഷിണ റെയിൽവേ ചെയ്തിരിക്കുന്നത്. ടൈംടേബിൾ വിൽക്കാനായി ട്രെയിനുകളുടെ സമയം അഞ്ചു പത്തും മിനിട്ട് തോന്നിയപോലെ മാറ്റുന്നതല്ലാതെ ട്രെയിനുകളുടെ വേഗം കൂട്ടാൻ മാത്രം നടപടിയില്ല. കേരളത്തിലോടുന്ന മെമു സർവീസുകൾ പ്രതിദിനമാകുമെന്നു അറിയിച്ചിരുന്നെങ്കിലും പതിവുപോലെ ഒന്നും സംഭവിച്ചില്ല. ഒരു വർഷം സമയം, അഞ്ച് മുതൽ 10 മിനിറ്റ് വൈകിപ്പിക്കുമെങ്കിൽ അടുത്ത വർഷം ഇവ നേരത്തെയാക്കും. തിരിച്ചും മറിച്ചുമുളള ഈ തട്ടിപ്പാണു നടക്കുന്നത്. അറ്റകുറ്റപ്പണികളുടെ പേരിൽ വൈകിയെത്തുന്ന ട്രെയിനുകളുടെ സമയം ഒൗദ്യോഗിക സമയമാക്കിയതു ടൈംടേബിളിൽ സ്ഥിരപ്പെടുത്തുകയാണു ചെയ്തിരിക്കുന്നത്.
പുതിയ സമയക്രമത്തിൽ എൻജീനിയറിങ് ബ്ലോക്ക് കൂടി ഉൾപ്പെടുത്തിയതോടെ ട്രെയിനുകൾ വീണ്ടും വൈകുമെന്ന നിലയിലാണു കാര്യങ്ങൾ. തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് 12.55ന് ഷൊർണൂരിലെത്തിയിരുന്നത് 1.25 ആയിട്ടാണു മാറ്റിയിരിക്കുന്നത്. രാത്രി 10.50ന് എറണാകുളത്ത് എത്തേണ്ട വഞ്ചിനാട് എക്സ്പ്രസ് രാത്രി 11.25നു വൈകിയെത്തിയിരുന്നതും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. സയമമാറ്റമില്ലെങ്കിൽ ടൈംടേബിൾ ആരും വാങ്ങില്ലെന്നതിനാൽ ചെറിയ മാറ്റങ്ങൾ വരുത്തി കോടികളുടെ കച്ചവടം ഉറപ്പാക്കുന്ന സർക്കസ് മാത്രമാണു ഇത്തവണയും റെയിൽവേ നടന്നിരിക്കുന്നതെന്നു വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി തോമസ് സൈമൺ പറഞ്ഞു. ജയന്തി ജനത എക്സ്പ്രസ് 10 മണിക്കൂറോളം സമയം ലാഭിക്കുന്ന തരത്തിൽ പുനഃക്രമീകരിക്കാമെങ്കിലും അതിനും റെയിൽവേ തയാറായിട്ടില്ല. കേരളത്തിൽ പാതകൾ ഇരട്ടിപ്പിച്ചതിന്റെയും വൈദ്യുതീകരണത്തിന്റെയും നേട്ടം ട്രെയിൻ യാത്രക്കാർക്കു ഇതുവരെ ലഭിച്ചിട്ടില്ല. മംഗളൂരു – ഷൊർണൂർ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും 20 വർഷം മുൻപുളള റണ്ണിങ് ടൈമാണു പാലക്കാട് ഡിവിഷൻ ട്രെയിനുകൾക്കു നൽകിയിരിക്കുന്നത്.
വിവിധ ഡിവിഷനുകളിലൂടെ കടന്നു പോകുന്ന ദീർഘദൂര ട്രെയിനുകളുടെ സമയംമാറ്റം എളുപ്പമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എത്തിച്ചേരുന്ന സ്റ്റേഷനുകളിലെ സമയമാറ്റം ബുദ്ധിമുട്ടാണെങ്കിൽ സെൻട്രൽ റെയിൽവേ ചെയ്യുന്നതു പോലെ ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തി ട്രെയിനുകളുടെ വേഗം കൂട്ടാൻ കഴിയും. ടൈംടേബിൾ ശരിയാക്കൽ ബുദ്ധിമുട്ടുളള ജോലിയായതിനാൽ ഉദ്യോഗസ്ഥർക്കാർക്കും കഷ്ടപ്പെടാൻ വയ്യെന്നതാണു കേരളത്തിലെ ട്രെയിനുകളുടെ വൈകിയോട്ടത്തിനു പ്രധാന കാരണമെന്നു തോമസ് സൈമൺ പറയുന്നു. ഒാട്ടത്തിൽ മൂന്നു മണിക്കൂർ ലാഭിക്കാൻ കഴിയുന്ന ട്രെയിൻ ഇപ്പോൾ പുറപ്പെടുന്നതു വൈകിട്ട് അഞ്ചിനാണെങ്കിൽ അതിന്റെ സമയം രാത്രി എട്ടിലേക്കു മാറ്റിയാൽ യാത്രക്കാർക്കു അത്രയും സമയം ലാഭമാകും. റെയിൽവേ മന്ത്രി ഉദ്യോഗസ്ഥരുടെ ചെവിക്കു പിടിക്കാതെ ഈ കുത്തഴിഞ്ഞ സംവിധാനം നന്നാക്കിയെടുക്കാൻ കഴിയില്ല. ചില ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ റെയിൽവേ മന്ത്രിയെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ട്രാക്ക് അറ്റകുറ്റപ്പണി കഴിയുന്നതോടെ അടുത്ത വർഷത്തെ ടൈംടേബിളിന്റെ സമയമാകും. അറ്റകുറ്റപ്പണിക്കു നൽകിയ അധിക സമയം അപ്പോൾ എടുത്തു കളയുകയും. എല്ലാ ട്രെയിന്റെയും സമയം കുറച്ചുവെന്നും റെയിൽവേ അവകാശപ്പെടും.
ടൈംടേബിളിൽ പുതിയ ട്രെയിനുകളും പ്രഖ്യാപിക്കുന്ന വാദവും അസ്ഥാനത്തായി. ഒരു ട്രെയിൻ പോലും കേരളത്തിനു കിട്ടിയില്ല. എറണാകുളം – രാമേശ്വരം, കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി, കൊച്ചുവേളി – കാമഖ്യ, തിരുവനന്തപുരം – മൈസൂരു, മംഗളൂരു ജംക്‌ഷൻ – രാമേശ്വരം, പാലക്കാട് – രാമേശ്വരം തുടങ്ങി റെയിൽവേ ബോർഡ് അംഗീകരിച്ചുവെന്നു പറയുന്ന ട്രെയിനുകൾ പോലും ടൈംടേബിളിൽ ഇടം നേടിയിട്ടില്ല. പൊതു തിരഞ്ഞെടുപ്പു വരുന്നതിനാൽ പുതിയ ട്രെയിനുകളുടെ പ്രഖ്യാപനം നീട്ടി വച്ചിരിക്കയാണെന്നാണു സൂചന. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടു പുതിയ ട്രെയിനുകൾ വൈകിക്കുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
2014 ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം – ബെംഗളൂരു ട്രെയിൻ കൊച്ചുവേളി – മൈസൂരു ട്രെയിനായി ഉടൻ ഒാടുമെന്നു പ്രഖ്യാപിച്ചതു കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്നാണ്. ഒരു മാസത്തിനുള്ളിൽ ട്രെയിൻ ഒാടുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പിന്നീടു പ്രഖ്യാപനം നടത്തി. പ്രഖ്യാപനം വരുന്നതല്ലാതെ ട്രെയിൻ ആരും ഇതുവരെ കണ്ടിട്ടില്ല. ഒാണത്തിരക്ക് മുതലെടുത്തു കേരള – ബെംഗളൂരു സെക്ടറിൽ ബസ് നിരക്കുകൾ 3,500നും 4,000നും ഇടയിലായിട്ടും ട്രെയിൻ ഒാടിക്കാൻ റെയിൽവേയ്ക്കു കഴിഞ്ഞിട്ടില്ല. 500 കോടി രൂപ മുടക്കി ഗേജ്മാറ്റം നടത്തിയ കൊല്ലം – ചെങ്കോട്ട പാതയിൽ ആകെയുളള താംബരം – കൊല്ലം ട്രെയിൻ പ്രതിദിനമാക്കാനും ദക്ഷിണ റെയിൽവേ തയാറായിട്ടില്ല. പകരം ചെന്നൈയിൽനിന്നു ചെങ്കോട്ടയിലേക്കു പുതിയ അന്ത്യോദയ ട്രെയിൻ പ്രഖ്യാപിച്ചു. ഇതു കൊല്ലം വരെ ഒാടിക്കാമെങ്കിലും റെയിൽവേ അതിനു തയാറല്ല. എൻ.കെ. പ്രേമചന്ദ്രൻ എംപിക്കു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നൽകിയ ഉറപ്പുകളൊന്നും ഈ പാതയുടെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല.
450 കോടി മുടക്കിയ പാലക്കാട് പൊള്ളാച്ചി പാതയുടെ കാര്യവും വ്യത്യസ്തമല്ല. 2014 മുതൽ ശുപാർശ ചെയ്യുന്ന മംഗളൂരു രാമേശ്വരം ട്രെയിൻ ഇതുവരെയും പാളത്തിൽ എത്തിയിട്ടില്ല. വാസ്കോ – രാമേശ്വരം, എറണാകുളം – വേളാങ്കണി, വാസ്കോ – കന്യാകുമാരി, ജയ്പൂർ – കന്യാകുമാരി തുടങ്ങി മറ്റു ശുപാർശകളും വെറുതെയായി.
∙ എറണാകുളം നോർത്ത് വഴി തിരിച്ചു വിട്ട കേരള എക്സ്പ്രസിന്റെ റൂട്ട് മാറ്റം സ്ഥിരപ്പെടുത്തി
∙ എറണാകുളം – നിലമ്പൂർ, കോട്ടയം – എറണാകുളം പാസഞ്ചറുകൾ ഒറ്റ ട്രെയിനാക്കി കോട്ടയം – നിലമ്പൂർ പാസഞ്ചർ
∙ ട്രെയിനുകളുടെ ഫ്രീക്വൻസി കൂട്ടുന്നതിനോ ദീർഘിപ്പിക്കുന്നതിനോ നടപടിയില്ല