ആലപ്പുഴ ∙ ആലപ്പുഴയിൽ കായലുകളും തോടുകളും കരകവിഞ്ഞൊഴുകി നഗരത്തിലേക്കു വെള്ളം കയറുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അപകടകരമായതോതിൽ വെള്ളത്തിന്റെ ഉയർച്ച രെഖപ്പെടുത്തി. അടിയൊഴുക്ക് ശക്തമാണ്. എഎസ് കനാൽ കവിഞ്ഞ് ആലപ്പുഴയിലേക്കു വെള്ളം കയറുന്നുണ്ട്. പല വീടുകളിലും വെള്ളം കയറുകയാണ്. നഗരത്തിലെ മട്ടാഞ്ചേരി പാലം കൊമ്മാടി പാലം റോഡിൽ വെള്ളം. ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തുടങ്ങിയ മഴ അൽപം ശമിച്ചിരുന്നെങ്കിലും വീണ്ടും മഴ തുടങ്ങി. വേമ്പനാട് കായലിലെ എല്ലാ ബോട്ടുകളും രക്ഷാ പ്രവർത്തനത്തിനായി പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. ബോട്ടുകൾ നൽകാത്തവരുടെ ലൈസൻസ് റദ്ദാക്കും. 30 ബോട്ടുകൾ കലക്ടർ പിടിച്ചെടുത്തു.
ചെട്ടികുളങ്ങരയിൽ വെള്ളത്തിൽ വീണു യുവാവ് മരിച്ചു. മാവേലിക്കര കണ്ണമംഗലം വടക്ക് സ്വാതി ഭവനത്തിൽ രാഹുൽ (24) ആണു മരിച്ചത്. ചെട്ടികുളങ്ങര സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നിന്നു സ്വന്തം വീടുകളിലെ സാധനങ്ങള്‍ എടുക്കാൻ വള്ളത്തിൽ പോയവരാണു വീടിനു സമീപത്തെ പാടശേഖരത്തിൽ രാഹുലിന്റെ മൃതദേഹം കണ്ടത്.
ജില്ലയിൽ വൈകിട്ട് ആറു മണി വരെ 678 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 50,754 കുടുംബങ്ങളില്‍ നിന്നു 2,10,119 പേരാണു ക്യാംപുകളിൽ കഴിയുന്നത്. അമ്പലപ്പുഴയിൽ 150 ക്യാംപുകളിലായി 16854 കുടുംബങ്ങളിലെ 60860 പേരും ചേർത്തലയിൽ 60 ക്യാംപുകളിലായി 2900 കുടുംബങ്ങളിലെ 31552 പേരുമാണു കഴിയുന്നത്. മാവേലിക്കരയിൽ 148 ക്യാംപുകളിൽ 15200 കുടുംബങ്ങളിലെ 52,465 പേരും കാർത്തികപ്പള്ളിയിൽ 320 ക്യാംപുകളിലായി 15800 കുടുംബങ്ങളിലെ 65242 പേരും കഴിയുന്നു.
∙ വൈഎംസിഎ റോഡിൽ വെള്ളം റോഡ് നിരപ്പിനൊപ്പം
∙ നഗരത്തിലെ മാതാ ജെട്ടിയിൽ ബോട്ട് നിൽക്കുന്നതു റോഡ് നിരപ്പിനു മുകളിലാണ്. കുട്ടനാട്ടിൽനിന്നു രക്ഷാബോട്ടുകളിൽ ധാരാളം പേർ മാതാ ജെട്ടിയിലേക്കെത്തുന്നുണ്ട്.
∙ ദേശീയപാത ഗതാഗതം ഇതുവരെ മുടങ്ങിയിട്ടില്ല. എറണാകുളം തിരുവനന്തപുരം പാതയിൽ വാഹനങ്ങൾ സർവീസ് നടത്തുന്നു.
∙ ആലപ്പുഴ ബീച്ചിനു സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാൻ കലക്ടർ നിർദേശം നൽകി. ചേർത്തല താലൂക്കിലുൾപ്പെടെ കായലോര പ്രദേശങ്ങളിൽ വെള്ളം കയറുന്നു.
∙ ആലപ്പുഴ നഗരത്തിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും കടലിലേക്കുള്ള ഒഴുക്ക് വേഗത്തിലാക്കാനും വാടക്കനാൽ, കൊമേഴ്‌സ്യൽ കനാൽ എന്നിവ ബീച്ച് ഭാഗത്തു തുറക്കുന്നതിന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്കു നിർദ്ദേശം നൽകി. ബീച്ചിലേക്കു കനാൽ തുറക്കുന്നതു സമയബന്ധിതമായി നിരീക്ഷിക്കാനും ഒഴുക്കു സുഗമമാണെന്ന് ഉറപ്പാക്കാനും നഗരസഭാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
∙ കുട്ടനാട് കണ്ടുകൊണ്ടിരിക്കുന്നതു ചരിത്രത്തിലെ സമാനതകളില്ലാത്ത വെള്ളപ്പൊക്കം.
∙ കുട്ടനാട്ടിലെ സ്ഥിതി ഗുതുതരമെന്ന് അവിടെ നിന്നെത്തുന്നവർ പറയുന്നു. വെള്ളം ഉയരുന്നുണ്ട്. പല രക്ഷാക്യാംപുകളിലും വെള്ളം കയറി, ചമ്പക്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നു. കണ്ടംകരിയിലെ ക്യാംപിൽ വെള്ളം കയറിയെന്ന് അവിടെനിന്നു പുറത്തെത്തിയവർ അറിയിക്കുന്നു. പലരേയും കുറിച്ചു വിവരമില്ലെന്നു നാട്ടുകാർ കരഞ്ഞു പറയുന്നു.
∙ പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ കിഴക്കേ മേഖലകളില്‍ ആളുകൾ കുടുങ്ങി.
∙ കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ കുട്ടനാട് ഭാഗത്തെ കായലിലേക്ക് പുറപ്പെടുന്നു.
∙ കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുന്നു. ചേർത്തലയിൽ തുറന്ന ക്യാംപുകളിലേക്ക് 4500ൽ അധികം പേരെ മാറ്റി.
∙ തിരുവനന്തപുരത്തുനിന്നു വന്ന ഒരുലോഡ് മരുന്ന് ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഇത് ഉടനെ വിവിധ കേന്ദ്രങ്ങളിലേക്കു നൽകാനും നിർദ്ദേശിച്ചു.
∙ രാമങ്കരി, മുട്ടാർ പ്രദേശങ്ങളിലും പുളിങ്കുന്ന് കാവാലത്തും എൻഡിആർഎഫിന്റെ ഓരോ ടീമിനെ നിയോഗിച്ചു. മുട്ടാർ, രാമങ്കരി ഭാഗത്തേക്ക് എൻഡിആർഎഫിന്റെ രണ്ടാമത്തെ സംഘത്തെയും നിയോഗിച്ചു. ലഭ്യമായ ശിക്കാര വള്ളങ്ങളും വഞ്ചിവീടുകളും തലവടി, എടത്വ, മുട്ടാർ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നു.