പ്രളയ സമയത്ത് കേരളത്തിൽ ഇല്ലാതിരുന്നത് തെറ്റായിപ്പോയി: ഖേദവുമായി കെ.രാജു

കെ.രാജു

തിരുവനന്തപുരം∙ പ്രളയക്കെടുതിക്കിടെ നടത്തിയ ജര്‍മന്‍ യാത്രയില്‍ തെറ്റില്ലെന്ന മുന്‍നിലപാട് തിരുത്തി മന്ത്രി കെ.രാജു. പ്രളയസമയത്തു കേരളത്തില്‍ ഇല്ലാതിരുന്നതു തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ചൊവ്വാഴ്ച സിപിഐ സംസ്ഥാന നിര്‍വാഹകസമിതി ജര്‍മന്‍ യാത്ര ചര്‍ച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണു രാജുവിന്റെ ഖേദപ്രകടനം.

20ന് മടങ്ങിയെത്തിയപ്പോഴുള്ള നിലപാടാണു രാജു തിരുത്തിയിരിക്കുന്നത്. പ്രളയക്കെടുതിയുടെ രൂക്ഷത മനസിലാക്കാതെയാണു ജര്‍മനിയിലേക്കു തിരിച്ചതെന്നു മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റേയും പാര്‍ട്ടി സെക്രട്ടറിയുടേയും അനുമതി ലഭിച്ചിരുന്നു. 16ന് പുലര്‍ച്ചെ പോകുമ്പോള്‍ പ്രളയം ഇത്ര രൂക്ഷമായിരുന്നില്ല. പെട്ടെന്നുമടങ്ങാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദേശം വന്നെങ്കിലും ടിക്കറ്റ് ലഭിക്കാന്‍ വൈകി. വകുപ്പുകളുടെ ചുമതല പി.തിലോത്തമന് നല്‍കിയതില്‍ തെറ്റില്ല. രാജിവയ്ക്കേണ്ട തെറ്റ് ചെയ്തിട്ടില്ലെന്നും രാജു കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രിയുടെ വിദേശ യാത്ര പാടില്ലായിരുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന നിര്‍വാഹകസമിതി യോഗം രാജുവിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നാണ് സൂചന. രാജുവിന്റെ യാത്രയോടു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

നിലപാട് വ്യക്തമാക്കി കോടിയേരി

മന്ത്രി കെ.രാജുവിന്റെ വിദേശ യാത്രാ വിവാദത്തിൽ സിപിഐ ഉചിത നിലപാട് സ്വീകരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ‍അണക്കെട്ടുകൾ തുറന്നതു സംബന്ധിച്ചു രാജു ഏബ്രഹാം എംഎൽഎ നടത്തിയ പ്രസ്താവന വസ്തുതകൾ മനസിലാക്കാതെയുള്ളതാണ്. കാര്യങ്ങൾ മനസിലാക്കിയപ്പോൾ തിരുത്തി. പ്രളയക്കെടുതി സർക്കാർ സൃഷ്ടിച്ചതാണ് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന കേരളത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സഹായം ഇല്ലാതാക്കുമെന്നും കോടിയേരി പറഞ്ഞു.