Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: നിയമ നടപടിയുമായി റിലയൻസ്; ഭയമില്ലെന്നു കോൺഗ്രസ്

Rafale Fighter Plane

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിനെതിരായ ഏറ്റവും വലിയ ആയുധമായി റഫാൽ ഇടപാട് ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് മുന്നോട്ടു പോകുന്നതിനിടെ പാർട്ടി നേതാക്കൾക്കു റിലയൻസ് ഗ്രൂപ്പിന്‍റെ വക്കീൽ നോട്ടിസ്. അനിൽ അംബാനി നേതൃത്വം നല്‍കുന്ന റിലയൻസ് ഗ്രൂപ്പ് റഫാൽ ഇടപാടിലൂടെ അനർഹമായ ആനുകൂല്യങ്ങൾ സമ്പാദിച്ചെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് നോട്ടിസിലെ ആവശ്യം. ക്രമക്കേടു നടന്നു എന്നതിനുള്ള തെളിവാണ് നോട്ടിസെന്നും സത്യം പറയുന്നതിൽനിന്നു ഭയന്നു പിൻവാങ്ങില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

രൺദീപ് സിങ് സുർജെവാല, പവന്‍ ഖേര, പ്രിയങ്ക ചതുർവേദി, ശക്തി സിൻഹ ഗൊഹിൽ, അർജുൻ മോധ്‍വാഡിയ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കാണ് നോട്ടിസ് ലഭിച്ചത്. റഫാൽ ഇടപാട് ഉയർത്തിക്കാട്ടി ഒരുമാസത്തെ പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് ഒരുങ്ങി നിൽക്കുമ്പോഴാണ് നിയമക്കുരുക്കുമായി റിലയൻസ് രംഗത്തെത്തിയത്.

ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ അഞ്ചു വരെ രാജ്യത്തെ 90 കേന്ദ്രങ്ങളിൽ കോൺഗ്രസ് നേതാക്കൾ റഫാൽ അഴിമതി വ്യക്തമാക്കി വാർത്താസമ്മേളനങ്ങൾ നടത്തുമെന്ന് ശക്തി സിൻഹ ഗൊഹിൽ വ്യക്തമാക്കി. ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ജന ആന്ദോളൻ റാലികളും പ്രകടനങ്ങളും സംഘടിപ്പിക്കും. സത്യസന്ധമായി ബിസിനസ് നടത്തുന്ന വ്യവസായികളോട് കോൺഗ്രസിന് ഒരു എതിർപ്പുമില്ലെന്നും പാർട്ടി വക്താവ് കൂടിയായ ഗൊഹിൽ പറഞ്ഞു.

ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയമാണ് റഫാൽ‌ ഇടപാടെന്നും ബിജെപിയും കോർപറേറ്റ് ലോകവുമായുള്ള അവിശുദ്ധ ബന്ധമാണ് റിലൻസിന്റെ വക്കീൽ നോട്ടിസിലൂടെ തെളിഞ്ഞതെന്നും സുനിൽ ഝാക്കർ എംപി പറഞ്ഞു. വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് തുടരുമെന്നും നോട്ടിസ് കണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.