ന്യൂഡൽഹി∙ ചാനൽ ചർച്ചയ്ക്കിടെ കേരളത്തെ അധിക്ഷേപിച്ചു സംസാരിച്ചെന്ന് ആരോപിച്ച് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ചാനലിന്റെയും അർണബിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രതിഷേധവും പരിഹാസവുമായി കളം നിറയുകയാണ് മലയാളികൾ. പ്രളയം വിതച്ച കൊടുനാശത്തിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന മലയാളികളെ, ‘താൻ കണ്ടതിൽവച്ചേറ്റവും നാണംകെട്ട ജനത’ എന്ന് അർണബ് വിശേഷിപ്പിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം.
കേരളത്തിന് ദുരിതാശ്വാസമായി 700 കോടി രൂപ നൽകിയെന്നും ഇല്ലെന്നുമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ചാനൽ ചർച്ച സംഘടിപ്പിച്ചത്. ചർച്ചയുടെ തുടക്കത്തിൽതന്നെ കേന്ദ്രനിലപാടിനെ എതിർക്കുന്ന കേരളത്തെ വിമർശിക്കുകയും മലയാളികൾ നുണ പറയുന്നുവെന്ന് സ്ഥാപിക്കുകയും ചെയ്യാനായിരുന്നു ശ്രമമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റേത് ഇന്ത്യയെ അപമാനിക്കാനുള്ള നീക്കമാണെന്ന് അർണബ് സംവാദത്തിനിടെ പറഞ്ഞതായും ഇവർ ചൂണ്ടിക്കാട്ടുന്നു.
സംഭവം വിവാദമായതോടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ മലയാളികൾ ചീത്തവിളിയും പരിഹാസവും തുടങ്ങി. കേരളത്തിന്റെ ദുരന്തകാലത്ത് യാതൊരു അനുഭാവവും പ്രകടിപ്പിക്കാത്ത അർണബും റിപ്പബ്ലിക് ചാനലും ഇപ്പോൾ വിമർശനമുന്നയിക്കുന്നതിനെതിരെയും കമന്റുകളുണ്ട്. കഴിഞ്ഞ വർഷവും മലയാളികൾ അർണബിന്റെയും റിപ്പബ്ലിക് ചാനലിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ട്രോളുകൾ നിറച്ചിരുന്നു.
അതേസമയം, അർണബ് മലയാളികളെ അധിക്ഷേപിച്ചിട്ടില്ലെന്നും തെറ്റായ പ്രചാരണം നടത്തുന്ന ‘ഒരു വിഭാഗം’ ജനങ്ങളെ മാത്രമാണ് അദ്ദേഹം ഉന്നമിട്ടതെന്നും ചൂണ്ടിക്കാട്ടി വേറൊരു വിഭാഗവും രംഗത്തുണ്ട്. അർണബിന് പിന്തുണ പ്രഖ്യാപിച്ച് ഇവരും സമൂഹമാധ്യമങ്ങളിലൂടെ ക്യാംപെയിൻ നടത്തുന്നുണ്ട്. ചാനൽ ചർച്ചയിൽ കേരളത്തോട് അനുഭാവം പുലർത്തുന്ന നയമാണ് അർണബ് ഗോസ്വാമി സ്വീകരിച്ചതെന്നും, ഇന്ത്യയും കേരളവും നേർക്കുനേർ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗത്തെയാണ് അദ്ദേഹം വിമർശിച്ചതെന്നും രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവരും ചൂണ്ടിക്കാട്ടുന്നു.