ന്യൂഡൽഹി∙ പ്രളയത്തിനു മുൻപും ശേഷവുമുള്ള കേരളത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ട് നാഷനൽ എയറനോട്ടിക് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ). വേമ്പനാട് തടാകത്തിന്റെ തീരപ്രദേശങ്ങളുടെയും ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളുടെയും ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ ഒന്നടങ്കം തകർത്തെറിഞ്ഞ പ്രളയം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ചിത്രങ്ങളിൽനിന്നുതന്നെ വ്യക്തമാകുന്നുണ്ട്.
ഫെബ്രുവരി ആറിന് ലാൻഡ്സാറ്റ് 8 സാറ്റലൈറ്റിലെ ഓപ്പറേഷനൽ ലാൻഡ് ഇമേജർ (ഒഎൽഐ) ഉപയോഗിച്ച് എടുത്തതാണ് ആദ്യചിത്രം. പ്രളയത്തിനു മുന്‍പേയാണ് ഈ ചിത്രമെടുത്തിരുന്നത്. രണ്ടാമത്തെ ചിത്രം ഓഗസ്റ്റ് 22ന് ഉള്ളതാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സെൻറ്റിനൽ–2 സാറ്റലൈറ്റാണ് ഇതിനായി ഉപയോഗിച്ചത്. കനത്ത മഴയും പ്രളയവും കേരളത്തെ ബാധിച്ചുവെന്ന് ഇതിൽനിന്നു വ്യക്തമാണ്.