Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെ വധിക്കാനുള്ള ഗൂഢാലോചന: വിപ്ലവ സാഹിത്യകാരൻ പി. വരവരറാവു അറസ്റ്റിൽ

Narendra Modi പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി∙ മഹാരാഷ്ട്രയിലെ ഭീമ–കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ‌ നിന്ന് സാമൂഹ്യപ്രവർത്തകരെയും അഭിഭാഷകരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നു. രാജീവ് ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായി, ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടു പുണെ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുധ ഭരദ്വാജ്, ആനന്ദ് തെൽതുബ്ദെ തുടങ്ങി നിരവധി പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്, ഇവർക്കു മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. വിപ്ലവ സാഹിത്യകാരൻ പി. വരവരറാവുവിനെ പുണെ പൊലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റു ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടെന്ന പൊലീസ് കണ്ടെത്തലിനു പിന്നാലെയാണ് റാവുവിന്റെ അറസ്റ്റ്. നിരോധിത സംഘടനയായ കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നാരോപിച്ച് പിടിയിലായ റോണ വിൽസൺ ജേക്കബിന്റെ വീട്ടിൽനിന്ന് ഇതു സംബന്ധിച്ച് കത്ത് ലഭിച്ചതായും പൊലീസ് അവകാശപ്പെട്ടിരുന്നു. എട്ടുമണിക്കൂറോളമാണ് ഗാന്ധി നഗറിലെ റാവുവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് വരവരറാവുവിന്റെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

മാധ്യമ പ്രവർത്തകയായ തെകുല ക്രാന്തിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ലാപ്ടോപ് ഉൾപ്പെടെ പിടിച്ചെടുത്തു. സാമൂഹിക പ്രവർത്തകരായ അരുൺ ഫെറേറ, വെനോൺ ഗോൺസാൽ‌വസ് തുടങ്ങിയവരും പിടിയിലായവരുടെ പട്ടികയിലുണ്ട്. കഴിഞ്ഞ ജൂണിൽ മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് അഞ്ച് പേരെ പൊലീസ് പിടികൂടിയിരുന്നു. 

മറാത്ത ഭരണത്തിന് അവസാനം കുറിച്ച ചരിത്ര യുദ്ധമായിരുന്നു ഭീമ കൊറിഗാവ് യുദ്ധം. ദലിതരായ മഹർ പോരാളികൾ ഉൾപ്പെട്ട ബ്രിട്ടിഷ് സേന പെഷ്വ സേനയെ ആക്രമിച്ചു മറാത്ത ഭരണത്തിന് അവസാനം കുറിക്കുകയായിരുന്നു. ഭീമ കൊറിഗാവ് യുദ്ധത്തിന്റെ സ്മരണ പുതുക്കാൻ ചേർന്ന യോഗത്തിൽ കബീർ കാലാ മഞ്ച് പ്രവർത്തകർ പ്രകോപനപരമായി സംസാരിച്ചതിനെ തുടർന്നാണു ഭീമ കൊറിഗാവിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. 

related stories