പ്രളയമുഖത്ത് തിളക്കമില്ലാതെ ആറന്മുള കണ്ണാടി; ഓണവിപണിക്ക് ഉണ്ടാക്കിയവ ഒഴുകിപ്പോയി

ആറന്മുള കണ്ണാടി നിർമാണ കേന്ദ്രത്തിൽ വെള്ളം കയറി നശിച്ച കണ്ണാടികളിൽ നല്ലതു തിരയുന്ന ജീവനക്കാരൻ

ആറന്മുള ∙ പ്രളയം "മുഖം" നോക്കിയപ്പോൾ ആറന്മുള കണ്ണാടിയും വെള്ളത്തിൽ മുങ്ങി. നാടിനെ മുഴുവൻ മുക്കിത്താഴ്ത്തിപ്പോയ വെള്ളപ്പൊക്കത്തിനൊപ്പം ഒഴുകിമറഞ്ഞ കണ്ണാടിക്കും രക്ഷയില്ലായിരുന്നു. ജലമിറങ്ങിപ്പോയപ്പോൾ നിർമാതാക്കൾ കാണുന്നതു നിർമാണ ശാലകളിൽ പ്രളയം അവശേഷിപ്പിച്ച ചെളിക്കെട്ട് മാത്രം. കണ്ണാടികളും അസംസ്കൃത വസ്തുക്കളും ഒഴുകിപ്പോയതിലൂടെ സംഭവിച്ച കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിനു പുറമെ ഇവരുടെ കിടപ്പാടങ്ങളും വെള്ളം കയറി നശിച്ച സ്ഥിതിയിലാണ്.

ആറന്മുള കണ്ണാടിയുടെ നിർമാണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച അസോസിയേഷനിൽ ഉൾപ്പെട്ടതും അല്ലാത്തതുമായ 22 യൂണിറ്റുകളാണ് ഇവിടെയുള്ളത്. ഇതിൽ ആറന്മുള, മാലക്കര, കാഞ്ഞിരവേലി, പരമൂട്ടുംപടി എന്നിവിടങ്ങളിലായുള്ള ഏഴ് യൂണിറ്റുകളിൽ പൂർണമായും വെള്ളം കയറി. ശേഷിക്കുന്നവ ഭാഗികമായി നശിച്ചു. 

ഓണവിപണിയും വെള്ളത്തിലായി 

സംസ്ഥാനത്തിന് അകത്തും പുറത്തും വിദേശ രാജ്യങ്ങളിൽ നിന്നുമായും ഓണവിപണി ലക്ഷ്യമാക്കി ധാരാളം ഓർഡറുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിവച്ച മുന്നൂറിലേറെ കണ്ണാടികൾ മിക്ക യൂണിറ്റിൽ നിന്നും നഷ്ടമായിട്ടുണ്ട്. ഓണം പ്രമാണിച്ച് എല്ലാ യൂണിറ്റുകളിലും നല്ല ഓർഡർ ലഭിച്ചിരുന്നതായി നിർമാതാക്കൾ പറഞ്ഞു. കണ്ണാടിയുടെ നിർമാണത്തിനു പ്രധാനമായും ഉപയോഗിക്കുന്ന ചെളി, കരി തുടങ്ങിയ അസംസ്കൃത വസ്തുക്കളും നഷ്ടപ്പെട്ടവയുടെ പട്ടികയിലുണ്ട്. 

മിനുക്കുപണികൾ പൂർത്തിയായ ആയിരക്കണക്കിന് അച്ചുകളും (മോൾഡ്) ഒഴുകിപ്പോയി. യൂണിറ്റുകളിലെ യന്ത്രസാമഗ്രികളും ഫ്രെയിം വർക്ക് സാധനങ്ങളും ഫർണസുകളും നശിച്ചു. എല്ലാ യൂണിറ്റുകൾക്കും കൂടി ഒന്നരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണു പ്രാഥമിക വിലയിരുത്തൽ.