കണ്ണൂർ∙ എൽഎൽബി പരീക്ഷയ്ക്കു തോറ്റിട്ടും എസ്എഫ്ഐ നേതാക്കൾ എൽഎൽഎം കോഴ്സിൽ പഠനം തുടരുന്നു. കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് പഞ്ചവൽസര നിയമബിരുദ പരീക്ഷയിൽ തോറ്റ രണ്ടു എസ്എഫ്ഐ നേതാക്കൾ പിജി കോഴ്സിൽ തുടരുന്നത്.
ബിരുദപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കു പിജിക്ക് പ്രവേശനം നൽകാമെന്ന ഇളവുപയോഗിച്ചാണ് ഇവർ പ്രവേശനം നേടിയത്. എന്നാൽ പ്രവേശനം നേടിയശേഷം ബിഎഎൽഎൽബി കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ രണ്ടുപേരും പരാജയപ്പെട്ടു. എന്നിട്ടും കോഴ്സ് തുടരാൻ സർവകലാശാലാധികൃതർ മൗനാനുവാദം നൽകുകയായിരുന്നു. 31 നു നടക്കുന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ഇരുവരും മൽസരിക്കുന്നുമുണ്ട്.
സർവകലാശാല പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് ഇക്കുറി നടപ്പാക്കിയ പുതിയ പരിഷ്ക്കാരത്തിന്റെ മറവിലാണു ഡിഗ്രി തോറ്റ നേതാക്കൾക്ക് പിജി കോഴ്സിൽ പ്രവേശനം ലഭിച്ചത്. ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കു സർവകലാശാല പഠനവകുപ്പുകളിൽ പിജിക്കു പ്രവേശനം നൽകാമെന്നും ആദ്യസെമസ്റ്റർ പൂർത്തിയാകുന്നതിനു മുൻപ് യോഗ്യത നേടിയ രേഖ ഹാജരാക്കിയാൽ മതിയെന്നുമായിരുന്നു സർവകലാശാലയുടെ തീരുമാനം. ഇങ്ങനെ പ്രവേശനം നേടുന്നവർ ബിരുദ പരീക്ഷയിൽ തോൽക്കുകയാണെങ്കിൽ കോഴ്സിൽ നിന്നു പുറത്താക്കുമെന്ന കരാർ ഒപ്പിട്ടശഷമാണു പ്രവേശനം നൽകിയത്.
ജൂൺ 25 നു ഒന്നാം സെമസ്റ്റർ ക്ലാസ് ആരംഭിച്ചു. ക്ലാസു തുടങ്ങിയ ശേഷമാണു സർവകലാശാലയുടെ ബിഎ എൽഎൽബി ഫലം പ്രസിദ്ധീകരിച്ചത്. ഇതിൽ രണ്ടു നേതാക്കളും പരാജയപ്പെട്ടു. എന്നാൽ പരാജയപ്പെട്ട വിവരമറിഞ്ഞിട്ടും ഇരുവർക്കും കോഴ്സ് തുടരാൻ സർവകലാശാല അനുവാദം നൽകുകയായിരുന്നു. 31 നു നടക്കുന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഇരുവരുടെയും പത്രിക സ്വീകരിക്കുകയും ചെയ്തു. ഇതിൽ ഒരു വിദ്യാർഥിയുടെ ഇന്റേണൽ മാർക്ക് കൂട്ടി വിജയിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. സിൻഡിക്കറ്റ് പ്രത്യേക തീരുമാനമെടുത്ത് ഇന്റേണൽ മാർക്കിന് ഇംപ്രൂവ്മെന്റ് അനുവദിക്കാനാണു നീക്കം.