കോട്ടയം ∙ ഓഗസ്റ്റ് 16ന് രാത്രിയില്‍ അപ്രതീക്ഷിതമായെത്തിയ പ്രളയജലം തകര്‍ത്തെറിഞ്ഞ മനസ്സുകള്‍ക്കു ധൈര്യം പകര്‍ന്നു മുന്നേറുകയായാണ് മണര്‍കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്. കേരളമെമ്പാടുമുള്ള പല കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളുടെയും (സിഡിഎസ്) നേര്‍ച്ചിത്രമാണ് കോട്ടയം ജില്ലയിലെ മണര്‍കാട് സിഡിഎസ്.
16ന് രാത്രി വീടുകളില്‍ വെള്ളം കയറിയപ്പോള്‍ ക്യാംപുകളിലേക്കു പോകേണ്ടി വന്നവര്‍ക്കായ് പിറ്റേന്നു മുതല്‍ ഭക്ഷണപൊതി തയാറാക്കി നല്‍കുന്ന പ്രവര്‍ത്തനമാണു സംഘം ചെയ്യുന്നത്. സിഡിഎസ് അംഗങ്ങളെയെല്ലാം വിവരം അറിയിച്ച് അവര്‍ വഴി ഭക്ഷണ സാമഗ്രികളടങ്ങിയ 1000 പൊതികള്‍ 24 ക്യാംപുകളിലേക്കു നല്‍കി. പിന്നീട് ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഭക്ഷണം പതിവായി നല്‍കി തുടങ്ങി. തിരുവോണ ദിനം വരെ വിവിധ ക്യാംപുകളില്‍ ഭക്ഷണം നല്‍കുന്ന പതിവു തുടര്‍ന്നു.
അംഗങ്ങളോരോരുത്തര്‍ക്കും അരി വിതരണം ചെയ്താണ് ക്യാംപിലെ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ അവസാനിപ്പിച്ചത്. ഇതിനിടെ 77700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കുകയും ചെയ്തു. ദുരിതാശ്വാസ ക്യാംപിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ നേതൃത്വം നല്‍കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മണര്‍കാട് നിന്നുള്ള സംഘം അയ്മനം പഞ്ചായത്തിലുമെത്തി.