Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി വിമാനത്താവളം പ്രവർത്തനം തുടങ്ങി; 33 ലാൻഡിങ്ങും 30 ടേക് ഓഫും

Indigo Flight To Cochin Airport കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇൻഡിഗോ വിമാനം. ചിത്രം: റോബർട്ട് വിനോദ്

കൊച്ചി∙ വെള്ളപ്പൊക്കത്തെത്തുടർന്നു രണ്ടാഴ്ചയായി അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ചു. ബുധൻ ഉച്ചയ്ക്കു 2.08ന് അഹമ്മദാബാദിൽനിന്നുള്ള ഇൻഡിഗോ വിമാനമാണു പുനരുദ്ധാരണത്തിനുശേഷം വിമാനത്താവളത്തിൽ ആദ്യമെത്തിയത്.

പെരിയാർ കരകവിഞ്ഞൊഴുകിയതോടെ കഴിഞ്ഞ 15നു പുലർച്ചെയാണു വിമാനത്താവളം അടച്ചത്. വിമാനത്താവളം വെള്ളത്തിനടിയിലായി. ചുറ്റുമതിൽ തകർന്നതുൾപ്പെടെ സാരമായ കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി വിതരണസംവിധാനം, റൺവേ ലൈറ്റുകൾ, ജനറേറ്ററുകൾ എന്നിവ തകരാറിലായി. വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഇരുപതിനാണ് സിയാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പരിശോധന പൂർത്തിയായതോടെയാണ് വിമാനത്താവളം പ്രവർത്തനസജ്ജമായത്. ഉച്ചയ്ക്ക് 3.25നു ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിൽ അപ്രതീക്ഷിതമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യാത്രക്കാരനായെത്തി. ഇടുക്കിയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം രാഹുൽ ഉച്ചയോടെ ഹെലിക്കോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവള പ്രവർത്തനം പൂർണതോതിൽ ആയതോടെ രാഹുൽ തുടർയാത്ര കൊച്ചിയിൽനിന്നുള്ള വിമാനത്തിലാക്കി.

രാജ്യാന്തര സർവീസുകളിൽ മസ്‌കത്തിൽനിന്നുള്ള ജെറ്റ് എയർവേയ്‌സ് വിമാനമാണു വൈകിട്ട് നാലരയോടെ ആദ്യമെത്തിയത്. ഉച്ചയ്ക്ക് രണ്ടുമണി മുതൽ അർധരാത്രി വരെ 33 ലാൻഡിങ്ങും 30 ടേക് ഓഫും നടന്നു. സർവീസുകളൊന്നും റദ്ദാക്കിയില്ല. രണ്ടു ദിവസത്തിനകം എല്ലാ സർവീസുകളും സാധാരണ നിലയിലാകും. വെള്ളക്കെട്ടിൽനിന്നു വിമാനത്താവളവും പരിസരപ്രദേശങ്ങളും സംരക്ഷിക്കാനായി മാസ്റ്റർ പ്ലാൻ ഒക്ടോബർ 15നു മുൻപു തയാറാക്കുമെന്നു സിയാൽ എംഡി വി.ജെ.കുര്യൻ പറഞ്ഞു.

related stories