തിരുവനന്തപുരം∙ പ്രളയദുരന്തത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എംഎൽഎമാരായ സജി ചെറിയാനും രാജു ഏബ്രഹാമിനും സംസാരിക്കാൻ അവസരമില്ല. പ്രളയം ഏറ്റവും ദുരിതംവിതച്ച മണ്ഡലങ്ങളായ ചെങ്ങന്നൂരിലെയും റാന്നിയിലെയും എംഎൽഎമാരാണു സജി ചെറിയാനും രാജു ഏബ്രഹാമും. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നുമായി 41 എംഎൽഎമാർക്കാണു സംസാരിക്കാൻ അവസരം നൽകിയിരിക്കുന്നത്.
പ്രളയ സമയത്തു സർക്കാർ സംവിധാനങ്ങൾക്കെതിരെ ഇരുവരും വിമർശനം ഉന്നയിച്ചിരുന്നു. ചെങ്ങന്നൂരിൽ വെള്ളം കയറി ദിവസങ്ങൾക്കുശേഷവും രക്ഷാപ്രവർത്തനം കാര്യമായി നടക്കുന്നില്ലെന്നാണു സജി ചെറിയാൻ പറഞ്ഞത്. രക്ഷാപ്രവർത്തനത്തിനു സൈന്യം എത്തിയില്ലെങ്കിൽ പതിനായിരങ്ങൾ മരിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാമുകൾ തുറന്നുവിട്ടത് സ്ഥിതി രൂക്ഷമാക്കിയെന്നായിരുന്നു രാജു ഏബ്രഹാം അറിയിച്ചത്. ഈ വിമർശനങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.