സെപ്റ്റംബർ ആദ്യ ആഴ്ച ബാങ്ക് ഇടപാടുകൾ തടസ്സപ്പെടില്ല; പ്രവർത്തിക്കില്ലെന്നത് വ്യാജപ്രചാരണം

മുംബൈ∙ സെപ്റ്റംബർ ആദ്യ ആഴ്ചയി‌ൽ ആറുദിനം ബാങ്കുകൾ തുറക്കില്ലെന്ന് വാട്സാപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം. 3, 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഒരാഴ്ച ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ് പ്രസിഡന്റ് അശ്വനി റാണ വാർത്ത ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു. റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ മാത്രമാണ് സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ കൂട്ടഅവധി എടുക്കുന്നത്. എന്നാൽ ഇവ പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുകയില്ലെന്നും റാണ വ്യക്തമാക്കി.

സെപ്റ്റംബർ രണ്ട് – ഞായറാഴ്ച, മൂന്ന് – ജന്മാഷ്ടമി, നാല്, അഞ്ച് – പെൻഷനായുള്ള ബാങ്ക് ജീവനക്കാരുടെ സമരം, എട്ട്, ഒൻപത് – ബാങ്ക് അവധി എന്നിവ കാരണം എടിഎമ്മുകളും ബാങ്കുകളും പ്രവർത്തിക്കില്ലെന്നും ആവശ്യമായ പണം കയ്യിൽ കരുതണമെന്നുമായിരുന്നു സന്ദേശം.

അതേസമയം സെപ്റ്റംബർ നാലിന് ജന്മാഷ്ടമി ദിനത്തിൽ ഉത്തരേന്ത്യയിലെ ചില ബാങ്കുകൾ പ്രവർത്തനരഹിതമായിരിക്കും. ജന്മാഷ്ടമി കേരളത്തില്‍ അവധിയില്ല. ഓൺലൈൻ ബാങ്കിങ്, എടിഎം സർവീസുകൾ എന്നിവ ഈ ദിവസങ്ങളിൽ തടസ്സപ്പെടില്ലെന്ന് എച്ച്ഡിഎഫ്സി ബാങ്കിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.