കാഠ്മണ്ഡു ∙ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്സ്വാലുമായി ബന്ധിപ്പിക്കുന്ന റയിൽവേ പദ്ധതിക്ക് ഇന്ത്യ സഹായം നൽകും. നേപ്പാളിലെ യാത്രാ, ചരക്ക് ഗതാഗതങ്ങൾ ഇതിലൂടെ സുഗമമാകുമെന്നാണു കരുതുന്നത്. പദ്ധതിക്ക് സഹായവാഗ്ദാനവുമായി ചൈനയും നേപ്പാളിനെ സമീപിച്ചിരുന്നു.
പദ്ധതിയുടെ സാധ്യതകളെക്കുറിച്ചു പഠിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലിയും കരാർ ഒപ്പിട്ടു. ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റിവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നേപ്പാളിലെത്തിയപ്പോഴാണ് കരാർ ഒപ്പിട്ടത്. റെയിൽവേ ലൈനിനായി പ്രാഥമിക എൻജിനീയറിങ്, ട്രാഫിക് സർവേ എന്നിവ നടത്തുന്നത് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. ബിഹാറിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള റെയിൽവേ ലൈനിന് 130 കിലോമീറ്ററാണ് ദൈർഘ്യം.
നിർമാണം പൂർത്തിയാക്കാനായാൽ നേപ്പാളിലെ രണ്ടാമത്തെ മാത്രം റെയിൽവേ ട്രാക്കായിരിക്കും ഇത്. ദക്ഷിണസമതലങ്ങളിൽ 35 കിലോമീറ്റർ ദൂരമുള്ള റെയിൽവേ ട്രാക്ക് മാത്രമാണ് നേപ്പാളിന് നിലവിലുള്ളത്. കൊങ്കൺ റെയിൽവേയുടെ റിപ്പോർട്ടിനു ശേഷമായിരിക്കും നിർമാണം, മുതല്‍മുടക്ക് എന്നിവ സംബന്ധിച്ചു തീരുമാനമാകുക. റക്സ്വാൽ– കാഠ്മണ്ഡു റെയിൽവേ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്നും സാമ്പത്തിക വളർച്ചയും വികസനവും ഉറപ്പാക്കുമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാരം, ഇന്ധനം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇന്ത്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ നേപ്പാൾ ശ്രമിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് സമാനമായി ചൈനയും റെയിൽവേ വികസനത്തിനു നേപ്പാളിനെ സഹായിക്കുന്നു. ടിബറ്റിലെ ഗ്യുറോണിനെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന 70 കിലോമീറ്റർ റെയിൽവേ പദ്ധതിയുടെ സാധ്യതാ പഠനം ചൈന നടത്തിക്കഴിഞ്ഞു. നേപ്പാളിന്റെ ആഭ്യന്തര വിഷയങ്ങളിൽ ചൈന ഇടപെടുന്നത് തടയാനാണ് റെയിൽവേ പദ്ധതിയിൽ ഇന്ത്യ മികച്ച പങ്കാളിത്തം വഹിക്കാൻ ഒരുങ്ങുന്നതെന്നാണ് നീരിക്ഷകരുടെ വിലയിരുത്തൽ.