ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരൻ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചതായി പരാതി. അഭിഭാഷകയും യോഗ അധ്യാപികയുമായ ഇന്ദ്രാണി ഘോഷ് ആണ് ട്വിറ്ററിലൂടെ പരാതി ഉന്നയിച്ചത്. മാൻഹട്ടനിൽനിന്നു ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്ദ്രാണിയുടെ അമ്മയ്ക്കാണു ദുർഗതിയുണ്ടായത്. യാത്രക്കാരനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
‘അത്താഴശേഷം മദ്യപിച്ച യാത്രക്കാരൻ അമ്മയുടെ സീറ്റിനരുകിലെത്തി. പാന്റ്സ് ഊരി മൂത്രമൊഴിച്ചു. അമ്മ ഒറ്റയ്ക്കായിരുന്നു. സംഭവത്തിനു പിന്നാലെ അവര്‍ മാനസികമായി മുറിവേറ്റിരിക്കുകയാണ്’– ട്വിറ്ററിൽ ഇന്ദ്രാണി ഘോഷ് പരാതിപ്പെച്ചു. ട്വിറ്ററിലെ പരാതിയോട് പ്രതികരിക്കാൻ എയർ ഇന്ത്യ തയാറായില്ലെന്നാണ് റിപ്പോർട്ട്. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹയുടെ ശ്രദ്ധയിൽപ്പെട്ടു.
‘വളരെ നിർഭാഗ്യകരമായ സംഭവമാണ് നിങ്ങളുടെ അമ്മയ്ക്കുണ്ടായത്. എയർ ഇന്ത്യ ഇക്കാര്യം അന്വേഷിക്കണം. എത്രയും പെട്ടെന്ന് വ്യോമയാന മന്ത്രാലയത്തിനും ഡിജിസിഎയ്ക്കും റിപ്പോർട്ട് നൽകണം’– കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഒരുപാടു പേർ ഇന്ദ്രാണിയുടെ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്.