Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിനു പിന്നാലെ രോഗഭീതിയിൽ ആലപ്പുഴ; എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനി...

H1N1 എച്ച്1എൻ1 (ചിത്രം: ട്വിറ്റർ)

ആലപ്പുഴ ∙ എലിപ്പനി, ഡെങ്കിപ്പനി ഭീഷണികൾക്കു പിന്നാലെ ജില്ലയിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം മൂന്നു പേരാണു എച്ച്1എൻ1 അസുഖത്തിന് ആശുപത്രിയിൽ ചികിൽസ തേടിയത്. പനിബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ആദ്യത്തെ വെള്ളപ്പൊക്കത്തിനു ശേഷം ഉണ്ടായതിനേക്കാൾ കൂടുതൽ പേർക്കു രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. പ്രതിരോധ മരുന്നുകൾ കഴിക്കുന്നതിലുള്ള വിമുഖതയും പ്രശ്നമാണ്. ജില്ലയുടെ കൂടുതൽ ഭാഗങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതു മൂലം അതീവശ്രദ്ധ വേണമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.

ചമ്പക്കുളം, ആലപ്പുഴ നഗരസഭ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. ഇവർ ചികിൽസ തേടി. ഇന്നലെ നാലുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റി, കരുവാറ്റ, തലവടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. മൂന്നു ഡെങ്കിപ്പനി കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശരാശരി 500 പേർ പനിബാധിതരായി ചികിൽസ തേടിവരുന്നു. 

കുടിവെള്ള സ്രോതസ്സുകൾ അടക്കം മലിനമായതു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. പലയിടത്തും കിണറുകൾ ഉപയോഗശൂന്യമായി. കുടിക്കാനുള്ള വെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും പാത്രം കഴുകുന്നതിനടക്കം സാധാരണ വെള്ളം ഉപയോഗിക്കുന്നതു രോഗവ്യാപനത്തിനു കാരണമാകുന്നു. ദേഹത്തിൽ മുറിവുകൾ ഉള്ളവർ മലിനജല സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കണമെന്നു നിർദേശമുണ്ട്, എന്നാൽ വെള്ളക്കെട്ടിലായ വീടുകൾ ശുചിയാക്കാൻ എത്തുന്നവർ പലരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. മാലിന്യ നിർമാർജനം കാര്യക്ഷമമാകാത്തതും പ്രതിസന്ധിയാണ്. 

related stories