പ്രളയ ദുരിതാശ്വാസ'ക്കൊള്ള'; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മന്ത്രി മൊയ്തീൻ

തിരുവനന്തപുരം ∙ ദുരിതാശ്വാസത്തില്‍‌  നഷ്ടം പെരുപ്പിച്ച്  കാട്ടിയ മലപ്പുറത്തെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തൃക്കലങ്ങോട് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ടി അലി ഫൈസലിനും താത്ക്കാലിക ജീവനക്കാരനായ ഓവർസിയർ എ. സതീശനുമെതിരെയാണ് നടപടി. അലിയെ സസ്പെൻഡ് ചെയ്തു. സതീശനെ പിരിച്ചുവിട്ടു. മനോരമ ന്യൂസ് ആണ് ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. 

10,000 രൂപപോലും നഷ്ടമില്ലാത്ത കെട്ടിടങ്ങള്‍ക്ക് അഞ്ചു ലക്ഷം വരെയാണ് ശുപാര്‍ശ ചെയ്തത്. മന്ത്രി എ.സി.മൊയ്തീനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയത്. ദുരിതാശ്വാസ ധനസഹായത്തിലെ ക്രമവിരുദ്ധമായ നഷ്ടപരിഹാര ശുപാര്‍ശയില്‍ കഴിഞ്ഞ ദിവസം അന്വേഷണത്തിന് കലക്ടർ ഉത്തരവിട്ടിരുന്നു.  

പ്രളയക്കെടുതിയില്‍പ്പെട്ട പതിനായിരങ്ങള്‍ ആശ്വാസധനത്തിനുവേണ്ടി കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇഷ്ടക്കാര്‍ക്കുണ്ടായ നഷ്ടം പെരുപ്പിച്ചുകാട്ടി ഉദ്യോഗസ്ഥരുടെ വക തട്ടിപ്പ്. തൃക്കലങ്ങോട് പഞ്ചായത്തില്‍ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവര്‍ക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ മൂന്നുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ നല്‍കി.

തട്ടിപ്പ് ഇങ്ങനെ

തൃക്കലങ്ങോട് ഒരു വീടിനുപിന്നില്‍ മണ്ണിടിച്ചിലുണ്ടായെങ്കിലും മുറ്റത്തു മാത്രമേ മണ്ണ് പതിച്ചുള്ളൂ. ഒൻപതു കിടപ്പുമുറികളും 11 എസിയുമുള്ള ഈ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കണക്കാക്കിയത് 5,79,225 രൂപ. വീടിനുപിന്നില്‍ വലിയ ഭിത്തി നിർമിക്കാനാണ് 5,40,000 രൂപ ശുപാര്‍ശ ചെയ്തത്.

തൊഴിലാളികളെ വച്ച് ഈ മണ്ണു നീക്കാൻ പതിനായിരം രൂപയിൽ താഴെ മാത്രമേ ചെലവാകൂ. അവിടെയാണ് അഞ്ചുലക്ഷത്തി എഴുപത്തൊന്‍പതിനായിരം രൂപയുടെ കണക്ക് അസിസ്റ്റന്റ് എൻജിനീയർ റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. 

അയൽപക്കത്തെ രണ്ടാമത്തെ വീട്ടിൽ കെട്ടിടത്തിന്റെ തറയിലേക്കോ ചുമരിലേക്കോ മണ്ണിടിഞ്ഞിട്ടില്ല. പക്ഷെ ഈ കുടുംബത്തിന് 3,86,150 രൂപ നഷ്ടം കൊടുക്കണമെന്നായിരുന്നു ശുപാര്‍ശ. 

തൊട്ടപ്പുറത്തുള്ള മറ്റൊരു വീടിനടുത്തുവരെ വരെ മണ്ണുവീണെങ്കിലും കേടുപാടില്ലായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഈ മണ്ണു നീക്കാൻ പതിനായിരത്തിൽ താഴെയാണ് ചെലവ് വരിക. പക്ഷെ ഔദ്യോഗികമായി കണക്കാക്കിയ നഷ്ടം 3, 47,535 രൂപ. പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ വില്ലേജ് ഓഫീസർ വഴി സമർപ്പിക്കുന്ന റിപ്പോര്‍ട്ട് കാര്യമായ പരിശോധനകളില്ലാതെ പാസാക്കാറാണ് പതിവ്. പ്രളയകാലമായതിനാല്‍ വലിയ പരിശോധനകളുണ്ടാകില്ലെന്ന വിശ്വാസമാണ് ഇത്തരം ഉദ്യോഗസ്ഥരെ ക്രമക്കേടുകള്‍ക്ക് പ്രേരിപ്പിക്കുന്നത്.