തിരുവനന്തപുരം ∙ പ്രളയസമയത്തെ ജർമൻ യാത്രയിലെ തെറ്റ് തിരിച്ചറിയുന്നുവെന്ന് മന്ത്രി കെ.രാജു. സിപിഐ സംസ്ഥാന കൗൺസിലിലാണ് രാജു കുറ്റസമ്മതം നടത്തിയത്. ജർമനി യാത്ര തെറ്റായിരുന്നുവെന്നു ബോധ്യപ്പെട്ടു. പാർട്ടിയുടെ അച്ചടക്ക നടപടി മനസ്സറിഞ്ഞ് ഉൾക്കൊള്ളുന്നു– യോഗത്തിൽ രാജു പറഞ്ഞു.
മന്ത്രിയുടെ യാത്ര പാർട്ടിക്ക് കളങ്കമായെന്നു യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയുടെ യശസ്സിന് യാത്രാവിവാദം മങ്ങലേല്‍പ്പിച്ചു. മുന്നണിക്കുള്ളിലും നാണംകെട്ടു. മന്ത്രിയുടേത് വകതിരിവില്ലാത്ത തീരുമാനമായിപ്പോയെന്നും യോഗത്തിൽ കൗണ്‍സിൽ അംഗങ്ങൾ വിമര്‍ശിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയുടെ നിഴലായി റവന്യു മന്ത്രി മാറിയെന്ന് യോഗം വിലയിരുത്തി. ദുരിതമേഖലകൾ സന്ദർശിക്കുന്നതിലും മന്ത്രിക്കു വീഴ്ച പറ്റി. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നു മന്ത്രി യോഗത്തിൽ പറഞ്ഞു.
യാത്ര തെറ്റായിപ്പോയെന്ന് ജർമൻ സന്ദർശനം കഴിഞ്ഞുമടങ്ങിയെത്തിയ ശേഷം മന്ത്രി പ്രതികരിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി രാജുവിനെ വിമർശിച്ചു. ഖ്യമന്ത്രിയുടെ ഓഫിസും മന്ത്രിയുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനാണു മന്ത്രി ജർമനിയിലേക്കു പോയത്. എന്നാൽ സംഭവം വിവാദമായതോടെ യാത്ര വെട്ടിച്ചുരുക്കി കേരളത്തിൽ മടങ്ങിയെത്തുകയായിരുന്നു.