Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രികോണ പ്രണയം, അവിഹിതം, കൊലപാതകം: യുവാവും യുവതിയും അറസ്റ്റിൽ

Crime

നോയിഡ∙ ത്രികോണ പ്രണയം, അവിഹിതബന്ധം, സംശയം, ഗൂഢാലോചന, കൊലപാതകം..! സിനിമകളെ വെല്ലുന്ന കാര്യങ്ങളാണു കഴിഞ്ഞദിവസം നോയിഡയിൽ നടന്നത്. രണ്ടു യുവാക്കൾ ചേർന്ന് ഒരു യുവതിയെ പ്രണയിച്ചു. രണ്ടുപേരോടും അടുപ്പം പുലർത്തിയ യുവതി, പ്രത്യേക സാഹചര്യത്തിൽ ഇതിലൊരാളെ കൊലപ്പെടുത്തി; മറ്റേയാൾ കുട്ടുനിന്നു. പൊലീസ് അന്വേഷണത്തിലാണു പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ചുരുളഴിഞ്ഞത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: യുവാക്കളായ റഹീമും ഇസ്രഫിലും സുഹൃത്തുക്കളാണ്. നാലു വർഷം മുമ്പ് ഡൽഹി – കത്തിഹാർ (ബിഹാർ) ട്രെയിൻ യാത്രയ്ക്കിടെയാണു സംഭവങ്ങൾക്കു തുടക്കം. എതിർവശത്തെ ബെർത്തിലിരുന്ന സുന്ദരി ഇരുവരുടെയും ഹൃദയം കവർന്നു; 22കാരി സൈറ. രണ്ടുപേർക്കും സൈറയോട് ഇഷ്ടം. യാത്രയ്ക്കിടയിൽ മൂവരും സൗഹൃദത്തിലായി. വീടുകളിലേക്കു മടങ്ങുമ്പോൾ റഹീമും ഇസ്രാഫിലും തമ്മിൽ അവരറിയാതെ ഒരു മൽസരം തുടങ്ങിയിരുന്നു, സൈറയുടെ ശ്രദ്ധ കവരുന്നതിൽ.

സൈറയ്ക്കു ഇസ്രാഫിലിനോടായിരുന്നു ഇഷ്ടക്കൂടുതൽ. ദ്വാരകയിൽ വീട്ടുജോലികൾ ചെയ്യുന്ന സൈറയ്ക്കും നോയിഡയിൽ ഓട്ടോ ഓടിക്കുന്ന ഇസ്രാഫിലിനും കാണാനുള്ള സാധ്യത കൂടുതലായിരുന്നു. രണ്ടുപേരും അടുത്തു, പ്രണയിച്ചു. പക്ഷേ, പല കാരണങ്ങളാൽ പ്രേമം വിവാഹത്തിലെത്തിയില്ല. രണ്ടുവർഷം മുമ്പ് മറ്റൊരു സ്ത്രീയെ ഇസ്രാഫിൽ കല്യാണം കഴിച്ചു. ഇതോടെ സൈറയുടെ മനസ്സിലേക്ക് ആൺസുഹൃത്തിന്റെ രൂപത്തിൽ റഹീമിനു പ്രവേശനം കിട്ടി.

ഇതിനിടയിലും ഇസ്രാഫിലും സൈറയും രഹസ്യമായി സന്ധിച്ചു, ലൈംഗിക ബന്ധം തുടർന്നു. നാളുകൾ പിന്നിട്ടപ്പോൾ ഇരുവർക്കുമിടയിൽ വീണ്ടും പ്രശ്നം തുടങ്ങി. എന്നാൽ, രഹസ്യകഥകൾ റഹീമിനോടു വെളിപ്പെടുത്തുമെന്നു പറഞ്ഞ് ഇസ്രാഫിൽ സൈറയെ ഭീഷണിപ്പെടുത്തി ബന്ധം തുടർന്നു. സഹിക്കാനാവാതെ വന്നപ്പോൾ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നു സൈറ റഹീമിനെ ഫോൺ ചെയ്തു കാര്യങ്ങൾ പറഞ്ഞു.

സ്വദേശമായ കത്തിഹാറിൽനിന്നു നോർത്ത് ഈസ്റ്റ് എക്സ്പ്രസിൽ കയറി റഹിം ആനന്ദ വിഹാറിലെത്തി. സെപ്റ്റംബർ രണ്ടിനു ഗ്രീൻപാർക്ക് മെട്രോ സ്റ്റേഷനിൽ സൈറയെ കണ്ടു. ഇസ്രാഫിലിനെ വകവരുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു. മൂർച്ചയുള്ള കത്തി സംഘടിപ്പിക്കാൻ റഹിം സൈറയോടു നിർദേശിച്ചു. ഓട്ടോ ഡ്രൈവറായ ഇസ്രാഫിലിനെ സൈറ വിളിച്ചു. രാത്രിയിൽ നോയിഡ സിറ്റി സെന്റർ മെട്രോ സ്റ്റേഷനിൽ കാണാനാകുമോ എന്നു ചോദിച്ചു. രാത്രി എട്ടു മണിക്കുശേഷം ഓട്ടോയിൽ ഇസ്രാഫിൽ എത്തി. സൈറ പറഞ്ഞതനുസരിച്ച് അവരുമായി നോയിഡ എക്സ്പ്രസ്‍വേയിലേക്ക് ഓട്ടോ കുതിച്ചു. മറ്റൊരു ഓട്ടോയിൽ റഹിം പിന്നാലെ കൂടി.

സംശയങ്ങളൊന്നും തോന്നാതിരുന്ന ഇസ്രാഫിൽ, സൈറയുടെ നിർദേശപ്രകാരം അദ്വന്ത് ബിസിനസ് പാർക്കിനു സമീപമുള്ള റോഡിൽ ഇരുട്ടത്ത് ഓട്ടോ നിർത്തി. നേരത്തേ തീരുമാനിച്ചതു പോലെ സൈറ, ഇസ്രാഫിലിനെ ഓട്ടോയിൽനിന്നു പുറത്തേക്കു തള്ളിയിട്ടു, ദുപ്പട്ട കൊണ്ട് കണ്ണുകൾ കെട്ടി. ഉടുപ്പിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് ഇസ്രാഫിലിന്റെ കഴുത്തറുത്തു. അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രാഫിൽ പകച്ചുപോയി. ഇതേസമയം, കുറച്ചുമാറി നിർത്തിയ ഓട്ടോയിൽനിന്നു സംഭവസ്ഥലത്തേക്കു റഹീമും വന്നു. റോഡിൽ കിടന്ന ഇഷ്ടിക കൊണ്ട് ഇസ്രാഫിലിന്റെ തലയിലും ദേഹത്തും പലതവണ ഇടിച്ചു മരണം ഉറപ്പാക്കി. ഇസ്രാഫിലിന്റെ ഓട്ടോയിൽതന്നെ രണ്ടുപേരും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സൈറ ദ്വാരകയിലെത്തി. റഹിം വിമാനത്തിൽ പട്നയിലേക്കു മടങ്ങി.

ഭർത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയെതുടർന്നുള്ള അന്വേഷണത്തിലാണ് ഇസ്രാഫിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലെ ദുപ്പട്ടയാണു പൊലീസിനു തുമ്പായത്. പരാതിയിൽ സൈറയെ സംശയമുണ്ടെന്നു പറഞ്ഞതും കൊലപാതകത്തിൽ ഒരു സ്ത്രീക്കു പങ്കുണ്ടാകാമെന്ന നിഗമനത്തിനു പിന്തുണയേകി. കൊലയ്ക്കുപയോഗിച്ച കത്തിയും സമീപത്തുനിന്നു കണ്ടെത്തി. സൈബർ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

സെപ്റ്റംബർ രണ്ടിനു രാത്രിയിലെ മൊബൈൽ ലൊക്കേഷൻ ഹിസ്റ്ററി പരിശോധിച്ചു. ഇസ്രാഫിലിന്റെ മൊബൈൽ കൂടാതെ രണ്ടെണ്ണം കൂടി ഈ പ്രദേശത്തുണ്ടായിരുന്നതായി കണ്ടെത്തി. മൊബൈലുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒന്ന് കത്തിഹാറിലും മറ്റേതു ദ്വാരകയിലുമാണെന്നു വ്യക്തമായി. പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഇവിടങ്ങളിലേക്കു തിരിച്ചു. സെപ്റ്റംബർ ആറിന് നോയിഡ പൊലീസ് കത്തിഹാറിലെത്തി. രണ്ടുദിവസത്തെ തിരച്ചിലിനൊടുവിൽ റഹിം വലയിലായി. ഇയാളെ ട്രെയിനിൽ നോയിഡയിലെത്തിച്ചു. പൊലീസിന്റെ മറ്റൊരു സംഘം ദ്വാരകയിൽചെന്നു സൈറയെ അറസ്റ്റ് ചെയ്തു. പ്രണയത്തെക്കുറിച്ചും പ്രതികാരത്തെക്കുറിച്ചും സൈറ മൊഴി നൽകിയതായി നോയിഡ എസ്‍എസ്‍‌പി അജയ് പാൽ ശർമ പറഞ്ഞു.

related stories