‘അമ്മയും മനസ്സിലാക്കിയില്ലല്ലോ, വിട’: ബിസിനസുകാരന്റെ ആത്മഹത്യക്കുറിപ്പ്

കുനാൽ ത്രിവേദിയും കുടുംബവും. ചിത്രം: ട്വിറ്റ‍ർ

അഹമ്മദാബാദ്∙ ഗുജറാത്തിലെ അഹമ്മദാബാദിൽ ആഢംബര ഫ്ലാറ്റിൽ ബിസിനസുകാരനെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തി. കുനാൽ ത്രിവേദി (45), ഭാര്യ കവിത (45), മകൾ ഷ്രീൻ (16) എന്നിവരാണു മരിച്ചത്. ‘ദുഷ്ടശക്തികളുെട സ്വാധീനത്താലാണ്’ ജീവനൊടുക്കുന്നതെന്നു ഫ്ലാറ്റിൽനിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: അഹമ്മദാബാദിലെ കൃഷ്ണനഗർ പ്രദേശത്തെ അവ്‍നി സ്കൈ ഫ്ലാറ്റിലാണു സംഭവം. കിടപ്പുമുറിയിൽ നിലത്തു കിടക്കുന്ന നിലയിലായിരുന്നു കവിതയുടെയും മകൾ ഷ്രീന്റെയും മൃതദേഹങ്ങൾ. കുനാൽ ത്രിവേദി തൂങ്ങിമരിച്ച നിലയിലായിരുന്നു. കുനാലിന്റെ അമ്മ ജയ്ശ്രീബെൻ (75) അബോധാവസ്ഥയിലായിരുന്നു. പലതവണ വിളിച്ചിട്ടും കുനാൽ ഫോൺ എടുക്കാത്തതിനെ തുടർന്നു ബന്ധുക്കളും പൊലീസും ചേർന്നുള്ള പരിശോധനയിലാണു മരണവിവരം അറിഞ്ഞത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയ്ശ്രീബെന്റെ നില ഗുരുതരമാണ്. ഭാര്യയെയും മകളെയും കൊന്നശേഷം കുനാൽ ആത്മഹത്യ ചെയ്തതാണോ അതോ കൂട്ട ആത്മഹത്യയാണോ നടന്നതെന്നാണു പരിശോധിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ കൂടുതൽ എന്തെങ്കിലും പറയാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എച്ച്.ബി. വഗേല വ്യക്തമാക്കി. കുനാലിന്റെ വീട്ടിൽനിന്നു ഹിന്ദിയിലെഴുത്തിയ മൂന്നുപേജ് ആത്മഹത്യാക്കുറിപ്പു കണ്ടെടുത്തു. ‘ദുഷ്ടശക്തി’കളാണ് ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്നാണു അമ്മയെ അഭിസംബോധന ചെയ്തുള്ള കത്തിൽ പറയുന്നത്.

‘എല്ലാവരും എന്നെ മദ്യപൻ എന്നുവിളിക്കുന്നു. മനസാന്നിധ്യത്തിനപ്പുറം നിലവിട്ട് ഇതുവരെ മദ്യപിച്ചിട്ടില്ല. എന്നാൽ, ദുഷ്ടശക്തികൾ എന്റെ ദൗർബല്യങ്ങളെ സ്വാധീനിക്കുകയായിരുന്നു. അമ്മേ, നിങ്ങളും എന്നെ മനസ്സിലാക്കിയില്ല. ഇങ്ങനെയൊരു ആരോപണം വന്ന ആദ്യനാളിൽ തന്നെ അമ്മ എന്നെ മനസ്സിലാക്കിയിരുന്നെങ്കിൽ ജീവിതം ഇന്നത്തെപ്പോലെ ആകുമായിരുന്നില്ല. ആത്മഹത്യയെന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ലായിരുന്നു. ഇതുവരെ ആലോചിച്ചിട്ടു പോലുമില്ലായിരുന്നു. ദുർമന്ത്രവാദത്തെപ്പറ്റി പലതവണ ഞാൻ പറഞ്ഞിരുന്നു. പക്ഷേ അമ്മ വിശ്വസിച്ചില്ല. ജിഗ്നേഷ്ഭായ്, നിങ്ങളുടെ ഉത്തരവാദിത്തമാണിത്. സിംഹം യാത്ര പറയുകയാണ്. അവസ്ഥകൾ എല്ലാവരും കണ്ടതാണ്. പക്ഷേ, ആരും ഒന്നും ചെയ്തില്ല..’– കത്തിൽ കുനാൽ കുറിച്ചു.

ആത്മഹത്യാക്കുറിപ്പിൽ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചോ കടങ്ങളെക്കുറിച്ചോ സൂചനയില്ല. നേരത്തേ സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ ജോലിക്കാരനായിരുന്ന കുനാൽ, അടുത്തിടെയാണു സ്വന്തമായി കോസ്മെറ്റിക് ഉൽപന്നങ്ങളുടെ ബിസിനസ്‍ ആരംഭിച്ചത്. മരണത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.