ആരോഗ്യത്തെ ബാധിക്കും: 328 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകള്‍ നിരോധിച്ചു

പ്രതീകാത്മക ചിത്രം

കോട്ടയം∙ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയ 328 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകളുടെ ഉൽപാദനവും വിൽപ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചു. രണ്ടോ മൂന്നോ രോഗങ്ങൾക്കുള്ള വ്യത്യസ്ത മരുന്നു മൂലകങ്ങൾ പ്രത്യേക അളവിൽ ചേർത്തു തയാറാക്കുന്ന ഔഷധമാണു ഫിക്സഡ് ഡോസ് കോമ്പിനേഷൻ.

നിരോധിക്കപ്പെട്ടവ മരുന്നു കൂട്ടുകൾ അശാസ്ത്രീയമായി ചേർത്ത് ഉൽപാദിപ്പിച്ചവയാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു നടപടി. ഇതിന്റെ ഫലമായി സംസ്ഥാനത്തു മാത്രം മൂവായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ഇനി വിപണിയിലുണ്ടാവില്ല. ശരാശരി 350 കോടിയിലേറെ രൂപയുടെ വിൽപനയാണു കേരളത്തിൽ നടന്നിരുന്നത്.

343 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ നിരോധിച്ച ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചു ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡും (ഡിടിഎബി) ആരോഗ്യമന്ത്രാലത്തിനു റിപ്പോർട്ടു നിൽകിയിരുന്നു. എന്നാൽ ചില കമ്പനികൾ സുപ്രീം കോടതിയെ സമീപിച്ചതോടെ 15 മരുന്നുകളെ പട്ടികയിൽ നിന്നൊഴിവാക്കിയിരുന്നു.