ന്യൂഡല്‍ഹി∙ രഞ്ജൻ ഗൊഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള തീരുമാനം രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഒക്ടോബർ മൂന്നിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. 2019 നവംബർ 17 വരെയാണ് ജസ്റ്റിസ് ഗൊഗോയിയുടെ കാലാവധി. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ രണ്ടിന് സ്ഥാനമൊഴിയും. ഈ മാസമാദ്യമാണ് ദീപക് മിശ്ര ജസ്റ്റിസ് ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസാക്കാൻ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തത്.
സാധാരണഗതിയിൽ, സീനിയോറിറ്റി അടിസ്ഥാനമാക്കിയാണു ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. എന്നാൽ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ കഴിഞ്ഞ ജനുവരിയിൽ പത്രസമ്മേളനം നടത്തിയ നാലു ജഡ്ജിമാരിൽ ജസ്റ്റിസ് ഗൊഗോയിയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജസ്റ്റിസ് ഗൊഗോയിയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്യാതിരിക്കുമോയെന്നു ജുഡീഷ്യറി വൃത്തങ്ങൾ ആശങ്കയുന്നയിച്ചിരുന്നു.
അസമിൽനിന്നുള്ള ഗൊഗോയ് 2001 ഫെബ്രുവരിയിലാണ് ഗുവാഹത്തി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2010 സെപ്റ്റംബറിൽ പഞ്ചാബ്–ഹരിയാന ൈഹക്കോടതിയിൽ ജഡ്ജിയായി. പിറ്റേവർഷം ഫെബ്രുവരിയിൽ അവിടെത്തന്നെ ചീഫ് ജസ്റ്റിസായി. 2012 ഏപ്രിലിലാണു സുപ്രീം കോടതിയിൽ നിയമിക്കപ്പെട്ടത്. ജസ്റ്റിസ് ഗൊഗോയിയുടെ പിതാവ് കേശബ് ചന്ദ്ര ഗൊഗോയ് 1982ൽ രണ്ടുമാസം അസമിൽ മുഖ്യമന്ത്രിയായിരുന്നു. മകൻ റക്തിം ഗൊഗോയ് അഭിഭാഷകനാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് രഞ്ജൻ ഗൊഗോയ്.