ഉന്നതന്മാരെ വെറുതെവിടില്ല, കുറ്റവാളികൾ ശിക്ഷിക്കപ്പെടും: പിന്തുണയുമായി ടി.വി.രാജേഷ്

ടി.വി.രാജേഷ്

തിരുവനന്തപുരം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനു ടി.വി. രാജേഷ് എംഎൽഎയുടെ പിന്തുണ. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതു മുതൽ സ്ത്രീ സംരക്ഷണത്തിനു വലിയ പ്രാധാന്യമാണു നൽകുന്നത്. ഒരു ഉന്നതനെയും സംരക്ഷിച്ചിട്ടില്ല. കൃത്യമായ തെളിവു കണ്ടെത്തിയിട്ടാകും ഉന്നതരെ നിയമത്തിന്റെ പിടിയിൽ കൊണ്ടുവരികയെന്നും രാജേഷ് എംഎൽഎ സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം:

പ്രമാദമായ കേസുകള്‍ കേരളം ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. അവയെല്ലാം മാസങ്ങളോളം ചര്‍ച്ച ചെയ്ത് ഒടുവില്‍ മാഞ്ഞുപോകുന്നതിനും കേരളം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ കേരളത്തിന്‍റെ അനുഭവം വ്യത്യസ്തമാണ്. നിയമവിദ്യാര്‍ഥിനിയുടെ കൊലപാതക കേസ് മുതല്‍ നടിയെ അക്രമിച്ച കേസ് വരെ കേരള സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ നിലപാടുകള്‍ ഒരു ഉന്നതനെയും സംരക്ഷിച്ചുകൊണ്ടുള്ളതല്ല എന്നു കേരളത്തിനു നന്നായി അറിയാം. അന്നും ഇന്നും സര്‍ക്കാര്‍ സ്ത്രീസംരക്ഷണത്തിനു വലിയ പ്രധാന്യം നല്‍കുന്നു.

ഒപ്പമുണ്ട് സര്‍ക്കാര്‍ എന്നു പറയുന്നതു വെറുതെയല്ലെന്നു രണ്ടര വര്‍ഷം കൊണ്ട് എല്ലാതലത്തിലും കേരളം കണ്ടതാണ്. എല്ലാ പഴുതുകളും അടച്ച്, ശക്തമായ തെളിവുകള്‍ ശേഖരിച്ചാണ് ഇതുവരെ കേസുകളില്‍ പൊലീസ് നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്. അതുകൊണ്ടാണ് 'ഉന്നതന്‍'മാര്‍ക്കൊന്നും നിയമത്തിനു മുന്നില്‍ രക്ഷയുടെ വാതില്‍ തുറക്കാത്തത്.

മതത്തെയും വിശ്വാസത്തെയും മറയാക്കി രക്ഷപ്പെടാമെന്ന് ഒരു കുറ്റവാളിയും വ്യാമോഹിക്കേണ്ടതില്ല. അത് ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അനുവദിക്കില്ല. കൃത്യമായ തെളിവു കണ്ടെത്തുക എന്നത് ഏതൊരു കേസിന്‍റെയും കെട്ടുറപ്പാണ്. കേസ് അന്വേഷണം എന്നതു വൈകാരികമായ ഒരു സമസ്യയല്ല. അതീവഗൗരവതരമായ പരാതിയാണ് ഉയര്‍ന്നുവന്നത്. അതിന്‍റെ നിജസ്ഥിതി കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

ഇത്തരം സംഭവങ്ങളില്‍ എത്ര ഉന്നതന്‍ ആയാലും ശിക്ഷിക്കപ്പെടും എന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചില സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുതന്നെ ഉറപ്പുപറയാനാകും. കുറ്റവാളികളോട് ഒരു ദാക്ഷിണ്യവും ഉണ്ടാകാന്‍ പോകുന്നില്ല. അത് ആരായാലും, എത്ര ഉന്നതനായാലും. കൃത്യവും ശക്തവുമായ അന്വേഷണത്തിലൂടെ പൊലീസ് ഈ കേസ് വിജയകരമായി പൂര്‍ത്തീകരിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ