തുലാവർഷം കുറഞ്ഞാൽ കുടിവെള്ളക്ഷാമം; വരുംദിവസങ്ങളിൽ ചൂട് കൂടും

പാലക്കാട് ∙ ഭൂഗർഭജലനിരപ്പ് ഉയര്‍ത്തുകയും മണ്ണിലെ ഈർപ്പം നിലനിർത്തുകയും ചെയ്യുന്ന ചാറ്റൽ മഴയ്ക്കുപകരം പകലും രാത്രിയിലും കാർമേഘം പേ‍ാലുമില്ലാത്ത ആകാശമാണ് ഇപ്പോഴുള്ളത്. ഈ സ്ഥിതി തുടരുകയും തുലാവർഷം പേരിനു മാത്രമാവുകയും ചെയ്താൽ ഡിസംബർ അവസാനത്തേ‍ാടെ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്നു കാലാവസ്ഥാ ശാസ്ത്രജ്ഞർ അറിയിച്ചു.

ഇതുവരെയുള്ള കണക്കുകൂട്ടലനുസരിച്ച് അടുത്തെ‍ാന്നും കാര്യമായ മഴയ്ക്കു സാധ്യതയില്ല. ഒറ്റപ്പെട്ടതും നേരിയതുമായ മഴയുണ്ടായേക്കാമെന്ന് കൊച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു. തുലാവർഷത്തെക്കുറിച്ചു കൃത്യമായ പ്രവചനം സാധ്യമല്ലാത്ത സ്ഥിതിയാണ്. ഒരാഴ്ചയ്ക്കുശേഷം തുലാമഴയുടെ ഗതി എതാണ്ടു ലഭിക്കും. കടലിൽ വെള്ളം വലിയുന്ന അവസ്ഥയുണ്ട് ഇപ്പേ‍‍‍ാൾ. പ്രളയത്തിലും മണ്ണിടിച്ചിലിലും മലകളിലും സമതലങ്ങളിലുമായി വൻതേ‍ാതിൽ പച്ചപ്പ് ഇല്ലാതായതു ചൂടിന്റെ രൂക്ഷത കൂടാൻ കാരണമായി.

സെപ്റ്റംബറിൽ പാലക്കാട് ഉഷ്ണം 35 ഡിഗ്രി സെൽഷ്യസ് വരെ എത്തി. സാധാരണ ഈ സമയത്തു മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റൽ മഴയും കണ്ടാണു ശീലം. നീലാകാശം തെളിയുക ഡിസംബർ അവസാനത്തേ‍ാടെയാണ്. പ്രളയദുരന്തത്തിനു ശേഷം കഴുകിത്തുടച്ചതുപോലെ തെളിഞ്ഞുകിടക്കുകയാണ് അന്തരീക്ഷം. സൂര്യനിലെ മാരകമായ അൾട്രാവയലറ്റ് രശ്മികൾ( യുവി) തടസ്സങ്ങളില്ലാതെ ഭൂമിയിൽ പതിച്ചു തുടങ്ങിയതു വരും ദിവസങ്ങളിൽ ചൂട് കഠിനമാക്കും.

ശക്തമായ മഴയുണ്ടായില്ലെങ്കിൽ ഭൂഗർഭജലത്തിലും കുറവുണ്ടാകും. വലിച്ചെടുക്കുന്നതുപേ‍ാലെയാണു പുഴയിലും കിണറിലും വെളളം താഴുന്നത്. അന്തരീക്ഷത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളുമായി പെ‍ാരുത്തപ്പെടാൻ കഴിയാത്ത സ്ഥിതിയിലാണു ജനം. ആരേ‍ാഗ്യപ്രശ്നങ്ങളും വർധിക്കുന്നു. പ്രളയം പരിസ്ഥിതിയിലുണ്ടാക്കിയ മാറ്റങ്ങളുടെ പ്രത്യാഘാതം വരും ദിവസങ്ങളിൽ കൂടുതൽ പ്രകടമാകുമെന്നാണു വിദഗ്ധർ നൽകുന്ന സൂചനകൾ.