ചണ്ഡീഗഡ്∙ റോത്തക്കിൽ നോൺ – കമ്മിഷൻഡ് ഓഫിസർമാരെ നിയമിക്കാൻ ഇന്ത്യൻ വ്യോമസേന നടത്തിയ ഓൺലൈൻ പരീക്ഷയിൽ ഹാക്കർമാരുടെ വിളയാട്ടം. സമാന്തര ശൃംഖല സ്ഥാപിച്ചാണ് ഉദ്യോഗാർഥികൾ ഉപയോഗിച്ച കംപ്യൂട്ടറുകളിലേക്ക് ഹാക്കർമാർ പ്രവേശനം നേടിയത്.
ഉദ്യോഗാർഥികൾ കംപ്യൂട്ടറുകൾക്കു മുന്നിൽ അനങ്ങാതെ ഇരുന്നപ്പോള്‍ വിദഗ്ധരുടെ സഹായത്തോടെ ഹാക്കർമാർ ഇവർക്കായി പരീക്ഷയിൽ പങ്കെടുക്കുകയായിരുന്നു. വ്യാഴാഴ്ചയുണ്ടായ സംഭവത്തെക്കുറിച്ച് വ്യോമസേന അധികൃതർ റോത്തക്ക് പൊലീസിനു പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷാകേന്ദ്രത്തിലെ മേൽനോട്ടച്ചുമതലയുള്ളയാൾ അടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു.
175 ഉദ്യോഗാർഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. ഇതിൽ ചുരുങ്ങിയത് അഞ്ചു പേരുടെ കംപ്യൂട്ടറുകള്‍ പുറമേ നിന്നു നിയന്ത്രിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സി–ഡാക്കിനായിരുന്നു നടത്തിപ്പു ചുമതല. ഇവർ ഇതു പുറമേയുളള മറ്റൊരു ഏജൻസിക്ക് കൈമാറുകയായിരുന്നു.
ഉദ്യോഗാർഥികളിൽ ചിലർ കീബോർഡ് സ്പർശിക്കാതെ ഇരിക്കുമ്പോഴും കൃത്യമായി ഉത്തരം രേഖപ്പെടുത്തുന്നതായി ഓൺലൈൻ സെന്ററിൽ വ്യോമസേനയുടെ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ സന്ദർശനത്തിൽ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പു പുറത്തായത്. പരീക്ഷാ കേന്ദ്രത്തിൽ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഒരു സിഎടി 6 ഫൈബർ കേബിൾ ബന്ധിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ കേബിൾ ഘടിപ്പിച്ച മുറിയിൽ ലാപ്ടോപുമായി അഞ്ചു പേർ ഇരുന്നു ചോദ്യങ്ങൾ മനസിലാക്കിയ ശേഷം ഒരു വിദഗ്ധന് അയച്ച ശേഷം ശരിയായ ഉത്തരങ്ങൾ നേടി അവ ഉദ്യോഗാർഥികൾക്കായി രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എത്ര ഉദ്യോഗാർഥികൾ തട്ടിപ്പിന്‍റെ ഗുണഭോക്താക്കളായിട്ടുണ്ടന്ന് വ്യക്തമായിട്ടില്ല. ഓരോ വ്യക്തിയിൽ നിന്നും 3.5 ലക്ഷം മുതൽ ആറുലക്ഷം രൂപവരെ ഈടാക്കിയിരുന്നതായാണ് പിടിയിലായവർ നൽകിയ മൊഴി. വിശ്വസിക്കാവുന്നവരിൽ നിന്നു മാത്രമാണ് ഇവര്‍ പണം വാങ്ങിയിരുന്നത്. ഗുർഗാവിൽ ഒരു കംപ്യൂട്ടർ സ്ഥാപനം നടത്തി വന്ന ആദിത്യയെന്നയാളാണ് സമാന്തര കംപ്യൂട്ടർ ശൃംഖല സ്ഥാപിച്ചതെന്ന് വെളിവായി. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.