Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതു സാഹചര്യവും േനരിടാൻ തയാർ: വ്യോമസേനാ മേധാവി; റഫാൽ, എസ് 400 സേനയ്ക്ക് കരുത്തു പകരും

AF personnel perform a drill with rifles പറക്കും കരുത്ത് : വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായി യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ സേനാംഗങ്ങളുടെ അഭ്യാസ പ്രകടനം. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ ഏത് അടിയന്തര സാഹചര്യവും നേരിടാൻ വ്യോമസേന സജ്ജമെന്ന് സേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ. 36 റഫാൽ വിമാനങ്ങളും എസ് 400 മിസൈൽ പ്രതിരോധ സംവിധാനവും സേനയുടെ കരുത്ത് വർധിപ്പിക്കുമെന്നും വ്യോമസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. 

റഫാൽ, എസ് 400 എന്നിവയ്ക്കുപുറമേ അപാഷെ, ചിനൂക് ഹെലികോപ്റ്ററുകളും സേനയ്ക്കു കരുത്ത് പകരും. ഫ്രാൻസുമായുള്ള റഫാൽ ഇടപാടിൽ രാഷ്ട്രീയ വിവാദം പുകയവെ, ഇതു രണ്ടാം തവണയാണു സേനാ മേധാവി വിമാനത്തിൽ വിശ്വാസമർപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലും ധനോവ റഫാലിനെ പിന്തുണച്ചിരുന്നു. 

പ്രളയകാലത്ത് 23 വിമാനങ്ങളും 25 ഹെലികോപ്റ്റുകളും കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തിയതായും അദ്ദേഹം പറഞ്ഞു.

യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന ഫ്ലൈ പാസ്റ്റിൽ സേനയുടെ മുൻകാല വിമാനമായ ഡകോട്ട, യുദ്ധവിമാനങ്ങളായ സുഖോയ് 30 എംകെഐ, മിഗ്, തേജസ്, ഹെലികോപ്റ്ററുകൾ എന്നിവ പങ്കെടുത്തു. 

കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ കൂടിയായ സച്ചിൻ തെൻഡുൽക്കർ എന്നിവർ പങ്കെടുത്തു.