ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന കരാറിൽ ഓഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുത്തതിൽ സർക്കാരിനോ വ്യോമസേനയ്ക്കോ പങ്കില്ലെന്നു വ്യോമസേന തലവൻ ബിരേന്ദർ സിങ് ധനോവ. റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷനാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നത്. 36 യുദ്ധവിമാനങ്ങൾ ഉചിതമായ രീതിയിൽ ഏറ്റെടുക്കുന്നതു സംബന്ധിച്ച തീരുമാനങ്ങൾക്കു മാത്രമാണു ഡാസോ വ്യോമസേനയെ സമീപിച്ചിട്ടുള്ളത്. റഫാൽ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാകും. വിവിധ രീതിയിൽ ഇന്ത്യയ്ക്ക് ഏറെ ഗുണകരമാണ് ഈ കരാർ. രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഒരു ഘട്ടം മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദും ഒപ്പിട്ട കരാറിനെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ പുകയുന്നതിനിടയിലാണു വ്യോമസേന തലവന്റെ പ്രതികരണം. അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഓഫ്സെ്റ്റ് പങ്കാളിയാക്കുന്നതിൽ ഫ്രാൻസിന്റെ ഭാഗത്തുനിന്നു യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്ന രീതിയിൽ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) കരാറിൽനിന്ന് ഇതുവരെയും പുറത്തായിട്ടില്ലെന്നു ബിരേന്ദർ സിങ് ധനോവ പറഞ്ഞു.
മൊത്ത ഉൽപാദന ലക്ഷ്യം കൈവരിക്കുന്ന കമ്പനിയാണ് എച്ച്എഎൽ. എന്നാൽ പദ്ധതി പൂർത്തീകരിച്ചു കൈമാറുന്നതിൽ അവർ എപ്പോഴും കാലതാമസം നേരിടുന്നതാണ് മുൻകാല അനുഭവം. സുഖോയ് 30, ജാഗ്വർ, മിറാഷ് 200 എന്നീ പദ്ധതികളിലെല്ലാം അതു നമ്മൾ കണ്ടതാണ് – ബിരേന്ദർ സിങ് ധനോവ പറഞ്ഞു.