Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുചിമുറികൾ നിർമിച്ചാൽ ശുചിത്വ ഭാരതമാകില്ല; അതു ശീലമാക്കണം: പ്രധാനമന്ത്രി

Narendra Modi പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി∙ ശുചിമുറികള്‍ നിര്‍മിച്ചതു കൊണ്ടുമാത്രം ശുചിത്വ ഭാരതമാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുചിത്വം ശീലമാക്കണം. കേന്ദ്രസര്‍ക്കാരിന്‍റെ ശുചീകരണ പരിപാടിയായ സ്വച്ഛതാ ഹി സേവയ്ക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനവും ലക്ഷ്യം കണ്ടതായി നരേന്ദ്ര മോദി അവകാശപ്പെട്ടു.

സ്വച്ഛതാ ഹി സേവ ശുചിത്വം തന്നെയാണു സേവനം. രാഷ്ട്രപതാവ് മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണു കേന്ദ്രസര്‍ക്കാര്‍ ശുചീകരണ പരിപാടിക്ക് തുടക്കമിട്ടിട്ടുള്ളത്. മോദി സര്‍ക്കാരിന്‍റെ സുപ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്‍റെ നാലാം വാര്‍ഷികം കൂടി ഇതിന്‍റെ ഭാഗമാണ്. ജനങ്ങളുടെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ സാധിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 

സ്ത്രീകള്‍ വലിയ തോതില്‍ പദ്ധതിയുടെ ഭാഗമായി. നാലു വര്‍ഷം കൊണ്ട് ഒന്‍പത് കോടി ശുചിമുറികള്‍ പണിതു. നാലര ലക്ഷം ഗ്രാമങ്ങളെ വെളിയിട വിസര്‍ജന വിമുക്തമാക്കാന്‍ കഴിഞ്ഞു. ശുചിത്വമുള്ള ഇന്ത്യയെന്ന ബാപ്പുവിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനകീയ മുന്നേറ്റമാണിതെന്നും മോദി പറഞ്ഞു.

അമിതാഭ് ബച്ചന്‍, രത്തന്‍ ടാറ്റ, മാതാ അമൃതാനന്ദമയി തുടങ്ങിയ പ്രമുഖരുമായി മോദി ആശയവിനിമയം നടത്തി. കേന്ദ്രമന്ത്രിമാര്‍ക്കും ബിജെപി നേതാക്കള്‍ക്കുമൊപ്പം വിവിധ മേഖലകളിലുള്ള പ്രമുഖരും സ്വച്ഛതാ ഹി സേവയുടെ ഭാഗമാകും. ഒക്ടോബര്‍ രണ്ടുവരെ ശുചീകരണ പരിപാടി നീണ്ടുനില്‍ക്കും. 

related stories