ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറിലെ സീറ്റ് പങ്കുവയ്ക്കലിൽ നീതിപൂർവമായ തീരുമാനത്തിലെത്തിയതായി മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. ഇക്കാര്യം കുറച്ചുദിവസത്തിനകം തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് പങ്കുവയ്ക്കലിന്റെ കാര്യത്തിൽ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസം പാർട്ടി നേരത്തേ പരസ്യമാക്കിയിരുന്നു.
ബിഹാറിലെ 40 സീറ്റുകളില്‍ 20 എണ്ണത്തിലും മത്സരിക്കാനായിരുന്നു ബിജെപി ആദ്യം തീരുമാനിച്ചത്. ബാക്കി സീറ്റുകൾ ഘടകകക്ഷികൾക്കു വിട്ടുകൊടുക്കാനും ആലോചിച്ചു. ജെഡിയു– 12, റാം വിലാസ് പാസ്വാൻ, ഉപേന്ദ്ര കുശ്വാഹ എന്നിവർക്കു രണ്ടു വീതം സീറ്റുകളുമാണു നൽകാൻ തീരുമാനിച്ചത്. ഇക്കാര്യം സ്വീകാര്യമല്ലെന്നു ബിജെപിക്കു തന്നെ അറിയാമെന്നായിരുന്നു ജെഡിയു നേതാക്കൾ പ്രതികരിച്ചത്.
2014ലെ പൊതു തിരഞ്ഞെടുപ്പിൽ ബിഹാറിൽ എൻഡിഎ 31 സീറ്റുകളിലാണു വിജയിച്ചത്. ബിജെപി 22 സീറ്റുകളിലും ജെഡിയു രണ്ടിടത്തും വിജയിച്ചു. 2015ൽ കോൺഗ്രസിനും ആർജെഡിക്കുമൊപ്പം നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച ജെഡിയു പിന്നീടു സഖ്യം ഉപേക്ഷിച്ചു. ബിജെപിയുമായി അടുത്ത നിതീഷ് പുതിയ സർക്കാരിനു ബിഹാറിൽ രൂപം നൽകുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയേക്കാൾ സീറ്റുകൾ വേണമെന്നായിരുന്നു ജെഡിയുവിന്റെ നിലപാട്. വേണമെങ്കിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും നിതീഷ് പറഞ്ഞിരുന്നു.