കോട്ടയം ∙ അഞ്ഞൂറോളം സിനിമകളിലും പത്തോളം സീരിയലുകളിലും വേഷമിട്ട രാജു, താൻ ചെയ്ത വേഷങ്ങളിലെല്ലാം ‘ക്യാപ്റ്റൻ ടച്ച്’ സൂക്ഷിച്ചു. പരുക്കൻ കഥാപാത്രങ്ങളേയും ക്രൂരവില്ലൻമാരേയും അവതരിപ്പിക്കാൻ തന്റെ ഘനഗംഭീരമായ ശബ്ദവും ആകാരഗരിമയും ക്യാപ്റ്റൻ രാജുവിനെ നല്ലവണ്ണം സഹായിച്ചിരുന്നു. പ്രമുഖ സംവിധായകര്‍ അണിയിച്ചൊരുക്കിയ വമ്പന്‍ ഹിറ്റുകളില്‍ അവിഭാജ്യ ഘടകമായിരുന്നു രാജു.
താൻ ചെയ്ത നെഗറ്റീവ് റോളുകൾ കാരണം ഒരു കലാകാരനെന്ന നിലയിൽ സമൂഹത്തിൽ തനിക്ക് അകൽച്ച നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. വ്യക്തിപരമായും അദ്ദേഹം വില്ലൻ റോളുകളിൽ അസ്വസ്ഥനായിരുന്നു. സിനിമയിൽ കൊലപാതകം പോലുള്ള രംഗങ്ങളിൽ അഭിയിക്കുമ്പോൾ അദ്ദേഹം മനസ്സുകൊണ്ടു കരഞ്ഞിരുന്നു. അമ്മ മരിച്ച ഘട്ടത്തിലാണ് ഇനി നെഗറ്റീവ് റോൾ വേണ്ടെന്ന തീരുമാനത്തിൽ താനെത്തിയതെന്നു ക്യാപ്റ്റൻ രാജു ഒരിക്കൽ പറഞ്ഞു.
മകന്റെ വില്ലൻ വേഷങ്ങൾ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ജീവിതത്തിലും സിനിമയിലും ആ തീരുമാനം വഴിത്തിരിവായി. ക്യാരക്ടർ റോളുകളിലും രാജു തിളങ്ങി. പിൽക്കാലത്ത് ടിവി സീരിയലുകളിലൂടെ അദ്ദേഹം കുടുംബസദസ്സുകളുടെ പ്രിയങ്കരനായി.
കരസേനയിൽനിന്നു കലാലോകത്തേക്ക്
പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂരിലാണു രാജുവിന്റെ ജനനം. പിതാവ് ഡാനിയൽ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. അമ്മ അന്നമ്മ അധ്യാപികയും. ആറു സഹോദരങ്ങളായിരുന്നു രാജുവിന്. ബിരുദംനേടിയ ശേഷം 21–ാം വയസ്സില്‍ സെക്കൻഡ് ലഫ്റ്റനന്റായി കരസേനയിൽ ചേർന്നു. ക്യാപ്‌റ്റനായി സേവനമനുഷ്‌ഠിക്കവേ പിരിഞ്ഞു. ബോംബെ നാടകവേദിയിലേയ്ക്കാണു രാജു ആദ്യം കടന്നുവന്നത്.
1981-ല്‍ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെയാണു ക്യാപ്റ്റന്‍ രാജു സിനിമാ ജീവിതത്തിനു തുടക്കമിട്ടത്. തുടര്‍ന്നു നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍. 1983-ല്‍ നടന്‍ മധു നിര്‍മിച്ച് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത രതിലയം എന്ന ചിത്രത്തില്‍ നായകതുല്യമായ വേഷത്തിൽ. തടാകം, മോര്‍ച്ചറി, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലുടെയാണു ക്യാപ്റ്റന്‍ രാജു മുന്‍നിരയിലേയ്ക്ക് ഉയര്‍ന്നുവന്നത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളില്‍ 500 ലധികം സിനിമകളില്‍ രാജു അഭിനയിച്ചു. പത്തോളം സീരിയലുകളിലും വേഷമിട്ടു. 1997 ല്‍ ‘ഇതാ ഒരു സ്‌നേഹഗാഥ’ എന്ന സിനിമ സംവിധാനം ചെയ്തു. 2012-ല്‍ തന്റെ പ്രിയ കഥാപാത്രമായ പവനായിയുടെ രണ്ടാം വരവായി ‘മിസ്റ്റര്‍ പവനായി 99.99’ എന്ന ചിത്രത്തിന്റെ സംവിധാന ജോലികള്‍ ആരംഭിച്ചിരുന്നു.
1999-ല്‍ ഇസ്മയില്‍ മെര്‍ച്ചന്റ് സംവിധാനം ചെയ്ത കോട്ടണ്‍ മേരി എന്ന ഇംഗ്ലിഷ് ചിത്രത്തില്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലെത്തി. 2011-ല്‍ പ്രിയദര്‍ശന്‍ ചിത്രമായ കഷ്മകഷിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഇടക്കാലത്തു വില്ലന്‍ വേഷങ്ങളില്‍നിന്നു മോചിതനായ ക്യാപ്റ്റന്‍ ഹാസ്യകഥാപാത്രങ്ങളും വഴങ്ങുമെന്നു തെളിയിച്ചു.
1987-ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റില്‍ മലപ്പുറം കത്തിമുതല്‍ സര്‍വവിധ സന്നാഹങ്ങളുമായി പ്രത്യക്ഷപ്പെട്ട പവനായി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. 1989-ല്‍ എംടി രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയില്‍ അവിസ്മരണീയമാക്കിയ അരിങ്ങോടരുടെ വേഷം ക്യാപ്റ്റന്‍ രാജുവിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി. 20 വര്‍ഷത്തിനിപ്പുറം ഇതേ ടീം പഴശ്ശിരാജ അണിയിച്ചൊരുക്കിയപ്പോഴും ഉണ്ണിമൂത്ത എന്ന കഥാപാത്രം ക്യാപ്റ്റന്‍ രാജുവിന്റെ കൈകളില്‍ ഭദ്രമായിരുന്നു.