Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റൻ രാജു അന്തരിച്ചു

CAPTAIN RAJU ക്യാപ്റ്റൻ രാജു

കൊച്ചി∙ പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Read Story in English

1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിെഎഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയവേഷമിട്ടു. 2017 ൽ പുറത്തിറങ്ങിയ ‘മാസ്റ്റർപീസ്’ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. ‘ഇതാ ഒരു സ്നേഹ ഗാഥ’, ‘മിസ്റ്റർ പവനായി 99.99’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകൻ.

1950 ജൂണ്‍ 27-ന് കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. ഓമല്ലൂര്‍ യുപി സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു, 21–ാം വയസ്സില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു.

പട്ടാളത്തില്‍നിന്നു വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ 'ലക്ഷ്മി സ്റ്റാര്‍ച്ച്' എന്ന കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നതിനിടെ പ്രതിഭാ തിയറ്റേഴ്‌സ് ഉള്‍പ്പെടെ മുംബൈയിലെ അമച്വര്‍ നാടക ട്രൂപ്പുകളില്‍ ക്യാപ്റ്റന്‍ രാജു സഹകരിച്ചിരുന്നു. പിന്നീടാണു ചലച്ചിത്രരംഗത്തേക്കു കടന്നത്.

ഇക്കഴിഞ്ഞ ജൂലൈയിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ഒമാനിൽ ചികിത്സയിലായിരുന്നു. പിന്നീടു കൊച്ചിയിലെത്തിച്ചു. ഭാര്യയും മകനുമൊത്തു കൊച്ചിയിൽനിന്നു ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്കാഘാതം ഉണ്ടായതിനെത്തുടർന്നു മസ്കത്തിൽ അടിയന്തരമായി വിമാനമിറക്കിയാണു ക്യാപ്റ്റൻ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രി അനുശോചിച്ചു

ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വില്ലൻ വേഷങ്ങൾക്കു പുതുമാനം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങി. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്രലോകത്തിനു വലിയ നഷ്ടമാണെന്നു മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.