തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസിയിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ ധാരണ. കേരളത്തിനകത്തെ 18 കൗണ്ടറുകളും പുറത്തുള്ള അഞ്ചു കൗണ്ടറുകളുമാണു കുടുംബശ്രീക്കു നല്‍കുന്നത്. ടിക്കറ്റുകളും കൂപ്പണുകളും യാത്രക്കാര്‍ക്കു വിതരണം ചെയ്യുകയാണു പ്രധാന ചുമതല. കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിലൂടെ ക്യാഷ് കൗണ്ടറിലും മറ്റും ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നു തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. 320 പേരാണ് എംപാനലായി ജോലി ചെയ്യുന്നത്.
ടിക്കറ്റിന് 3.9%, കൂപ്പണിന് 4% എന്നിങ്ങനെയാണു കുടുംബശ്രീയുടെ കമ്മിഷന്‍ നിരക്ക്. കൗണ്ടറിനുള്ള സ്ഥലം കെഎസ്ആര്‍ടിസി നല്‍കും. വൈദ്യുതി ചാര്‍ജും അടയ്ക്കും. ഫര്‍ണിച്ചര്‍, കംപ്യൂട്ടര്‍, പ്രിന്റര്‍, നെറ്റ്‌വര്‍ക് കണക്‌ഷന്‍ എന്നിവ കുടുംബശ്രീ തയാറാക്കണം. ഒന്‍പതു ഡിപ്പോകളില്‍ രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയും, 11 ഡിപ്പോകളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെയും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. മൂന്നു സ്ഥലങ്ങളില്‍ 24 മണിക്കൂറും കൗണ്ടറുകളുണ്ടാകും.