കോയമ്പത്തൂർ ∙ കന്നട സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പൻ സംഘാംഗങ്ങളായ ഒന്‍പത് പ്രതികളെ കോടതി വെറുതെവിട്ടു. രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ കേസിൽ 18 വർഷത്തിനു ശേഷമാണ് വിധി വന്നത്. ഈറോഡ് ഗോപിചെട്ടിപ്പാളയം അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് കെ. മണിയാണ് വിധി പ്രസ്താവിച്ചത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് എല്ലാവരെയും വെറുതെവിട്ടത്.
2000 ജൂലൈ 30നാണു താളവാടി ദൊഡ്ഡ ഗജനൂരിലെ വീട്ടിൽ നിന്നു രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടു പോയത്. 108 ദിവസം കാട്ടിൽ തടവിൽ പാർപ്പിച്ച ശേഷം 2000 നവംബർ 15നു വിട്ടയച്ചു. സംഭവത്തിൽ വീരപ്പനും 11 കൂട്ടാളികൾക്കുമെതിരെ താളവാടി പൊലീസ് കേസെടുത്തിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു. വീരപ്പൻ 2004 ഒക്ടോബർ നാലിനു ധർമപുരിക്കടുത്തു പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രാജ്കുമാർ 2006ൽ അന്തരിച്ചു.
അഡീഷനൽ ജില്ലാ കോടതി ജഡ്ജി കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. പ്രതികളിൽ സേത്തുക്കുഴി ഗോവിന്ദൻ, രങ്കസ്വാമി എന്നിവർ കേസ് വിചാരണയ്ക്കിടെ മരിച്ചു. പ്രതികളായ ഗോവിന്ദരാജ്, അന്തിൽ, പശുവണ്ണ, കുപ്പുസ്വാമി, കൽമാടി രാമൻ എന്നിവർ പിന്നീട് കോടതിയിൽ ഹാജരായി. തുടർന്നാണു വിധിപ്രസ്താവം 25ലേക്കു മാറ്റിയതായി ജഡ്ജി കെ.മണി അറിയിച്ചത്.