കൊച്ചി∙ മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ എം.അഭിമന്യുവിനെ വധിച്ചതു ക്യാംപസ് ഫ്രണ്ടിനു കലാലയങ്ങളിൽ സാന്നിധ്യം അറിയിക്കുന്നതിനും ആധിപത്യം ഉറപ്പിക്കാനുമെന്നു കുറ്റപത്രം. ക്യാംപസുകളിലെ മറ്റു സംഘടനകളിൽ നിന്നുള്ള പ്രതിരോധം ഇല്ലാതാക്കിയാൽ പ്രവർത്തനം സുഗമമാകുമെന്നും അക്രമങ്ങളിലൂടെ ആധിപത്യം സ്വന്തമാക്കാമെന്നുമുള്ള ഗൂഡാലോചന നടത്തിയതായും പൊലീസ് പറയുന്നു. എസ്ഡിപിഐ, പിഎഫ്ഐ എന്നിവയുടെ വിദ്യാർഥി വിഭാഗമാണു ക്യാംപസ് ഫ്രണ്ടെന്നും കുറ്റപത്രത്തിലുണ്ട്.
ക്യാംപസിലെ പ്രധാന വിദ്യാർഥി സംഘടനകളിൽ ഒന്നായ എസ്എഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ച് ആക്രമിക്കാനായിരുന്നു പദ്ധതി. എസ്എഫ്ഐ പ്രവർത്തകർ ചുവരെഴുതുന്നതിനായി മുൻകൂട്ടി അടയാളപ്പെടുത്തിയ സ്ഥലത്തു ക്യാംപസ് ഫ്രണ്ട് ചുവരെഴുതി. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കം രമ്യമായി പരിഹരിക്കുകയും മുൻകൂട്ടി അടയാളപ്പെടുത്തിയിട്ടില്ലാത്ത സ്ഥലങ്ങൾ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർക്കായി വിട്ടുനൽകുകയും ചെയ്തു.
ചുവരെഴുത്തു മായിച്ചു എസ്എഫ്ഐക്കു വേണ്ടി എഴുതിക്കൊണ്ടിരുന്ന അഭിമന്യുവിനെ മുൻതീരുമാന പ്രകാരം പ്രതികൾ വകവരുത്തുകയായിരുന്നു. ഇതിനായി പുറത്തുനിന്നുള്ളരെ വിളിച്ചുവരുത്തി. ഗൂഡാലോചനയുടെ ഭാഗമായി ഒന്നാം പ്രതി മുഹമ്മദ്, അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ഒൻപതാം പ്രതി പിടിച്ചു വയ്ക്കുകയും പത്താം പ്രതി കത്തികൊണ്ടു നെഞ്ചിൽ കുത്തുകയും ചെയ്തു. രണ്ടാം സാക്ഷിക്കും മൂന്നാം സാക്ഷിക്കും ഗുരുതരമായി കുത്തേറ്റു. ഇടിക്കട്ട ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചു. സ്ഥലത്തെത്തിയ മറ്റു വിദ്യാർഥികളെ ആയുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി.
ഒന്നുമുതൽ 16 വരെ ഉള്ള പ്രതികൾ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. രക്തം പുരണ്ട വസ്ത്രങ്ങളും ഫോണുകളും ഇല്ലാതാക്കി തെളിവുകൾ നശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അഭിമന്യു സ്ഥലത്തുതന്നെ മരിച്ചു. രണ്ടാം പ്രതിക്കു തക്കസമയത്തു ചികിത്സ ലഭിച്ചതിനാൽ രക്ഷപ്പെട്ടു. പ്രതികൾ ശിക്ഷാർഹമായ കുറ്റം ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നു.