Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി സമാധാന നൊബേലിന് അർഹൻ: ശുപാർശയുമായി തമിഴ്നാട് ബിജെപി

Narendra Modi പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാന നൊബേൽ പുരസ്കാരത്തിനു നാമനിർദേശം ചെയ്യുന്നതായി ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സുന്ദരരാജൻ. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ മോദിക്കു സമാധാന നൊബേൽ അർഹതപ്പെട്ടതാണെന്നാണ് ബിജെപി അധ്യക്ഷയുടെ വാദം. തമിഴിസൈയുടെ ഭർത്താവും സ്വകാര്യ സർവകലാശാല പ്രഫസറുമായ പി. സുന്ദരരാജനും മോദിയെ നൊബേലിനു നിർദേശിച്ചതായും ബിജെപി അധ്യക്ഷയുടെ ഓഫിസ് അറിയിച്ചു.

ദീർഘവീക്ഷണത്തോടെയുള്ളതാണു പ്രധാനമന്ത്രിയുടെ പദ്ധതി പ്രഖ്യാപനം. ദശലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതം തന്നെ പദ്ധതിയിലൂടെ മാറ്റാൻ കഴിയും. 2019ലെ അവാർഡിനു നിർദേശിക്കാനുള്ള അവസാന തീയതി അടുത്ത വർഷം ജനുവരി 31 ആണ്. നടപടികൾ എല്ലാ വർഷവും സെപ്റ്റംബറിൽ തുടങ്ങും. സർവകലാശാല അധ്യാപകർ, എംപിമാർ എന്നിവർക്കും പ്രധാനമന്ത്രിയെ നൊബേലിനായി നിർദേശിക്കാമെന്നും ബിജെപി അധ്യക്ഷ വാർത്താക്കുറിപ്പിൽ അറിയിച്ചു.

50 കോടി ഇന്ത്യക്കാരുടെ ആരോഗ്യസുരക്ഷയെന്ന ലക്ഷ്യവുമായാണു കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതിക്കു തുടക്കമിട്ടത്. ലോകത്തെ മറ്റൊരു രാജ്യത്തിലും സർക്കാർ നേതൃത്വത്തിൽ ഇത്രവലിയ പദ്ധതിയില്ലെന്നും കാനഡ, മെക്സിക്കോ, യുഎസ് എന്നീ രാഷ്ട്രങ്ങളുടെ മൊത്തം ജനസംഖ്യയുടെ അത്രയും ജനങ്ങളെ പദ്ധതി ഉൾക്കൊള്ളുന്നതായും മോദി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 60 ശതമാനം ചെലവ് കേന്ദ്രസർക്കാരും ബാക്കി സംസ്ഥാനങ്ങളുമാണു വഹിക്കേണ്ടത്. 

എന്നാൽ കേരളം, ഒഡിഷ, ഡൽഹി, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങൾ പദ്ധതിയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണ്. പദ്ധതി വലിയ തട്ടിപ്പാണെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്രയും വമ്പൻ പദ്ധതിക്ക് എവിടെനിന്നാണു പണം കണ്ടെത്തുകയെന്നായിരുന്നു ഐസക്കിന്റെ ചോദ്യം. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി 1,354 ആരോഗ്യ പാക്കേജുകളാണുള്ളത്.

related stories