കണ്ണൂർ ∙ ഒരു രാജ്യത്തെ പൊലീസ് കടൽ കടന്ന് മറ്റൊരു രാജ്യത്തെത്തുക അപൂർവം. അന്വേഷണങ്ങളുടെ ഭാഗമായാകും, എണ്ണത്തിൽ കുറവെങ്കിലും മിക്കപ്പോഴും അത്തരം സന്ദർശനങ്ങൾ. എന്നാൽ കൂത്തുപറമ്പിൽനിന്ന് ഏകദേശം എട്ടുകിലോമീറ്റർ അകലെയുള്ള വലിയവെളിച്ചത്തേക്ക് ഇസ്രയേൽ പൊലീസ് എത്തുക പതിവാണ്. ദിവസങ്ങളോളം ഇവിടെ കഴിഞ്ഞ ശേഷമാകും പലപ്പോഴും ഇവരുടെ മടക്കം. ഇതിനു പിന്നിലുളളതാകട്ടെ നൂലിഴപൊട്ടാത്ത ഒരു അപൂർവബന്ധവും.
വലിയവെളിച്ചത്തെ വ്യവസായ പാർക്കിൽ സ്ഥിതി ചെയ്യുന്ന മരിയം അപ്പാരൽ എന്ന സ്ഥാപനമാണ് ഇസ്രയേലിനെയും കണ്ണൂരിനെയും തുന്നിച്ചേർക്കുന്ന കണ്ണി. ഇസ്രയേൽ പൊലീസിന്‍റെ യൂണിഫോം കഴിഞ്ഞ മൂന്നു വർഷമായി ഒരുങ്ങുന്നത് ഇവിടെനിന്നാണ്. പാന്‍റും ഷർട്ടും കടൽ കടന്ന് ഇസ്രയേൽ പൊലീസിനെ തേടിയെത്തിയിരുന്നത് ഈ സ്ഥാപനത്തിൽ നിന്നായിരുന്നെങ്കിലും, ആകാശ നീല നിറത്തിലുള്ള ഷർട്ട് മാത്രമാണ് ഒരു വർഷമായി ഇവിടെ ഒരുക്കുന്നത്. ഒരു ചൈനീസ് ഫാക്ടറി റാഞ്ചിയെടുത്ത പാന്‍റ്സ് ഉൽപാദനം അടുത്ത വർഷത്തോടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണെന്ന് ഫാക്ടറിയിലെ അക്കൗണ്ട്സ് മാനേജർ സിജിൻ കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു.
അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത തുണികൊണ്ടാണ് ഇസ്രയേൽ പൊലീസിനു ഷർട്ട് ഒരുക്കുന്നത്. പ്രതിവര്‍ഷം 50,000 ഷർട്ടുകളാണ് ഇസ്രയേലിലേക്ക് ഇവിടെനിന്നു കയറ്റി അയക്കുന്നത്. പൊലീസ് യൂണിഫോമിൽ മാത്രം ഒതുങ്ങുന്നില്ല സ്ഥാപനത്തിന്‍റെ ഇസ്രയേൽ ബന്ധം. ഇസ്രയേൽ ജയിൽ വാർഡൻമാരുടെ യൂണിഫോം തുന്നുന്നതും ഇവിടെയാണ്. മുംബൈയിലെ സ്വന്തം ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന തുണിയാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രതിവർഷം 30,000 ഓർഡറുകളാണ് ലഭിക്കുന്നതെന്ന് ഫാക്ടറി മാനേജർ ടി.വി. സനീഷ് പറഞ്ഞു.
യൂണിഫോമുകള്‍ക്ക് കോട്ടൺ ഉപയോഗിക്കുന്ന പ്രവണത ലോക വ്യാപകമായി കുറഞ്ഞു വരുന്നതായാണ് കാണുന്നത്. പോളിസ്റ്ററിന്‍റെയും വകഭേദങ്ങളുടെയും സമ്മിശ്രമായ തുണികൾക്കാണ് കൂടുതൽ ഡിമാൻഡ്. ഇവിടെത്തന്നെ തയാറാക്കുന്ന, കുവൈത്തിലെ അഗ്നിശമന സേനയുടെ യൂണിഫോമിന് ഉപയോഗിക്കുന്നത് പോളിസ്റ്ററും കമ്പിളിയും കലർന്ന പോളി– വൂൾ എന്ന തുണിയാണ്. ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പുവരുത്തിയാണ് ഇസ്രയേൽ പൊലീസിന്‍റെ യൂണിഫോം ഒരുങ്ങുന്നത്.
പരിശോധനകൾക്കായി ഇസ്രയേലിൽ നിന്നുള്ള സംഘം മാസത്തിലൊരിക്കൽ ഫാക്ടറിയിലെത്താറുണ്ട്. ഒരാഴ്ചയോളം തങ്ങി നിർദേശങ്ങൾ നൽകിയാണ് മടക്കം. ഗുണനിലവാര പരിശോധനക്കായി ഇസ്രയേൽ പൊലീസ് നിയോഗിച്ചിട്ടുള്ള സബ് കോൺട്രാക്റ്റർമാരുടെ സ്ഥിര സാന്നിധ്യവുമുണ്ടാകും. ഷർട്ടിൽ പൊലീസിന്‍റെ ഔദ്യോഗിക മുദ്രയും ഇവിടെ നിന്നു തന്നെയാണ് തുന്നിച്ചേർക്കാറുള്ളത്. സൂപ്പർവൈസർമാരുടെ കർശന പരിശോധനകളിലൂടെയാണ് ഷർട്ട് നിർമാണത്തിലെ ഓരോ ഘട്ടവുമെന്ന് സനീഷും സിജിനും വ്യക്തമാക്കി.
കുവൈത്തിലെ അഗ്നിശമന സേനയ്ക്ക് 50,000 യൂണിഫോം അടങ്ങുന്ന ഒരു കണ്ടെയ്നർ മൂന്നാഴ്ച മുമ്പാണ് കയറ്റിയയച്ചത്. കുവൈത്തിലെ നാഷനൽ ഗാർഡിന്‍റെയും ഫിലിപ്പീൻസ് സൈന്യത്തിന്‍റെയും യൂണിഫോം ഉൽപാദനം അധികം വൈകാതെ ആരംഭിക്കും. സ്കൂൾ യൂണിഫോമുകൾ, ആശുപത്രികളിലേക്ക് ഡോക്ടർമാരുടെ കോട്ടുകൾ, രോഗികൾക്കുള്ള ഗൗൺ എന്നിവയാണ് മരിയം അപ്പാരൽസ് ശ്രദ്ധ ഊന്നുന്ന മറ്റു മേഖലകൾ. കടൽകടന്ന് ഗൾഫ് രാജ്യങ്ങളിലേക്കും കെനിയ, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കും ഇവിടെ തുന്നുന്ന യൂണിഫോം ഏതാനും വർഷങ്ങളായി എത്താറുണ്ട്. റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള നിരവധി ആശുപത്രികള്‍ യൂണിഫോമിനായി പതിവായി ആശ്രയിക്കാറുള്ളത് മരിയം അപ്പാരൽസിനെയാണ്.
തൊടുപുഴ സ്വദേശിയായ തോമസ് ഓലിക്കലാണ് മരിയൻ അപ്പാരൽസിന്‍റെ എംഡി. 2006ൽ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം 2008 ലാണ് കണ്ണൂരിലേക്കു മാറ്റിയത്. ദിനേശ് ബീഡി പ്രതിസന്ധി അഭിമുഖീകരിച്ച ആ കാലത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശമാണ് സ്ഥാപനം കണ്ണൂരിൽ വേരോടിച്ചത്. തീർത്തും പുതിയ മേഖലകളിൽ തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനം നൽകി അവരെ സജ്ജരാക്കുകയായിരുന്നു. ആയിരത്തോളം പേർക്കു തൊഴിൽ നൽകാൻ അന്നു കഴിഞ്ഞതായി സിജിൻ പറഞ്ഞു.
850 ജീവനക്കാരാണ് നിലവിൽ സ്ഥാപനത്തിലുള്ളത്. ഇവരിൽ 90 ശതമാനവും സ്ത്രീകളാണ്. രണ്ടായിരം പേർക്ക് ഒരേസമയം ജോലി ചെയ്യാനുള്ള സൗകര്യം നിലവിൽ ഈ യൂണിറ്റിലുണ്ട്. തുന്നലിൽ വിദഗ്ധ പരിശീലനം ലഭിച്ച ശേഷം തൊഴിലാളികൾ പിന്നീട് വിട്ടു പോകുന്നതും പകരം വിദഗ്ധ തൊഴിലാളികളെ ലഭിക്കാത്തതുമാണ് സ്ഥാപനം നേരിടുന്ന ഒരു പ്രതിസന്ധിയെന്ന് സിജിൻ ചൂണ്ടിക്കാട്ടി. പത്തു വർഷത്തെ പ്രവർത്തനത്തിനിടെ ഒരിക്കൽ പോലും സമരത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കൈത്തറിയിലൂടെ കണ്ണൂരിനുണ്ടായിരുന്ന വസ്ത്രബന്ധം കയറ്റുമതി ചെയ്യുന്ന യൂണിഫോമുകളുടെ രൂപത്തിൽ തുടരുകയാണ്.