തച്ചങ്കരിയെ തെറിപ്പിക്കാൻ സി‌ഐടിയു സമ്മർദം; പിന്തുണച്ച് സിപിഎമ്മും

ടോമിൻ ജെ. തച്ചങ്കരി

തിരുവനന്തപുരം∙ ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നു നീക്കണമെന്ന സി‌ഐടിയു നിലപാടിനെ പിന്തുണച്ച് സിപിഎം. വെള്ളിയാഴ്ച കൂടുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫിൽ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ എഐടിയുസിയും തീരുമാനിച്ചിട്ടുണ്ട്. തച്ചങ്കരിയുടെ നയങ്ങളെ അംഗീകരിക്കില്ല. അംഗീകരിക്കേണ്ടിവന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ഇനി സിഐടിയു യൂണിയന്‍ ഉണ്ടാകില്ലായെന്നാണ് നേതാക്കള്‍ സിപിഎമ്മിനു നല്‍കിയ മുന്നറിയിപ്പ്.

സര്‍ക്കാര്‍ നയം നടപ്പാക്കുന്നുവെന്നു പറയുന്ന തച്ചങ്കരി ഒരേസമയം ജീവനക്കാരേയും യാത്രക്കാരെയും പെരുവഴിയിലാക്കിയെന്നാണ് സിഐടിയുവിന്റെ ആക്ഷേപം. സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതും സര്‍വീസ് വെട്ടിക്കുറച്ചതുമാണ് യൂണിയനുകളെ പ്രകോപിപ്പിക്കുന്നത്. റിസര്‍വേഷന്‍ സെന്ററുകള്‍ കുടുംബശ്രീകളെ ഏല്‍പിച്ചതും പുതിയ ബസുകള്‍ വാങ്ങേണ്ടെന്ന തീരുമാനവും സ്വകാര്യബസുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.

തച്ചങ്കരിക്കെതിരെ സമ്മര്‍ദം ശക്തമാകുമ്പോഴും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിര്‍ണായകം. സര്‍ക്കാരിന്റെ തീരുമാനം അനുസരിക്കുമെന്നും എന്നാല്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള കര്‍ശന നടപടികളില്‍ നിന്നു പിന്നോട്ടില്ലെന്നും തച്ചങ്കരി മനോരമ ന്യൂസിനോടു പറഞ്ഞു.