തിരുവനന്തപുരം ∙ ബാര്‍ കോഴക്കേസ് യുഡിഎഫിനെതിരെ പ്രചാരണ ആയുധമാക്കി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് എക്‌സൈസ് വിഷയത്തില്‍ കാലിടറുന്നു. 18 വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ച നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. കണ്ണൂര്‍ ജില്ലയിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിനാണ് ജൂണ്‍ 12 ന് സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടതു മനോരമ ഓണ്‍ലൈനാണ്. പ്രളയക്കെടുതിയുടെ വാർത്തകൾക്കിടെ മുങ്ങിപ്പോയ വിഷയം വീണ്ടും വിവാദങ്ങള്‍ക്കു തിരികൊളുത്തുകയാണ്.
താല്‍പര്യപത്രം ക്ഷണിക്കാതെ ഇഷ്ടക്കാരില്‍നിന്ന് കോടികള്‍ വാങ്ങി ബ്രൂവറികള്‍ അനുവദിച്ചെന്ന പ്രതിപക്ഷ ആരോപണത്തിന് വ്യക്തമായ മറുപടി എക്‌സൈസിന്റെ പക്കലില്ല. ബ്രൂവറി അഴിമതിക്കെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധത്തിനു തയാറെടുക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് വ്യക്തമാക്കുന്നു. രണ്ടര വര്‍ഷത്തെ ഭരണത്തിനിടെ സര്‍ക്കാരിനെതിരെ ശക്തമായ ആയുധം വീണുകിട്ടിയ സന്തോഷത്തിലാണ് പ്രതിപക്ഷമെങ്കില്‍, അപ്രതീക്ഷിതമായി ഉണ്ടായ വിവാദത്തിന്റെ ഞെട്ടലിലാണ് ഭരണപക്ഷം. ബ്രൂവറി വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും ഘടകക്ഷികള്‍ക്ക് വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ട്.
കണ്ണൂര്‍ ജില്ലയിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിന് അഞ്ചു ലക്ഷം കെയ്‌സ് ബീയര്‍ ഉല്‍പ്പാദിപ്പിക്കുന്ന ബ്രൂവറി തുടങ്ങാന്‍ ജൂണ്‍ 12നാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതേമാസം 28ന് പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം അഞ്ചുലക്ഷം ഹെക്ടാ ലീറ്റര്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന അപ്പോളോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കി. ഓഗസ്റ്റ് 12ന് തൃശൂര്‍ ജില്ലയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം നിര്‍മിക്കുന്നതിന് ശ്രീചക്രാ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പെരുമ്പാവൂരിലെ കമ്പനിക്കും എറണാകുളത്ത് ബ്രൂവറി തുടങ്ങുന്നതിന് പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും അനുമതി നല്‍കി.
1999ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ ഡിസ്റ്റലറികളോ അനുവദിക്കാത്ത സാഹചര്യത്തില്‍ ധൃതിപിടിച്ച് ഇത്തരമൊരു തീരുമാനം എടുക്കേണ്ട സാഹചര്യമെന്തായിരുന്നെന്ന് പ്രതിപക്ഷം ചോദിക്കുന്നു. 1996 ല്‍ ബിയറും വിദേശമദ്യവും ഉല്‍പ്പാദിപ്പിക്കുന്നതിന് വേണ്ടി ബ്രൂവറികളും ഡിസ്റ്റലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ 125 അപേക്ഷയാണ് ലഭിച്ചത്. വിവാദമുണ്ടായതിനെത്തുടര്‍ന്ന് പുതുതായി ഡിസ്റ്റലറികളും ബ്രൂവറികളും ആരംഭിക്കേണ്ടതില്ലെന്ന് 1999ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ആ ഉത്തരവ് നിലില്‍ക്കുന്നതിനാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചില്ല.
ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചുകൊണ്ട് ഇപ്പോള്‍ ഇറങ്ങിയ ഉത്തരവുകളിലെല്ലാം ആധാരമായി പറയുന്നത് 1999ലെ ഉത്തരവാണ്. ഈ വൈരുദ്ധ്യവും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. 1999 മുതലുള്ള നയം മാറ്റുമ്പോള്‍ മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്തിരുന്നോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് എല്ലാ ഭരണപരമായ കാര്യങ്ങളും അങ്ങനെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് സര്‍ക്കാരിന്. ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കുമ്പോള്‍ അതു സംബന്ധിച്ച അറിയിപ്പ് നല്‍കാത്തത് എന്താണെന്നും, നാലു കമ്പനികള്‍ മാത്രം എങ്ങനെ ഈ വിവരം അറിഞ്ഞുവെന്നുമുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ മറുപടിയില്ല. മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്ന് ആവര്‍ത്തിക്കുന്ന മുന്നണി, നാടുനീളെ മദ്യനിര്‍മാണശാലകള്‍ തുറന്നാണോ വര്‍ജനം നടത്താന്‍ ഉപദേശിക്കുന്നതെന്നും പ്രതിപക്ഷം ആരായുന്നു.
മദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്യം നല്‍കാതെ തന്നെ ഇക്കാര്യങ്ങള്‍ അറിയുമെന്നാണ് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ വിശദീകരണം. കേരളത്തിന് ആവശ്യമായ മദ്യം ഇപ്പോള്‍ പുറത്തുനിന്നാണ് കൊണ്ടു വരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച രണ്ട് ബ്രൂവറികളുടെ അപേക്ഷ വന്നത് യുഡിഎഫ് കാലത്താണ്. പ്രതിപക്ഷനേതാവിന്റെ ആരോപണം രാഷ്്ട്രീയപ്രേരിതമാണെന്നും സംസ്ഥാനത്ത് മദ്യം ഉല്‍പ്പാദിക്കുന്ന ഒരു ഡിസ്റ്റലറിപോലും പ്രവര്‍ത്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. മന്ത്രി വിശദീകരിച്ച സ്ഥിതിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രണ്ട് ബ്രൂവറികളുടെ അപേക്ഷകള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇവയ്ക്കും അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ വരുംദിവസങ്ങളില്‍ ബ്രൂവറി വിഷയം കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങാനാണ് സാധ്യത.