നന്ദി ടോമി, നീ പകർന്ന കടൽ കരുത്തിന്റെ, കരുതലിന്റെ ‘അഭിലാഷ’ നിമിഷങ്ങൾക്ക്

ന്യൂ ആംസ്റ്റർഡാം ദ്വീപിൽ കഴിഞ്ഞ ദിവസം ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന അഭിലാഷ് ടോമി (ഇടത്). ചികിത്സയിൽ അഭിലാഷ് ടോമി കഴിയുന്ന ചിത്രം – ഇന്ത്യൻ നാവികസേന ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കടലിലും ആകാശത്തും രാഷ്ട്രീയമില്ല. അവിടെ കരുതലിന്റെ ചിറകടി മാത്രമേയുള്ളൂ. മാനവികതയുടെ മഹത്വമാണു നാവികരും രക്ഷാപ്രവർത്തകരും പങ്കുവയ്ക്കുന്നത്. കര പലതാണെങ്കിലും കടലെല്ലാം ഒന്നാണ്. രാജ്യങ്ങൾ അതിർത്തിക്കായി പോരടിക്കുമ്പോൾ കടലും കൊടുങ്കാറ്റും അതിരുകളെയെല്ലാം മറികടന്നു ലോകത്തെ ഒന്നാക്കുന്നു. കമാൻഡർ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തൽ, തായ്‌ലൻഡിലെ വൈൽഡ് ബോർസ് ഫുട്‌ബോൾ ടീമിലെ കുട്ടികളെ രക്ഷപ്പെടുത്തൽ, കേരളത്തെ പ്രളയത്തിൽനിന്നു മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയവയിൽ ലോകത്തിനു മുന്നിൽ വെളിപ്പെട്ടത് ആഗോള സഹകരണത്തിന്റെ പുതിയ പാഠങ്ങൾ. വരുംതലമുറയ്‌ക്ക് ഇതിൽനിന്ന് ഉൾക്കൊള്ളാവുന്ന മൂല്യങ്ങളും ഒട്ടേറെ.   

കൈകോർത്ത് ഒസീരിസ്, ബല്ലാരത്ത്, സത്പുര

കാലാവസ്‌ഥാ മാറ്റം മൂലം കടലും മഴയും മനുഷ്യരാശിക്കു മുന്നിൽ ഭീകരരൂപം ആർജിച്ചു ദുരന്തങ്ങൾ സമ്മാനിക്കുമ്പോൾ ഒറ്റക്കെട്ടായി അതിനെ നേരിടാനുള്ള തിരിച്ചറിവാണു പുതിയ ആഗോള രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ പോകുന്നതെന്നു പറയാം. ടോമിയുടെ  സ്‌ഥിതി മനസിലാക്കി ആദ്യം രംഗത്തെത്തിയതു ഫ്രഞ്ച് മൽസ്യബന്ധന കപ്പലായ ഒസീരിസാണ്. നൈൽനദിയിൽ പ്രളയമുണ്ടായി മരിച്ചാലും പുനർജീവിപ്പിക്കുന്ന ദേവസങ്കൽപ്പത്തിന്റെ പേരാണ് ‘ഒസീരിസ്’.

ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കയ്‌ക്കു കിഴക്കായി മഡഗാസ്‌കർ ദ്വീപിനും  മൗറീഷ്യസ് ദ്വീപിനും ഇടയിലുള്ള സീഷൽസ് ദ്വീപിന്റെ ഈ കപ്പൽ 2003 ൽ സമുദ്രാതിർത്തി ലംഘിച്ചതിനു പിടിച്ചെടുത്ത ഫ്രഞ്ച് നാവികസേന പിന്നീട് നിരീക്ഷണ കപ്പലാക്കുകയായിരുന്നു. ഒസീരിസ് സഹായത്തുഴയേന്തി എത്തവേ ഓസ്‌ട്രേലിയയുടെ കപ്പലായ ‘ബല്ലാരത്ത്’ ടോമിയെ കൊണ്ടുപോകാനായി വന്നു. ഇന്ത്യൻ കപ്പലായ ഐഎൻഎസ് സത്‌പുരയുടെ കമാൻഡർ ക്യാപ്‌ടൻ അലോക് ആനന്ദ് ആകട്ടെ സ്വന്തം പിതാവിന്റെ ദേഹവിയോഗ വാർത്ത അറിഞ്ഞിട്ടും എല്ലാം മറന്നു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. എത്ര ധീരവും സത്യസന്ധവും കർമോൽസുകവുമായ ഇടപെടൽ. 

കാണാക്കടൽ ദൂരത്ത് ആ പായ്‌വഞ്ചി

അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി അപകടത്തിൽപ്പെട്ട പ്രദേശം കന്യാകുമാരിയിൽനിന്ന് ഏകദേശം 5000 കിലോമീറ്ററിലധികം തെക്കാണ്. ലോകത്തിലെ ഏറ്റവും വിദൂരമായ വിജനപ്രദേശം എന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ഭാഗത്തെ വിശേഷിപ്പിക്കാം. ഇവിടത്തെ ആംസ്‌റ്റർഡാം എന്ന ചെറുദ്വീപിലെ ആശുപത്രിയിലാണു ടോമിയെ ആദ്യം പ്രവേശിപ്പിച്ചത്. തെക്കൻ പസഫിക്കിൽ ചിലെയ്‌ക്കു വിദൂരത്തിലായി സ്‌ഥിതി ചെയ്യുന്ന നെമോ ദ്വീപാണ് (പോയിന്റ് നെമോ) മറ്റൊരു വിദൂര–വിജന സമുദ്രത്തുരുത്ത്. 

ഇന്ത്യൻ മഹാസമുദ്രത്തിലെ അഗ്നി പർവതങ്ങളെപ്പറ്റി പഠിക്കാൻ ഒരു സംഘം ഗവേഷകരും അവർക്കു തുണയായി പരിമിത സംവിധാനങ്ങളുടെ ഭാഗമായി ഒരു സംഘം ഡോക്‌ടർമാരും സേവനമനുഷ്‌ടിക്കുന്നു എന്നു പറഞ്ഞാൽ തന്നെ മനസിലാകും എത്ര കഠിന പ്രയത്നങ്ങളിലൂടെയാണു ലോകത്ത് ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും മുന്നേറുന്നതെന്ന്. ഈ ദ്വീപിൽ ഹെലികോപ്‌ടറുകൾക്ക് ഇറങ്ങാനുള്ള ചെറിയ വ്യോമപരവതാനി (എയർ സ്‌ട്രിപ്പ്) മാത്രമാണുള്ളത്.  വലിയ വിമാനങ്ങൾക്ക് ഇറങ്ങാനാവില്ല. ഇന്ത്യൻ നാവിക സേനയ്‌ക്കു മൗറീഷ്യസിൽ മാത്രമല്ല ദക്ഷിണാഫ്രിക്കൻ മുനമ്പിലും സാന്നിധ്യമുണ്ടെന്ന കാര്യവും അഭിലാഷ് ടോമിയുടെ രക്ഷാദൗത്യത്തിലൂടെ നമുക്കു തിരിച്ചറിയാനായി.

ദുരന്തനിവാരണത്തിലെ ആഗോളവൽക്കരണം

തായ്‌ലൻഡിലെ രക്ഷാപ്രവർത്തനങ്ങളിൽ 18 രാജ്യങ്ങളുടെ അറിവും അനുഭവജ്‌ഞാനവും സാങ്കേതിക മികവുമാണു പ്രകടമായത്. ഹെവി ഡ്യൂട്ടി പമ്പുകളുമായി എത്തിയ കിർലോസ്‌കർ കമ്പനി ഇന്ത്യയുടെ അഭിമാനം കാത്തു. എന്നാൽ ഇതേ സഹകരണം നമ്മുടെ വിദൂര ഗ്രാമങ്ങളിൽ ചിലർ അശ്രദ്ധയോടെ ഉപേക്ഷിക്കുന്ന കുഴൽക്കിണറുകളിൽ വീണുപോകുന്ന കുട്ടികളെ രക്ഷിക്കുന്നതിൽ ഉണ്ടാകുന്നില്ലെന്നു കാണാം.

കേരളത്തിലെ പ്രളയത്തിന്റെ കാര്യത്തിലും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിലും ഈ ആഗോള ഐക്യം പ്രകടമായിരുന്നു. ടോമിയോടൊപ്പം ഏതാനും നോട്ടിക്കൽ മൈൽ അകലെക്കൂടി മൽസരിച്ചു മുന്നേറിക്കൊണ്ടിരുന്ന അയർലൻഡുകാരൻ ഗ്രിഗർ തന്റെ എതിരാളിയായ ടോമിയുടെ രക്ഷയ്‌ക്കെത്തിയത് മൽസരത്തിൽനിന്നു പിന്മാറിയാണ്. ആഗോള തലത്തിൽ പായ്‌വഞ്ചിക്കാർക്കിടയിലെ കരുതലിന്റെ  സംസ്‌കാരമാണു കലുഷിത ലോകത്തെ ഇതു പഠിപ്പിക്കുന്നത്. നമ്മുടെ മൽസ്യത്തൊഴിലാളികൾക്കിടയിൽ നിലവിലുള്ള കടലമ്മ സങ്കൽപ്പവും ഈ മനഃസാക്ഷിയോടു ചേർത്തുവയ്ക്കാം. 

നാവികനു വേണ്ടതു മനോധൈര്യം

ഓഖി ദുരന്തമുണ്ടായ സമയത്ത് അഭിലാഷ് ടോമിയോടു ഞാൻ ചോദിച്ചു. ഓഖി പോലെ കാറും കോളും വന്നാൽ എന്തു ചെയ്യും? കടലിനെ നന്നായി അറിയുന്ന നാവികനെന്ന നിലയിൽ മൽസ്യത്തൊഴിലാളികൾക്ക് എന്ത് ഉപദേശമാണ് നൽകുന്നതെന്ന്. അതിന് അദ്ദേഹം നൽകിയ മറുപടി മനസിനു ധൈര്യവും വേണ്ടത്ര കടലറിവുമുണ്ടെങ്കിൽ നല്ല പടകിന്റെ പിൻബലത്തിൽ ഒരുവിധം ഏതു കാറും കോളും മറികടക്കാം എന്നായിരുന്നു. അതെ, ടോമി നമുക്കൊരു മാതൃകയാണ്. പ്രത്യേകിച്ചു മികവിലേക്ക് ഉയരാൻ വെമ്പുന്ന മലയാളി യുവത്വത്തിന്. 

കന്യാകുമാരിയിൽനിന്നു തെക്കോട്ടു നോക്കിയാൽ

കന്യാകുമാരിയിൽനിന്നു തെക്കോട്ടു നോക്കുന്നതിനു രണ്ടു പ്രത്യേകതകളുണ്ട്. നേരെ ഭൂമധ്യരേഖയിലേക്കു നോക്കുന്നു എന്നതാണ് ആദ്യത്തേത്. നാം നോക്കുന്നതു ലോകത്തിലെ ഏറ്റവും വിജനമായ കടലിലേക്കാണെന്നതാണു രണ്ടാമത്തെ പ്രത്യേകത. നമുക്കും ദക്ഷിണധ്രുവത്തിനും മധ്യേ കടലിന്റെ  വന്യമായ ഏകാന്തതയല്ലാതെ യാതൊന്നുമില്ല. കന്യാകുമാരിയിൽനിന്ന് ഏകദേശം 1500 കിലോമീറ്റർ തെക്കായാണ്, സാങ്കൽപ്പികമാണെങ്കിലും ഭൂമിശാസ്‌ത്രപഠനത്തിന്റെ അടിസ്‌ഥാനമായ പൂജ്യം ഡിഗ്രി ഭൂമധ്യരേഖ കടന്നുപോകുന്നത്. 

കേരളവും വാസ്കോ ഡ ഗാമയും പായ്‌വഞ്ചികളും 

50 വർഷം മുമ്പു ഗോൾഡൻ ഗ്ലോബ് മൽസരം തുടങ്ങിയ വർഷം റോബിൻ നോക്‌സ് ജോൺസ്‌റ്റൺ ഉപയോഗിച്ച ‘സുഹൈലി’ എന്ന പായ്‌വഞ്ചി കേരളത്തിലെ തേക്കുകൊണ്ടു നിർമിച്ചതായിരുന്നു. ടോമിയുടെ ‘തുരീയ’ എന്ന വഞ്ചിയും ‘സുഹൈലി’യുടെ നേർപതിപ്പാണ്. തടി കേരളത്തിൽ നിന്നു തന്നെ. കേരളത്തിലേക്ക് ആദ്യമായി വന്ന വാസ്‌കോ ഡ ഗാമയുടെ സഞ്ചാരവഴി ഈ നാടിന്റെ നാവിക പാരമ്പര്യത്തിനും കടലടുപ്പത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്.

മൺസൂൺ കാറ്റിന്റെ ചിറകിലേറി അറിയാതെ കോഴിക്കോട്ടെത്തുകയായിരുന്നു ഗാമ എന്നാണു ചരിത്രം. യഥാർഥ ലക്ഷ്യം ഇന്തൊനീഷ്യ ആയിരുന്നത്രെ.  കടലറിവുകളിലേക്കുള്ള വാതിലായി കേരളം മാറാനും ഇവിടെ അതിനാവശ്യമായ ലോകോത്തര പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനും നമുക്കു കഴിയണം. 

നാവികരുടെ ദാഹമകറ്റുന്ന മേഘനീര് 

റോബിൻ നോക്‌സിന്റെ ആദ്യയാത്രയിൽ പ്രതിസന്ധികൾ നേരിട്ടപ്പോൾ കടലിൽ പെയ്യുന്ന മഴയുടെ വെള്ളം കുടിച്ചാണ് അദ്ദേഹം പിടിച്ചുനിന്നത്. മഴവെള്ളം എന്നാൽ സ്വർഗത്തിൽ നിന്നുള്ള ശുദ്ധമായ ദാഹജലമാണെന്ന തിരിച്ചറിവും ലോകത്തിനു നൽകാൻ ആ നാവികനു കഴിഞ്ഞു. 

കാലാവസ്ഥാമാറ്റം ലോകത്തെ ഒന്നാക്കുമോ

ശാശ്വത രാത്രികളുടെ സാമ്രാജ്യം എന്നു കടലിനെ വിശേഷിപ്പിക്കാറുണ്ട്. ആ ഇരുട്ട് അകറ്റാനും ലോകരാജ്യങ്ങളെ കോർത്തിണക്കുന്നതിലും കടലിനും അതു സൃഷ്‌ടിക്കുന്ന ആഗോള കാലാവസ്‌ഥയ്‌ക്കും വലിയൊരു പങ്കുണ്ട്.  ഇനിയൊരു യുദ്ധം താങ്ങാനുള്ള ശേഷി ലോകത്തിനില്ല. ആഗോള താപനത്തിന്റെ രൂപത്തിൽ പ്രകൃതി നമ്മോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾക്കും മേഘങ്ങൾക്കും ദേശാടനപക്ഷികൾക്കുമൊന്നും രാജ്യാതിർത്തി ബാധകമല്ല. അതെല്ലാം മനുഷ്യന്റെ സങ്കൽപ്പങ്ങൾ മാത്രമാണ്.

ആഗോള സഹകരണത്തിനും കാലാവസ്‌ഥാ വെല്ലുവിളികൾ നേരിടുന്നതിനും ലോകത്തിനു മുമ്പിൽ പുതിയ മാതൃകയാണു ടോമിയുടെ ജീവിതം. കാർബൺ പുറന്തള്ളൽ കുറച്ചു വികസ്വര രാജ്യങ്ങളിലെ പരിസ്ഥിതി മെച്ചപ്പെടുത്താൻ വേണ്ട സഹായം നൽകി യുഎസ് പോലെയുള്ള വികസിത രാജ്യങ്ങൾ തയാറാകണം. ടോമിയെ പിടിച്ചുകുലുക്കിയ കാറ്റും ഓരോ വർഷവും ലോകത്തു വർധിക്കുന്ന ചുഴലിക്കാറ്റുകളും പ്രളയവും വരൾച്ചയുമെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ തിക്തഫലങ്ങളാണ്. ഇവ ഒന്നിച്ചു നേരിടാനുള്ള നിമിത്തങ്ങളാണ് അഭിലാഷ് ടോമിയും ഇത്തരം കടൽ പ്രയാണങ്ങളും

ജലംകൊണ്ട് മുറിവേറ്റവർ – ടോമിയും മലയാളികളും

കടൽമരീചിക (കലഞ്ച്വർ) എന്ന മാനസികാവസ്‌ഥ പായ്‌വഞ്ചിക്കാരെ ബാധിക്കാറുണ്ടെന്നു പറയാറുണ്ട്. കടലിൽ കൂടി മാസങ്ങളോളം (ഇവിടെ അഭിലാഷ് ടോമി ലക്ഷ്യമിട്ടത് 320 ദിവസം) ഏകാന്തമായി പോകുമ്പോൾ കടൽപ്പരപ്പ് പുൽമേടായി തോന്നുന്ന മാനസികാവസ്‌ഥയാണിത്. ഇതിലേക്ക് ഇറങ്ങാൻ ചില നാവികർക്കു തോന്നുമത്രെ. അഭിലാഷ് ടോമി എന്ന മലയാളി ചെറുപ്പക്കാരന്റെ സാഹസവും മാനസിക ധൈര്യവുമാണ് ഇവിടെ പഠനവിധേയമാകേണ്ടത്.

ഓഗസ്റ്റ് 15, 16, 17 തീയതികളിൽ വീട്ടുമുറ്റങ്ങളിലേക്കു വിരുന്നെത്തിയ നദികളിലെ നിലയില്ലാ വെള്ളത്തിലൂടെ നീന്തി രക്ഷയുടെ കരയ്‌ക്കെത്തിയ ഓരോ മലയാളിക്കും അഭിലാഷ് ടോമി പ്രചോദനമാണ്.

പറഞ്ഞുപഠിക്കാം, അക്ഷാംശ രേഖാംശ ഭാഷയിൽ

അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി അപകടത്തിൽപ്പെട്ട സ്‌ഥാനം ഭൂപടത്തിൽ 39 ഡിഗ്രി 68 മിനിറ്റ് ദക്ഷിണ അക്ഷാംശം, 77 ഡിഗ്രി 55 മിനിറ്റ് പൂർവ രേഖാംശം എന്നതാണ്. ലോകത്തിലെ വിവിധ സ്‌ഥലങ്ങളുടെ സ്‌ഥാനനിർണയം ഈ രീതിയിൽ ജിപിഎസ് സംവിധാനത്തിലൂടെ പറയാൻ വൈമാനികരും നാവികരും സൈനികരും മാത്രമല്ല, കേരളീയരും ഈയിടെ പഠിച്ചു.

പ്രളയംവന്ന് നാടു മുഴുവൻ കടൽപോലെ വെള്ളം മൂടി ഒന്നായപ്പോൾ ഉപരിതല അടയാളം പറയാൻ ഒന്നും കാണാനില്ലാത്ത സ്‌ഥിതി സംജാതമായി.  രക്ഷാപ്രവർത്തനത്തിനു വേഗം പകരാൻ പ്രളയബാധിതർ വീടിന്റെ സ്‌ഥാനം ജിപിഎസ് കോ–ഓർഡിനേറ്റ്‌സായി മൊബൈൽ മെസേജ് ഇടാൻ സൈന്യം ആവശ്യപ്പെട്ടു. ഇത്തരം ശാസ്‌ത്രീയ അറിവുകളുടെ വ്യാപക ബോധവൽക്കരണത്തിനുള്ള പ്രാധാന്യം കൂടിയാണ് ഇവിടെ വെളിപ്പെടുന്നത്.