കോഴിക്കോട്∙ ഒരിടവേളയ്ക്കുശേഷം കേരളത്തെ വീണ്ടും ‘നിപ്പ’യുടെ ആശങ്കയിലാഴ്ത്തിയ സംഭവത്തിൽ വ്യക്തത വന്നതു കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ യുവാവ് മരിച്ചത് നിപ്പ ബാധിച്ചാണെന്നായിരുന്നു പ്രചാരണം. എന്നാൽ നിപ്പയല്ല, അത് എച്ച്1എൻ1 ആയിരുന്നെന്നു മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ തെളിഞ്ഞു. ഇപ്പോഴും ‘നിപ്പ’ ഭീതി പലരെയും വിട്ടുമാറിയിട്ടില്ല എന്നതിന്റെ സൂചനയായിരുന്നു അത്.
ഏതാനും മാസങ്ങൾക്കു മുൻപു കേരളത്തെയാകെ ഇത്തരത്തിൽ നിപ്പ വൈറസ് മുൾമുനയിൽ നിർത്തിയിരുന്നു. വൈറസ് കേരളത്തിലേക്ക് എത്തിയത് എവിടെ നിന്നെന്നുള്ള ചോദ്യത്തിന് ഏറെ നാളത്തെ തിരച്ചിലിനൊടുവിൽ ഉത്തരവും ലഭിച്ചു– പഴംതീനി വവ്വാലുകളായിരുന്നു വൈറസ് വാഹകരെന്നായിരുന്നു ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ അത്തരമൊരു ഔദ്യോഗിക സ്ഥിരീകരണമെത്തും മുൻപ് പലരും സംശയത്തോടെ നോക്കിയിരുന്ന ഒരാളുണ്ട്. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്ത്(26). കേരളത്തിൽ ‘നിപ്പ’ ബാധിച്ചു മരിച്ച ആദ്യത്തെ വ്യക്തി.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടെ നേതൃത്വത്തിൽ നിപ്പയുടെ ഉറവിടം സംബന്ധിച്ച ഗവേഷണത്തിനു നിയോഗിച്ച ആന്ത്രപ്പോളജിസ്റ്റ് ആയിരുന്നു ബെർസില്ലാ ജോർജ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു(ഐസിഎംആർ) വേണ്ടിയായിരുന്നു ഗവേഷണം. സാബിത്തിന് എങ്ങനെ, എവിടെനിന്നു നിപ്പ വൈറസ് ബാധയേറ്റു എന്നതിന്റെ ഉത്തരം കണ്ടെത്തുകയായിരുന്നു ബെർസില്ലയുടെ ദൗത്യം. തന്റെ അന്വേഷണങ്ങൾക്കൊടുവിൽ ‘നിപ്പ: സാബിത്തിനു പറയാനുള്ളത്!’ എന്ന പേരില്‍ നരവംശ ശാസ്ത്ര ഗവേഷണ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തിറക്കി.
സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന ഒരു ചെറുപ്പക്കാരൻ മരണത്തിനപ്പുറം തെറ്റിദ്ധാരണകളാലും വ്യാജപ്രചാരണങ്ങളാലും വേട്ടയാടപ്പെട്ടതിന്റെ യഥാർഥ അടയാളപ്പെടുത്തലായിരുന്നു അത്. റിപ്പോർട്ടിനു വേണ്ടി ബെർസില്ല നടത്തിയ യാത്രകളിൽ കണ്ടെത്തിയ യാഥാർഥ്യം അവരുടെ തന്നെ വാക്കുകളിൽ...
സാബിത്തിന്റെ ജീവിതമറിയാൻ...
ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന, എന്നാൽ മൾട്ടി സ്പെഷൽറ്റി ആശുപത്രികൾ അത്രയധികം ഇല്ലാത്ത കേരളത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു നിപ്പ വൈറസിന്റെ വരവ്. കേവലം പനിയുടെ ലക്ഷണങ്ങളുമായി വന്നു മരണത്തിനു കീഴടങ്ങിയ രണ്ടാമത്തെ വ്യക്തിയിൽനിന്നു തന്നെ നിപ്പ വൈറസ് ബാധയാണോ എന്ന സംശയം ഡോക്ടർമാരിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അവർക്കു വൈദ്യശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവും അതിനോടുള്ള ആത്മാർഥതയും കൊണ്ടു മാത്രമാണ്. ഇതൊന്നും ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ രണ്ടു ജീവൻ പൊലിഞ്ഞ സ്ഥാനത്തു പത്തോ ഇരുപതോ മരണങ്ങൾ വരെ സംഭവിക്കുമായിരുന്നു, എന്നിട്ടു മാത്രമേ നാം മരണത്തിന്റെ കാരണം തേടിയുള്ള യാത്ര ആരംഭിക്കുക പോലുമുണ്ടായിരുന്നുള്ളൂ.
സാബിത്തിനു തന്റേതല്ലാത്ത കാരണത്താലാണ് നിപ്പ വൈറസ് ബാധയേറ്റത്. ആ യുവാവിനു പിന്നാലെ സഹോദരൻ സാലിഹും സമാനമായ അസുഖത്താൽ മരണമടഞ്ഞതുകൊണ്ടു മാത്രമാണ് ഈ വിഷയം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടതും. ഒരു പക്ഷേ സാബിത്തിൽ നിന്നും അദ്ദേഹവുമായി കാര്യമായി ബന്ധമില്ലാത്ത മറ്റാർക്കെങ്കിലും ആയിരുന്നു വൈറസ് ബാധ ഏറ്റതെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരാവസ്ഥയിലേക്കു പോയേനെ. മാത്രവുമല്ല, നിപ്പയാണ് അസുഖമെന്നതു സംബന്ധിച്ച സംശയങ്ങൾ തോന്നാതിരിക്കുന്നതിനും ഇടയാക്കുമായിരുന്നു.
ഉമ്മയും ഉപ്പയും മൂന്ന് ആൺമക്കളും അടങ്ങുന്ന ഒരു മധ്യവർഗ കുടുംബത്തിന് ഇത്തരം ഒരു വലിയ ദുരന്തം നേരിട്ടപ്പോൾ ഒരു വിഭാഗം ജനങ്ങൾക്ക് ആ കുടുംബത്തോടുണ്ടായ സമീപനവും പരിശോധിക്കേണ്ടതുണ്ട്. ചില മാധ്യമങ്ങൾ പറഞ്ഞത് സാബിത്ത് മലേഷ്യയിൽനിന്നാണു നിപ്പ വൈറസ് കൊണ്ടുവന്നതെന്നാണ്. പലപ്പോഴും ഒരു ‘ജൈവായുധ’മായാണു സമൂഹമാധ്യമങ്ങൾ സാബിത്തിനെ ചിത്രീകരിച്ചത്. എന്നാൽ സാബിത്ത് ആരായിരുന്നെന്നോ അദ്ദേഹത്തിന്റെ സ്വഭാവമോ ഒന്നും മനസിലാക്കാൻ ആരും തയാറായില്ല. അത്തരമൊരു സാഹചര്യത്തിലായിരുന്നു ഐസിഎംആറിനു വേണ്ടിയുള്ള ഗവേഷണം.
നരവംശ ശാസ്ത്ര ഗവേഷണ രീതിയനുസരിച്ചു സാബിത്തിന്റെ ചരിത്രം, ജീവിതം, ബന്ധങ്ങൾ, താൽപര്യങ്ങൾ ഇവയൊക്കെ അടുത്തറിയേണ്ടതായിട്ടുണ്ടായിരുന്നു. എന്നാൽ ഗവേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ഞാൻ നേരിട്ട പ്രധാന വെല്ലുവിളി, ഒരുകൂട്ടം തെറ്റിദ്ധാരണകളുടെയും തെറ്റായ വാർത്തകളുടെയും ഇടയിൽനിന്നു സത്യസന്ധമായ ഒരു സൂചന കണ്ടു പിടിക്കുക എന്നതായിരുന്നു. എന്നാൽ മാത്രമേ യഥാർഥ ഉറവിടത്തിലേക്കുള്ള പാത തുറന്നു കിട്ടുമായിരുന്നുള്ളു. അതിനായുള്ള അന്വേഷണത്തിനിടയിൽ ഓരോ നിപ്പ ബാധിതരുടെയും മരണം സംബന്ധിച്ച വാർത്തകൾ വന്നുകൊണ്ടേയിരിക്കുകയും ചെയ്തു!
ഭീതി മുഖാവരണം ധരിച്ചപ്പോൾ...
നിപ്പ വൈറസ് എത്രത്തോളം മാരകമാണെന്നും അതിന്റെ കാഠിന്യം എത്ര വലുതാണെന്നും കേരള ജനത മനസിലാക്കിക്കൊണ്ടിരിക്കുന്ന അതേ സമയത്തു തന്നെയായിരുന്നു വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ എല്ലാവരും തിടുക്കം കാണിച്ചതും. എനിക്കന്ന് അവിടെ കാണാൻ സാധിച്ചത് ഭീതിയാൽ വിജനമായ പേരാമ്പ്ര ടൗണും ആളൊഴിഞ്ഞു യാത്ര ചെയ്യുന്ന ബസുകളും ചുരുക്കം ചില നഴ്സുമാരും അറ്റൻഡർമാരും മാത്രം വന്നു പൊയ്ക്കൊണ്ടിരിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയും ആയിരുന്നു.
സാബിത്തിന്റെയും സഹോദരൻ സാലിഹിന്റെയും പിതാവ് മൂസയുടെയും മൂസയുടെ സഹോദര പത്നി മറിയത്തിന്റെയും മരണശേഷം സാബിത്തിന്റെ ഉമ്മയും ഇളയ സഹോദരനും ഉമ്മയുടെ തറവാട്ടിലേക്കു താമസം മാറി. തന്റെ പ്രിയപ്പെട്ടവർ എല്ലാവരും മരണപ്പെട്ടിട്ടും നിഷ്കളങ്കമായി എന്റെ ചോദ്യങ്ങൾക്കു മറുപടി പറയുന്ന സാബിത്തിന്റെ ഇളയ സഹോദരൻ മുത്തലിബ് തീർച്ചയായും നമ്മിൽ ഓരോരുത്തരിലും വേദനയുണ്ടാക്കും. നിപ്പ ബാധിച്ചു മരിച്ച മറ്റു 16 പേരുടെയും ജീവനു തന്റെ മകനാണല്ലോ ഉത്തരവാദി എന്ന ഒരു നാട്ടിൻപുറത്തെ ചിന്താരീതിയിൽനിന്നുണ്ടായ കുറ്റബോധവും നിരാശയും വേദനയും സാബിത്തിന്റെ ഉമ്മയുടെ മുഖത്തു നിഴലിച്ചിരുന്നു. അതുകൂടാതെ മരണം ചെറുപ്രായത്തിൽ മക്കളെ കീഴടക്കിയിട്ടും തന്റെ മകനെപ്പറ്റി ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തകൾ കേൾക്കുന്നതിന്റെ വേദന പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവർ പങ്കുവച്ചത്.
രോഗഭീതി കാരണം പരിസരവാസികൾ പലരും വീടുവിട്ടു മറ്റു സ്ഥലങ്ങളിലേക്കു താൽക്കാലികമായി താമസം മാറിയിരുന്നു. സാബിത്തിന്റെ കുടുംബാംഗങ്ങൾക്കു പള്ളിയിൽ പോകുന്നതിനോ ജോലിക്കു പോകുന്നതിനോ സാധിച്ചിരുന്നില്ല. ആളുകൾ ഇവർ അടുത്തേക്കു ചെല്ലുമ്പോൾ ഭയപ്പെട്ടു മാറി നിന്നു. കോഴിക്കോടു വഴി കടന്നു പോകുന്ന ട്രെയിനുകളിലും ബസ് സ്റ്റാൻഡ്, ടൗൺ പരിസരങ്ങളിലുമെല്ലാം ആളുകൾ വൈറസ് പകരാതിരിക്കാനായി സ്ഥിരമായി മുഖാവരണം ധരിച്ചു നടന്നു.
യഥാർഥത്തിൽ വൈറസ് പകരുന്നത് വൈറസ് ബാധയേറ്റ വ്യക്തിയുടെ അസുഖം മൂർധന്യാവസ്ഥയിൽ എത്തിയിരിക്കുന്ന സമയത്തു മാത്രമാണ്. വൈറസ് ബാധിതനായ ശേഷം സാബിത്ത് 12 ദിവസത്തോളം കുട്ടികളുമൊത്തു കളിക്കുകയും കൂട്ടുകാരുമായി സമയം ചെലവഴിക്കുകയും ജോലിക്കു പോവുകയും ചെയ്തിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തു മാത്രമായിരുന്നു സാബിത്തിൽനിന്നു വൈറസ് തന്റെ സഹോദരനിലേക്കും പിതാവിലേക്കും പരിചരിച്ചവരിലേക്കും പകർന്നത്. സാബിത്തിന്റെ മരണശേഷം 13 ദിവസങ്ങൾക്കു ശേഷം സഹോദരൻ സാലിഹിലും മറ്റുള്ളവരിലും രോഗബാധ കണ്ടപ്പോൾത്തന്നെ ‘ഐസൊലേഷൻ’ വാർഡിലേക്കു മാറ്റിയിരുന്നു. അതുകൊണ്ടു തന്നെ സാബിത്തിൽനിന്നല്ലാതെ മറ്റാരിൽനിന്നും രോഗം ആർക്കും പകർന്നിട്ടുമില്ല.
നിപ്പ വൈറസ് പുറത്തു വരാൻ താമസം കാണിക്കുന്ന സ്വഭാവമുള്ളതിനാലാണു രണ്ടാമത്തെ വ്യക്തിയിൽനിന്ന് അസുഖം നിർണയിക്കുന്നതിന് 13 ദിവസമെടുത്തത്. യഥാർഥത്തിലുള്ള ഉറവിടം കണ്ടു പിടിക്കാൻ താമസിച്ചതിനെ തുടർന്നു പലരും സ്വീകരിച്ച മുൻകരുതലുകൾ തീർച്ചയായും തെറ്റായി കാണാൻ സാധിക്കില്ല. പക്ഷേ മുഖാവരണവും കയ്യുറകളും അടങ്ങുന്ന മുൻകരുതലുകളും വ്യാജ പ്രചരണങ്ങളും സാബിത്തിന്റെ കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും നിരാശയും ഭയവും നിറച്ചിരുന്നു. പേരാമ്പ്രയിലെയും കോഴിക്കോട്ടെയും ജനങ്ങളെ ഭയത്താൽ മറ്റു ജില്ലക്കാരും സംസ്ഥാനത്തുള്ളവരും അകറ്റിനിർത്തിയപ്പോഴും രോഗപ്പകർച്ച സംബന്ധിച്ച അനാവശ്യ ഭീതി പരത്തിയപ്പോഴും പലയിടത്തുനിന്നുമായി ഒരു കൂട്ടം ഗവേഷകർ കേരളത്തിനു വേണ്ടി ധൈര്യത്തോടെ പേരാമ്പ്രയിൽ ഗവേഷണം നടത്തുന്നുണ്ട് എന്നതു മറക്കരുതായിരുന്നു.
ഗവേഷണ രീതിയനുസരിച്ച് ഈ ദൗത്യം പലരും ഭയത്താൽ ഏറ്റെടുക്കാതിരുന്ന അവസരത്തിലാണ് പല ഗവേഷകരും ധൈര്യത്തോടെ മുന്നോട്ടു വന്നത്. പലപ്പോഴും പ്രതിരോധ മുൻകരുതലുകൾ ഒന്നും തന്നെയെടുക്കാതെ പഠനം വിജയകരമായി പൂർത്തിയാക്കിയ ഇവർക്കാർക്കും നിപ്പ പോയിട്ട് ഒരു ജലദോഷം പോലും പിടിപെട്ടിരുന്നില്ല. അതിനാൽത്തന്നെ, സംശയത്തോടും ആകുലതകളോടും ഒപ്പം ഇത്തരത്തിലുള്ള ശുഭകരമായ വാർത്തകൾ കൂടി മാധ്യമങ്ങൾ പുറത്തു വിടാൻ വ്യഗ്രത കാണിച്ചിരുന്നെങ്കിൽ നിപ്പ ഭീതി നിലനിൽക്കെത്തന്നെ അനാവശ്യമായ ഭീതി ഒരു പരിധി വരെ ഒഴിവായിക്കിട്ടിയേനെ.
ഓർമകളൊഴിഞ്ഞ ഒരു വീട്
മൂന്നു മാസങ്ങൾക്കു മുൻപ് പേരാമ്പ്രയിലെ പഴംതീനി വവ്വാലുകളിൽനിന്നു വൈറസ് സാന്നിധ്യം കണ്ടുപിടിച്ചിട്ടും സങ്കടകരമെന്നു പറയട്ടെ ഇന്നും പലരും തെറ്റായ വാർത്തകൾ വിശ്വസിക്കുകയും സാബിത്ത് എവിടെനിന്നോ നിപ്പ വൈറസുമായി വന്നതാണ് എന്ന ഉറച്ച നിലപാടിൽ തുടരുകയും ചെയ്യുന്നു. ഇത്തരo ഒരു സാഹചര്യം നിലനിൽക്കുമ്പോഴാണ് ഒരു ആന്ത്രപ്പോളജി ഗവേഷക എന്ന നിലയിൽ സാബിത്തിന്റെ നിരപരാധിത്തം തെളിയിക്കുകയും സാബിത്ത് ആരായിരുന്നു എന്നു കേരളത്തെ അറിയിക്കുകയും ചെയ്യേണ്ടത് പ്രധാനമായിരിക്കുന്നത്.
സാബിത്ത് കേവലം ഒരു ഇസ്‌ലാം മതവിശ്വാസി മാത്രമായിരുന്നില്ല. നബി പഠിപ്പിച്ച ഗുണമായ സഹമനുഷ്യരോടുള്ള സാഹോദര്യം തന്റെ ജീവിതത്തിൽ ഉടനീളം പ്രാവർത്തകമാക്കിയ വ്യക്തി ആയിരുന്നു. മുസലിയാരായ മൂസയുടെ നാലു മക്കളിൽ മൂന്നാമൻ ആയിരുന്നു ഇദ്ദേഹം. പഠിക്കാൻ ഏറെ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും കടുംബത്തിലെ സാമ്പത്തിക പരാധീനത കാരണം പ്ലസ്ടുവിനുശേഷം പഠനം നിർത്തുകയും പല സ്ഥാപനങ്ങളിലും സെയിൽസ്മാനായി ജോലി നോക്കുകയും ചെയ്തു. പണം കൈകാര്യം ചെയ്യുന്നതിലെ കൃത്യത, വിശ്വസ്തത ഈ ഗുണങ്ങൾക്കൊണ്ടു തന്നെ വളരെ ചുരുങ്ങിയ വർഷങ്ങൾക്കൊണ്ടു സ്ഥാപന ഉടമകൾക്കു സാബിത്ത് പ്രിയങ്കരനായി. സാബിത്തിന് പലപ്പോഴായി അൾസർ അസുഖം ഉണ്ടായിരുന്നതുകൊണ്ടു തന്നെ ചികിത്സയ്ക്കായി പല ഡോക്ടർമാരെയും സമീപിച്ചിരുന്നു.
മിക്കപ്പോഴും തന്റെ അസുഖത്തിന്റെ തീവ്രത വീട്ടുകാരെ അറിയിക്കാതിരിക്കാൻ അവൻ ശ്രമിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു ഇതിനു കാരണം. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം കൈത്തൊഴിലായി വയറിങ്ങും പ്ലമ്മിങ്ങും പഠിച്ചു. വളരെ അടുത്ത സുഹൃത്തുക്കളുമായി എന്നും ബന്ധം പുലർത്തിയിരുന്നു ഈ ചെറുപ്പക്കാരൻ. യാത്ര, ഫൊട്ടോഗ്രഫി, പാചകം, പ്രകൃതി, മൃഗങ്ങൾ ഇവ എപ്പോഴും സാബിത്തിനു പ്രിയപ്പെട്ടവയായിരുന്നു. പഴങ്ങൾ കൊണ്ടുള്ള വ്യത്യസ്ത തരത്തിലുള്ള പാനീയങ്ങളും ഫാസ്റ്റ് ഫുഡും വീട്ടിൽത്തന്നെ സ്വയം ഉണ്ടാക്കി കുടുംബാഗങ്ങൾക്കും സുഹൃത്തുക്കൾക്കും നൽകാൻ വളരെയിഷ്ടവുമായിരുന്നു.
കോഴിക്കോട്ടെ ശരവണ ഹോട്ടലിലെ തന്റെ പ്രിയപ്പെട്ട മസാല ദോശയും വടയും കഴിക്കാനായി പേരാമ്പ്രയിൽനിന്നു പോകുന്ന സാബിത്തിനെ സൃഹൃത്തുക്കൾക്ക് ഇനിയും മറക്കാനായിട്ടില്ല. പഴങ്ങളോടു വളരെയധികം താൽപര്യം ഉള്ള സാബിത്ത് പഴുത്ത മാങ്ങ, പേരക്ക, ആത്തച്ചക്ക ഇവയെല്ലാം ഒരുപാടു കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഈ മരങ്ങളെല്ലാം സാബിത്തിന്റെ വീടിനു ചുറ്റും ധാരാളമായി ഉണ്ട്. ചങ്ങരോത്ത് പഞ്ചായത്തിന്റെ പ്രധാന സവിശേഷത തന്നെ ആ പ്രദേശത്തെ പ്രകൃതിഭംഗിയും പച്ചപ്പും ജീവജാലങ്ങളുമാണ്. ജാനകിക്കാട് എന്ന ടൂറിസ്റ്റ് കേന്ദ്രം അവിടെ അടുത്താണ്.
മൃഗങ്ങളെ വളരെയധികം സ്നേഹിച്ച സാബിത്ത് അഞ്ച് മുയലുകളെ വളർത്തിയിരുന്നു. നിലവിൽ താമസിച്ചു കൊണ്ടിരുന്ന വീടും സ്ഥലവും വിൽക്കുകയും പുതിയ വീട്ടിലേക്കു താമസിക്കാൻ തീരുമാനിക്കുകയും ചെയ്ത സമയത്തായിരുന്നു സാബിത്തിന്റെ മരണം. വീടു മാറാൻ സാബിത്തിനായിരുന്നു കൂടുതൽ ആഗ്രഹം. പുതുതായി വാങ്ങിയ സ്ഥലം കുറച്ചേറെയുണ്ടായിരുന്നതിനാൽ ആടുകളെ വാങ്ങി വളർത്താം എന്ന പദ്ധതിയും ഉണ്ടായിരുന്നു.
എല്ലാവരോടും വളരെ സൗഹാർദ പൂർവം മാത്രം പെരുമാറിയിരുന്ന സാബിത്തും സഹോദരങ്ങളും അയൽക്കാർക്കോ കുടുംബക്കാർക്കോ എന്തു സഹായം വേണമെങ്കിലും ഓടിയെത്തുമായിരുന്നു. അതിനാൽത്തന്നെ ആ കുടുംബത്തിനു സംഭവിച്ച ഇത്തരമൊരു അപകടത്തെ ഞെട്ടലോടെയാണ് എല്ലാവരും കാണുന്നത്. 2017 ജനുവരിയിൽ ജോലിക്കായി ഗൾഫിൽ പോയ സാബിത്ത് ഒൻപതു മാസങ്ങൾക്കു ശേഷം അൾസർ കൂടിയതിനെത്തുടർന്നു തിരിച്ചുവന്നു. അതായതു മരിക്കുന്നതിന് ഏഴു മാസം മുൻപ്. പിന്നീടു കൂട്ടുകാർക്കൊപ്പം പ്ലമിങ് ജോലിയിൽ ഏർപ്പെട്ടു. ഈ സമയത്തായിരുന്നു വസ്തുവിൽപനയും അൾസർ ചികിത്സയുമെല്ലാം.
വൈറസിനെ കൊണ്ടുവന്നതല്ല!
പേരാമ്പ്രയുടെ പ്രകൃതി സവിശേഷതകൾ കാരണം അവിടെ ധാരാളം പ്രത്യേകയിനം പക്ഷികളും മൃഗങ്ങളും വവ്വാലുകളും ധാരാളമായുണ്ട്. സാബിത്തിന്റെ വീടിനും പറമ്പിനും ചുറ്റുമായി ധാരാളം പഴംതീനി വവ്വാലുകൾ സ്ഥിരമായി എത്താറുമുണ്ട്. പഴങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന സാബിത്ത് തന്റെ വീട്ടുമുറ്റത്തെ മാവിലും പേരയിലും ഉള്ളതും നിലത്തു വീണതുമായ പഴങ്ങൾ പലപ്പോഴും കാര്യമായി കഴുകാതെ കൈക്കൊണ്ടു തുടയ്ക്കുക മാത്രം ചെയ്തും വവ്വാൽ കടിച്ച പഴങ്ങൾ ഒരു ഭാഗം മാത്രം കഴിക്കുകയും ഒക്കെ ചെയ്തിരുന്നു.
വൈറസ്ബാധ ഏൽക്കുന്നതിനു മുൻപുള്ള 15 ദിവസത്തിനിടയ്ക്കും ഒന്നുരണ്ടു മാസം മുൻപു വരെയും സാബിത്ത് ഇത്തരത്തിൽ പഴങ്ങൾ കഴിച്ചിരുന്നു. ഒരു പക്ഷേ നിർഭാഗ്യവശാൽ സാബിത്ത് കഴിച്ച പഴങ്ങളിൽ നിപ്പ വൈറസ് കടന്നു കൂടിയിട്ടുണ്ടാകാൻ സാധ്യതയുണ്ട്. സാബിത്തിന്റെ സ്ഥാനത്ത് മറ്റാരായിരുന്നാലും വൈറസ് ‘ആക്ടീവായിരുന്ന’ ആ സമയത്ത് ആ പഴം കഴിച്ചാൽ അവർക്കും നിപ്പ ബാധിക്കും. അതു മാത്രമല്ല സാബിത്ത് സ്ഥിരമായി തന്റെ മുയലുകൾക്കു വാഴയില കഴിക്കാൻ കൊടുക്കുമായിരുന്നു. സ്ഥിരമായി തേൻ കുടിക്കാൻ വരുന്ന ആ വാഴയിലകളിൽ വവ്വാൽ വിസർജിച്ചാൽ, പ്രത്യേകിച്ചു മഴക്കാലത്ത്, മഴവെള്ളം ആണെന്നു കരുതാനേ ആർക്കും സാധിക്കൂ. വൈറസ് ഉൾക്കൊള്ളുന്ന വിസർജ്യം ഉള്ള വാഴയില തൊട്ടതിനു ശേഷം കൈ കഴുകാതെ കണ്ണിലോ മറ്റോ തൊട്ടാൽ ഉടൻ തന്നെ വൈറസ് സാബിത്തിലേക്കു പ്രവേശിച്ചിട്ടുണ്ടാകും.
സാബിത്ത് മലേഷ്യയിലൊ ബംഗ്ലദേശിലോ പോയിട്ടില്ല. നിപ്പ എന്ന വൈറസിനെക്കുറിച്ചു സാബിത്ത് തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും കേട്ടിട്ടുകൂടിയില്ല. ആരും മരിക്കാനോ ആരെയും ദ്രോഹിക്കാനോ സാബിത്ത് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും മതത്തിന്റെയും അന്ധമായ അടിമത്തത്തിലും ആയിരുന്നില്ല സാബിത്ത്. ജാനകിക്കാട്ടിൽ പോവുകയോ പഴം പറിച്ചു കഴിക്കുകയോ സാബിത്ത് ചെയ്തിട്ടില്ല. പുതിയ വീടിന്റെ കിണർ വൃത്തിയാക്കാൻ സാബിത്ത് കിണറ്റിൽ ഇറങ്ങിയിട്ടില്ല. ബംഗ്ലദേശിൽനിന്നു ജോലിക്കായി വന്ന ആരും നിപ്പ വൈറസ് വഹിച്ചുകൊണ്ടു വന്നിട്ടില്ല. അതിനാൽ ഭയക്കേണ്ടതും സംശയിക്കേണ്ടതും ഒരിക്കലും സാബിത്തിനെയല്ല. മറിച്ചു പഴംതീനി വവ്വാലുകളെയും കഴിക്കാൻ ആഗ്രഹം തോന്നിപ്പിക്കും വിധം നിലത്തു വീണു കിടക്കുന്ന പഴങ്ങളെയും ആണ്.
യഥാർഥത്തിൽ സാബിത്തിനു പേരാമ്പ്രയിലെ പഴംതീനി വവ്വാലുകൾ വഴി നിപ്പ വൈറസ് ബാധിച്ചതു പ്രകൃതിയിലൂടെ തന്നെയാണ്. ഏതൊരു മനുഷ്യനിലും ഉണ്ടാക്കുന്ന അശ്രദ്ധ മാത്രമാണ് അതിനു കാരണം. ബംഗ്ലദേശിലെ നിപ്പ വൈറസ് ബാധയിൽനിന്നു നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് ഈ വൈറസ് അടുപ്പിച്ചു ചില വർഷങ്ങളിലോ അല്ലെങ്കിൽ കുറേ വർഷങ്ങൾക്കു ശേഷമോ പഴംതീനി വവ്വാലുകളിൽനിന്ന് ‘ഉറക്കമുണർന്നു’ പുറത്തുവരാം എന്നതാണ്. പേരാമ്പ്രയിലെ പഴംതീനി വവ്വാലുകളിൽ നിപ്പ വൈറസ് ഉള്ളതുകൊണ്ടു തന്നെ ദൈനംദിന ജീവിത ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഓരോരുത്തരും ജാഗരൂകരായിരിക്കണം. സാബിത്തിന്റെ ജിവിതം ഓരോ മലയാളിക്കും ഒരു ഓർമപ്പെടുത്തലും പാഠവും ആയിരിക്കണം.