ന്യൂഡൽഹി ∙ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ 13 മാസങ്ങൾക്കു ശേഷം ഇന്ത്യയുടെ 45–ാമത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു. ചൊവ്വാഴ്ച വിരമിക്കാനിരിക്കെ, തിങ്കളാഴ്ച രാവിലെ അവസാനമായി സുപ്രീംകോടതി നടപടികളില്‍ ജസ്റ്റിസ് മിശ്ര അധ്യക്ഷത വഹിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായി ഒക്ടോബർ മൂന്നിനു ചുമതലയേൽക്കുന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ എന്നിവരും ജസ്റ്റിസ്‍ മിശ്രയുടെ ബെഞ്ചിലുണ്ടായിരുന്നു.
പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമിടയിൽ പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നതു തടയാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചാണ് ഈ ബെഞ്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അവസാന ദിനത്തിലെ നടപടിക്രമങ്ങൾ അവസാനിപ്പിച്ചത്. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ഹർജിയിൽ വിധി പുറപ്പെടുവിച്ചിട്ടില്ല. ഒക്ടോബർ മൂന്നു മുതൽ പുതിയ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാകും ഹർജികൾ പരിഗണിക്കുകയെന്നാണ് അറിയിപ്പ്. 25 മിനിറ്റിനുള്ളിൽ തിങ്കളാഴ്ചത്തെ നടപടിക്രമങ്ങൾ ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബെഞ്ച് അവസാനിപ്പിച്ചു.
അതിനിടെ, വിരമിക്കുന്ന ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്സിങ്, പ്രശാന്ത് ഭൂഷൺ എന്നിവർ ട്വീറ്റ് ചെയ്ത കാര്യം അഭിഭാഷകനായ ആർ.പി. ലുത്ര ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് മിശ്രയുടെ അവസാനദിനത്തെ നാടകീയമാക്കി. വിവാദക്കൊടുങ്കാറ്റുയർത്തിയ ഭീമ കൊറിഗാവ് കേസിലുൾപ്പെടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധികളെ വിമർശിക്കുന്ന ഈ ട്വീറ്റുകൾ കോടതി പരിശോധിച്ചെങ്കിലും പ്രതികരണമൊന്നും നടത്തിയില്ല. നടപടികൾ അവസാനിപ്പിച്ച് ജസ്റ്റിസ് മിശ്ര കോടതി മുറി വിടും മുൻപ് അഭിഭാഷകരിലൊരാൾ അദ്ദേഹത്തിന് ആശംസയർപ്പിച്ച് പഴയ ഒരു ഹിന്ദി ഗാനം പാടാൻ ആരംഭിച്ചെങ്കിലും ജസ്റ്റിസ് മിശ്ര അതു വിലക്കി. വൈകാരിക നിമിഷങ്ങൾക്കൊടുവിലാണ് അദ്ദേഹം കോടതിമുറി വിട്ടത്.
∙ ദേശീയത ഉയർത്തിപ്പിടിച്ച ന്യായാധിപൻ
ദേശീയചിഹ്നങ്ങളോട് ആദരവു കാട്ടേണ്ടതു നിയമപരമായ ബാധ്യതയായി കാണുന്ന ന്യായാധിപനായിരുന്നു ജസ്റ്റിസ് മിശ്ര. സിനിമാശാലകളിൽ ദേശീയഗാനം നിർബന്ധമാക്കിയ വിധി അദ്ദേഹത്തിന്റേതായിരുന്നു.
1977ലാണ് ദീപക് മിശ്ര അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. ഒഡീഷ ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്തുകൊണ്ടിരിക്കെ 1996ൽ അഡീഷനൽ ജഡ്ജിയായി. 1997ൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2009 ഡിസംബറിൽ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2011 ഒക്ടോബറിൽ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. സിവിൽ, ക്രിമിനൽ, റവന്യു, സർവീസ് ആൻഡ് സെയിൽസ് ടാക്സ്, ഭരണഘടന വിഷയങ്ങളിൽ മികവു തെളിയിച്ചു.
2017 ഓഗസ്റ്റ് 28 നാണ് ഇന്ത്യയുടെ 45–ാം ചീഫ് ജസ്റ്റിസായി മിശ്ര സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. കേഹാർ വിരമിച്ചതിനെ തുടർന്നാണു ജസ്റ്റിസ് മിശ്ര ചീഫ് ജസ്റ്റിസായത്. ഇംഗ്ലിഷിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
∙ സംഭവബഹുലം, സുപ്രീംകോടതിയിലെ ‘മിശ്രക്കാലം’
സംഭവബഹുലമായിരുന്നു ചീഫ് ജസ്റ്റിസെന്ന നിലയിൽ ദീപക് മിശ്രയ്ക്കു കീഴിലുള്ള നാളുകൾ. രാജ്യം ഉറ്റുനോക്കിയ ഒട്ടേറെ വിഷയങ്ങളിലാണ് അദ്ദേഹത്തിന്റെ കാലത്ത് സുപ്രീംകോടതി വിധി പറഞ്ഞത്. ആധാറിന്റെ ഭരണഘടനാ സാധുത, ദയാവധം, വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗ ലൈംഗികത തുടങ്ങി ഏറ്റവുമൊടുവിൽ ശബരിമലയിലെ സ്ത്രീപ്രവേശനം വരെ നീണ്ടു കിടക്കുന്നു അദ്ദേഹത്തിന്റെ കാലയളവിലെ വിധിപ്രസ്താവങ്ങൾ.
അതേസമയം, ഇടയ്ക്ക് മെഡിക്കൽ കോഴവിവാദത്തിൽ പരോക്ഷ ആരോപണം നേരിടേണ്ടി വന്നതും ഇതിൽ തുടങ്ങി സുപ്രീംകോടതിയിലെ സഹപ്രവർത്തകരുമായി ശീതയുദ്ധം പൊട്ടിപ്പുറപ്പെട്ടതും ജസ്റ്റിസ് മിശ്രയെ ഒരു വിഭാഗം ആളുകൾക്ക് അനഭിമതനാക്കി. ഡൽഹി സർക്കാരും ലഫ്‌റ്റനന്റ് ഗവർണറുമായുള്ള അധികാരത്തർക്കം സംബന്ധിച്ച കേസിൽ ദീപക് മിശ്രയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ അഭിഭാഷകവൃത്തി അവസാനിപ്പിച്ചതും വാർത്താ പ്രാധാന്യം നേടി.
കേസുകൾ കേൾക്കുന്നതു സംബന്ധിച്ചു ജസ്റ്റിസ് മിശ്ര ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതായി ആരോപിച്ച് ജനുവരിയിൽ നാലു മുതിർന്ന ജഡ്ജിമാർ പരസ്യമായി പത്രസമ്മേളനം നടത്തിയത് ഇന്ത്യൻ ജുഡീഷ്യറിയെ സമാനതകളധികമില്ലാത്തവിധം പ്രതിസന്ധിയിലാക്കി. ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, കുര്യൻ ജോസഫ്, മദൻ ബി. ലൊക്കൂർ എന്നിവരാണ് ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി പ്രതിഷേധിച്ചത്. കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് ഈ പ്രശ്നം പരിഹരിച്ചത്.
ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് മിശ്ര, പിൻഗാമിയായി രഞ്ജൻ ഗൊഗോയ്‌യെ നിർദേശിക്കില്ലെന്ന് അഭ്യൂഹമുയർന്നിരുന്നെങ്കിലും അവിടെയും അദ്ദേഹം കണക്കുകൂട്ടലുകൾ തെറ്റിച്ചു. രഞ്ജൻ ഗൊഗോയ്‌യെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്താണ് അദ്ദേഹത്തിന്റെ പടിയിറക്കം.
ദീപക് മിശ്രയുടെ കാലയളവിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധികള്‍:
∙ ജുഡീഷ്യറിയിലെ അഴിമതി അന്വേഷിക്കാൻ ഉത്തരവിട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണനെതിരെ കോടതിയലക്ഷ്യത്തിനു കേസെടുത്തു. അദ്ദേഹത്തിന് ആറുമാസം ശിക്ഷ വിധിച്ചു.
∙ മാനഭംഗക്കേസുകൾ ഒത്തുതീർക്കുന്നതിന് ഇരയായ പെൺകുട്ടിയെ പ്രതിക്കു വിവാഹം ചെയ്യാനാകില്ലെന്ന വിധി.
∙ രാജ്യം ഉറ്റുനോക്കിയ നിര്‍ഭയക്കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ശരിവച്ചു.
∙ കേരളത്തിൽ വിവാദക്കൊടുങ്കാറ്റുയർത്തിയ ഹാദിയ കേസിൽ, ഹാദിയയെ പങ്കാളിക്കൊപ്പം വിട്ടുകൊണ്ടുള്ള ഉത്തരവ്.
∙ ദയാവധത്തിന് അനുമതി
∙ പദ്മാവത് സിനിമയ്ക്കും എസ്.ഹരീഷിന്റെ ‘മീശ’ നോവലിനും നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന വിധി.
∙ മലയാളത്തിലെ ‘ഒരു അഡാര്‍ ലവ്’ എന്ന സിനിമയിലെ നായിക പ്രിയാ വാരിയർക്കെതിരെ ഹൈദരാബാദ് പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കി.
∙ സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി. ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ നവംബർ 30നു നൽകിയ ഉത്തരവിൽ പറഞ്ഞതിങ്ങനെ: ‘എല്ലാ തിയറ്ററിലും സിനിമാ പ്രദർശനത്തിനു മുൻപു ദേശീയഗാനം കേൾപ്പിക്കണം. അപ്പോൾ കാണികൾ എഴുന്നേറ്റു നിൽക്കണം. ദേശീയഗാനത്തോടുള്ള ആദരത്തിൽ മാതൃരാജ്യത്തോടുള്ള സ്നേഹവും ബഹുമാനവുമാണു പ്രതിഫലിക്കുന്നത്. 10 ദിവസത്തിനുള്ളിൽ നടപ്പാക്കണം.’ എന്നാൽ, സഹജഡ്ജിയായ ഡി.വൈ. ചന്ദ്രചൂഡിന്‍റെ എതിർപ്പിനെ തുടര്‍ന്ന് തിരുത്തി.
∙ 1993ലെ മുംബൈ സ്ഫോടനക്കേസുകളില്‍ പ്രതിയായ യാക്കൂബ് മേമന്‍റെ വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അര്‍ധരാത്രി സിറ്റിങ് നടത്തി തളളി.
∙ കര്‍ണാടക നിയമസഭയില്‍ ഗവര്‍ണറെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാൻ ബിജെപി ശ്രമിച്ചപ്പോള്‍, കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിക്കാൻ അര്‍ധരാത്രിയില്‍ ബെഞ്ച് രൂപീകരിച്ച് മൂന്നു ജഡ്ജിമാരെ നിയോഗിച്ചു. യെഡിയൂരപ്പ സർക്കാർ മണിക്കൂറുകള്‍ക്കുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നു വിധി.
∙ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള വിധി.
∙ അയോധ്യക്കേസിലെ നിയമപ്രശ്നം എഴംഗ ഭരണഘടനാബെഞ്ചിന് വിടണമെന്ന ആവശ്യം തളളി.
∙ സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന ചരിത്ര വിധി.
∙ വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രധാന വിധി.
∙ ആധാര്‍ കാര്‍ഡിന് നിയന്ത്രണങ്ങളോടെ അംഗീകാരം, ഭരണഘടനാ സാധുത.
∙ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച ചരിത്ര വിധി.
∙ കോടതി നടപടികള്‍ നിയന്ത്രണവിധേയമായി തല്‍സമയ സംപ്രേഷണം ചെയ്യാമെന്ന വിധി. ഇതിനായി നിയമം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. കോടതിക്കുള്ളിൽ എന്തുനടക്കുന്നു എന്നറിയാൻ പൊതുജനത്തിന് അവകാശമുണ്ടെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് ചൂണ്ടിക്കാട്ടി. 'സൂര്യപ്രകാശമാണു മികച്ച അണുനാശിനി' എന്നാണ് ഈ തീരുമാനത്തെ കോടതി വിശേഷിപ്പിച്ചത്. പീഡനം, ദാമ്പത്യപ്രശ്‌നങ്ങള്‍ തുടങ്ങിയ വിവാദ കേസുകളുടെ സംപ്രേഷണത്തിൽ ജാഗ്രത വേണമെന്നും കോടതി പറഞ്ഞു.