Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം ആറാം തീയതി, തുലാവർഷം 15ന് ശേഷം; നാളെ വരെ കനത്ത മഴ

Rain Kerala

തിരുവനന്തപുരം∙ കേരളത്തിൽ തുലാവർഷം 15നു ശേഷം എത്തും. തുലാവർഷം തുടങ്ങാൻ വൈകുമെങ്കിലും കേരളത്തിൽ നാലുവരെ മഴ തുടരും. നാളെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ശരാശരി 480 മില്ലിമീറ്റർ മഴയാണ് തുലാവർഷക്കാലത്തു പ്രതീക്ഷിക്കുന്നത്.

അറബിക്കടലിൽ ലക്ഷദ്വീപിനും മാലദ്വീപിനും സമീപത്തായി ആറാംതീയതിയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദം ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങുമെന്നും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ ആറു മുതൽ അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.

മൽസ്യത്തൊഴിലാളികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ഫിഷറീസ് വകുപ്പിനും തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ജില്ലാ ദുരന്തനിവാരണകേന്ദ്രം എന്നിവർക്കും നിർദേശം നൽകി. നിലവിൽ കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് അഞ്ചിനു മുൻപു തീരത്തെത്തണമെന്നു നിർദേശം നൽകണം. കടൽ ആംബുലൻസുകളും രക്ഷാബോട്ടുകളും തയാറാക്കി നിർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.