ടോക്കിയോ∙ സൗരയൂഥത്തിന്‍റെ ഉൽപത്തിയിലേക്കു കൂടുതൽ വെളിച്ചം വീശുന്ന പഠനങ്ങളുടെ ഭാഗമായി ‘റയുഗു’ ഛിന്നഗ്രഹത്തിലേക്കു നിരീക്ഷണ സംവിധാനം ഇറക്കി ജപ്പാൻ. ഹയബൂസ– രണ്ട് പേടകമാണു മൊബൈൽ ആസ്റ്റെറോയ്ഡ് സർഫസ് സ്കൗട്ട് (മാസ്കോട്ട്) എന്ന നിരീക്ഷണ സംവിധാനം വിജയകരമായി ഛിന്നഗ്രഹത്തിൽ നിക്ഷേപിച്ചതെന്നു ജപ്പാൻ ബഹിരാകാശ പര്യവേക്ഷണ ഏജൻസി (ജാക്സ) അറിയിച്ചു.
ഛിന്നഗ്രഹത്തിന്‍റെ പ്രതലത്തിനു 50 മീറ്ററോളം അടുത്തു ചെന്നാണു പേടകം, പെട്ടിയുടെ ആകൃതിയിലുള്ള നിരീക്ഷണ സംവിധാനം വിക്ഷേപിച്ചത്. ഭൂമിയിൽനിന്നു 280 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച ഹയബൂസ– രണ്ട്, ജൂൺ മാസം മുതൽ ഛിന്നഗ്രഹത്തിന്‍റെ സമീപത്തു നിലയുറപ്പിച്ചിരുന്നു. പേടകത്തിൽനിന്നു വേർപെട്ട് ഏകദേശം ഒരു മണിക്കൂറിനുശേഷം മാസ്കോട്ടിൽനിന്നുള്ള സിഗ്നലുകൾ ലഭിച്ചതായി ബഹിരാകാശ ഏജൻസി അറിയിച്ചു.
പഠനത്തിന്‍റെ ഭാഗമായി രണ്ടു റോബട്ടിക് റോവേഴ്സിനെ കഴിഞ്ഞമാസം ജപ്പാൻ ഛിന്നഗ്രഹത്തിൽ ഇറക്കിയിരുന്നു. ഛിന്നഗ്രഹത്തിന്‍റെ പ്രതല ഘടന വ്യക്തമാക്കുന്ന ചിത്രങ്ങൾ റോവേഴ്സ് അയച്ചു. പ്രവർത്തനങ്ങള്‍ പരസ്പരം തടസ്സപ്പെടാതിരിക്കാനായി റോവേഴ്സിന്‍റെ എതിർ അർധഗോള ഭാഗത്താണു മാസ്കോട്ട് ഇറക്കിയിട്ടുള്ളത്. മൂന്നു വർഷത്തോളം സഞ്ചരിച്ചശേഷമാണു ഹയബൂസ – രണ്ട്, ഛിന്നഗ്രഹത്തിനു സമീപമെത്തിയത്. ഭാവിയിൽ പേടകം തന്നെ ഛിന്നഗ്രഹത്തിൽ ഇറക്കി പഠനങ്ങൾ നടത്താനാണു പദ്ധതി.
ഊഷ്മാവും ധാതുക്കളും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അയയ്ക്കാൻ മാസ്കോട്ടിനു സാധിക്കും. ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ നിരീക്ഷണ സംവിധാനത്തിനു തുടര്‍ച്ചയായി 16 മണിക്കൂർ പ്രവർത്തിക്കാനാകും. സമീപ മേഖലകളിലെ ചിത്രങ്ങൾ എടുക്കാനായി ഒപ്റ്റിക്കൽ നാവിഗേഷൻ വൈഡ് ആംഗിൾ ക്യാമറയും മാസ്കോട്ടിന്‍റെ ഭാഗമാണ്. ഛിന്നഗ്രഹത്തിലെ കാന്തിക ചലനങ്ങളുടെ ശക്തിയും ഊഷ്മാവും ഗണിക്കാനും നിരീക്ഷണ സംവിധാനത്തിനാകും.