Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–യുഎസ്–ജപ്പാന്‍ സഹകരണത്തെ ‘ജയ്’ എന്നു വിശേഷിപ്പിച്ച് മോദി

Shinzo-Abe-Donald-Trump-Narendra-Modi ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്യൂനസ് ഐറിസ് (അർജന്റീന)∙ ജപ്പാൻ, അമേരിക്ക, ഇന്ത്യ സഹകരണത്തെ ഈ രാജ്യങ്ങളുടെ ആദ്യ അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ച് ‘ജയ്’ അഥവാ വിജയമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസമാധാനവും സമൃദ്ധിയും ഉറപ്പാക്കാൻ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി–20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവരുമായി നടത്തിയ ആദ്യ ത്രിരാഷ്ട്ര കൂടിക്കാഴ്ചക്കു ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി .

"മറ്റൊരു രീതിയിൽ ജപ്പാൻ, അമേരിക്ക, ഇന്ത്യ എന്നാൽ ജയ് എന്നാണ്. ഹിന്ദിയിൽ ഇതിനർഥം വിജയവും. ത്രിരാഷ്ട്ര കൂടിക്കാഴ്ച വിജയത്തിന്‍റെ സന്ദേശമാണ് നൽകുന്നത്. ഇതൊരു പുതിയ തുടക്കമാണ്. ലോകത്ത് സമാധാനവും സമൃദ്ധിയും ഊട്ടിയുറപ്പിക്കാൻ ഈ സഹകരണത്തിന് വലിയ പങ്കു വഹിക്കാനാകുമെന്നാണ് കരുതുന്നത്" – മോദി പറഞ്ഞു. യുഎസും ജപ്പാനും തന്ത്രപ്രധാനമായ മേഖലകളിൽ ഇന്ത്യയുടെ പങ്കാളികളാണെന്നതു സന്തോഷം പകരുന്നതാണെന്നും തന്‍റെ നല്ല സുഹൃത്തുക്കൾ കൂടിയായ ട്രംപിനും ആബെയ്ക്കുമൊപ്പം പ്രവർത്തിക്കാൻ ഇത് മികച്ച അവസരം നൽകുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മൂന്നു നേതാക്കളും തമ്മിൽ സൗഹാർദ്ദപരവും ക്രിയാത്മകവുമായ ചർച്ചയാണു നടന്നതെന്നും പ്രധാനമന്ത്രി മോദി നടപ്പില്‍ വരുത്തിയ വികസനത്തിനും പരിഷ്കാരങ്ങൾക്കും പ്രസിഡന്‍റ് ട്രംപും പ്രധാനമന്ത്രി ആബെയും അദ്ദേഹത്തെ അനുമോദിച്ചതായും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു.

ഇന്തോ– പസഫിക് മേഖലയിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിന്‍റെ ആവശ്യകതയെ പറ്റിയും മേഖലയുടെ പുരോഗതിക്കായി കൈകൊള്ളേണ്ട നടപടികളെക്കുറിച്ചും മൂന്നു നേതാക്കളും ചർച്ച നടത്തി. ഇന്തോ – പസഫിക് എന്ന ആശയം ഏതു രീതിയിലാണ് മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും ഇതിനായി മൂന്നു രാജ്യങ്ങള്‍ക്കും സംയുക്തമായി എന്തെല്ലാം ചെയ്യാനാകുമെന്നും സംബന്ധിച്ച കാഴ്ചപ്പാടുകളും പ്രധാനമന്ത്രി ഇരു നേതാക്കളുമായും പങ്കുവച്ചതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

ഇന്തോ – പസഫിക് മേഖലയിലെ മറ്റു രാജ്യങ്ങളുമായി ഇത്തരമൊരു ആശയം അതത് രാജ്യത്തിന് ഏതെല്ലാം രീതിയിൽ ഗുണപ്രദമാകുമെന്നു വിശദീകരിക്കാൻ മൂന്നു രാജ്യങ്ങളും ശ്രമിക്കുന്നതു നന്നായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  

related stories