ന്യൂഡല്‍ഹി∙ കണ്ണൂർ മെഡിക്കൽ കോളജിൽ ഈ വർഷവും എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല. തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രവേശന മേൽനോട്ടസമിതി രേഖകൾ പരിശോധിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
മെഡിക്കൽ കോളജിൽ 2016–17 വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളോടാണു തലവരിപ്പണം വാങ്ങിയത്. 35 ലക്ഷം രൂപ മുതൽ ഒരു കോടി രൂപവരെ വിദ്യാർഥികളിൽനിന്നു വാങ്ങിയിട്ടുണ്ടെന്നു നേരത്തേ പ്രവേശന മേൽനോട്ട സമിതി കണ്ടെത്തിയിരുന്നു. പത്ത് ലക്ഷം രൂപ വീതം വാങ്ങി അത് 20 ലക്ഷം വീതമായി വിദ്യാർഥികൾക്കു തന്നെ തിരികെ നൽകിയെന്ന് മെഡിക്കൽ കോളജ് അറിയിച്ചിരുന്നു. എന്നാൽ വിദ്യാർഥികളുടെ പരാതിയിൽ മേൽനോട്ട സമിതി തയാറാക്കിയ റിപ്പോർട്ടിലെ വസ്തുതകൾ ഇതുമായി പൊരുത്തപ്പെടുന്നതല്ല.
തങ്ങൾക്ക് ഒരു പൈസ പോലും തിരികെ ലഭിച്ചിട്ടില്ലെന്ന് 25 വിദ്യാർഥികൾ പരാതിപ്പെട്ടു. ഭാഗികമായി മാത്രം പണം തിരികെ ലഭിച്ച 101 വിദ്യാർഥികളുമുണ്ടെന്നാണു കണക്ക്. വിദ്യാർഥികളെ പുറത്താക്കിയതിനാലാണു വാങ്ങിയ പണം തിരികെനൽകാൻ നിർദേശമുണ്ടായത്.