മുല്ലപ്പെരിയാർ ഉപസമിതിയിലും ആശയക്കുഴപ്പം; പുറത്തിറക്കിയത് മൂന്ന് ഉത്തരവുകൾ

കോട്ടയം∙ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ദുരന്ത ലഘൂകരണത്തിനായി പ്രത്യേക ഉപസമിതി രൂപീകരിക്കുന്ന കാര്യത്തിലും സര്‍ക്കാരിന് ആശയക്കുഴപ്പം. മൂന്ന് ഉത്തരവുകളാണ് ഇതു സംബന്ധിച്ച് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. ജലവിഭവ വകുപ്പ് സെക്രട്ടറിയെ അധ്യക്ഷനാക്കിയാണ് ആദ്യസമിതി രൂപീകരിച്ചത്. എന്നാല്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി സമിതി പുനസംഘടിപ്പിക്കുകയായിരുന്നു. ആദ്യ സമിതിയില്‍ ഇടുക്കി എസ്പി അംഗമായിരുന്നെങ്കിലും ഒടുവില്‍ മറ്റു പലരേയും ഉള്‍പ്പെടുത്തിയതോടെ എസ്പി പുറത്തായി.

കേന്ദ്രസര്‍ക്കാരും കേരളവും തമിഴ്‌നാടും പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 11-നാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും സമിതി രൂപീകരിക്കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതിയില്‍നിന്നു വിധി സമ്പാദിച്ച അഡ്വ. റസല്‍ ജോയി വ്യക്തമാക്കിയിരുന്നു.
ജലവിഭവ വകുപ്പ് സെക്രട്ടറി അധ്യക്ഷനായി ആദ്യ സമിതി രൂപീകരിച്ചതായി ജൂണ്‍ ആറിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (കെഎസ്ഡിഎംഎ) മെമ്പര്‍ സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ഇടുക്കി ജില്ലാ കലക്ടർ‍, ഇടുക്കി എസ്പി, തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍, ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ (ഐഎസ്ഡബ്ല്യു), കെഎസ്ഇബി ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ എന്നിവരായിരുന്നു അംഗങ്ങൾ‍.

ഈ സമിതി രൂപീകരണം 2005 ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിലെ 21-ാം വകുപ്പു പ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി കത്തു നല്‍കിയതോടെ ജലവിഭവ വകുപ്പ് സെക്രട്ടറിയെ അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റി. റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി ഓഗസ്റ്റ് 29-നു പുതിയ ഉത്തരവു പുറത്തിറക്കി. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ കൂടി സമിതിയില്‍ അംഗങ്ങളാക്കി. ഇതോടെ ഇടുക്കി കലക്ടറും എസ്പിയും സമിതിക്കു പുറത്തായി. അഡീഷനല്‍ സെക്രട്ടറി ശൈലശ്രീയാണ് ഈ രണ്ട് ഉത്തരവുകളും പുറത്തിറക്കിയത്.

എന്നാല്‍ കഴിഞ്ഞ മാസം സമിതി വീണ്ടും പുനസംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടി ഇവരെ രണ്ടു പേരെയും ഒഴിവാക്കി. തുടര്‍ന്ന് ഇടുക്കി ജില്ലാ കലക്ടറെ ഉള്‍പ്പെടുത്തി അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനാണ് മൂന്നാം ഉത്തരവു പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 16-ന് സമിതി യോഗം ചേരും. അണക്കെട്ടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതു ദുരന്തവും നേരിടാന്‍ ഉന്നതതല നടപടികള്‍ ഉറപ്പാക്കാക്കുകയാണ് സമിതിയുടെ ലക്ഷ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാനുള്ള സമയം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. റസല്‍ ജോയി സുപ്രീംകോടതിയെ സമീപിച്ചത്. അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ ഭീതിയും ആശങ്കയും കണക്കിലെടുത്ത് ദുരന്ത ലഘൂകരണത്തിനായി കേന്ദ്രസര്‍ക്കാരും തമിഴ്‌നാടും കേരളവും പ്രത്യേക ഉപസമിതികള്‍ രൂപീകരിക്കണമെന്നു സുപ്രീംകോടതി വിധിക്കുകയായിരുന്നു. നിലവില്‍ രൂപീകരിച്ചിരിക്കുന്ന ഉപസമിതിയില്‍ ഇതുമായി ബന്ധപ്പെട്ട വിദഗ്ധരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിധി അനുസരിച്ചെന്നു വരുത്താന്‍. സമിതി തട്ടിക്കൂട്ടിയതാണെന്നും അഡ്വ. റസല്‍ ജോയി കുറ്റപ്പെടുത്തി.