തിരുവനന്തപുരം ∙ അറബിക്കടലിൽ അപൂർവമായിരുന്ന ന്യൂനമർദവും ചുഴലിക്കാറ്റും പതിവാകുന്നതോടെ കേരളം അപകടമുനമ്പിൽ. അറബിക്കടലിൽ ഇന്ത്യൻ തീരത്തിനു സമീപം 10 മാസത്തിനിടെ ഇതു നാലാമത്തെ ചുഴലിക്കാറ്റാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും ചുഴലിക്കാറ്റും പതിവായിരുന്നെങ്കിലും കേരളത്തെ നേരിട്ടു ബാധിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം നവംബർ 30നുണ്ടായ ഓഖി ചുഴലിക്കാറ്റോടെയാണു സംസ്ഥാനവും ആശങ്കയിലായത്. അതിനുശേഷം അറബിക്കടലിൽ വീശിയ സാഗർ, മേകുനു ചുഴലിക്കാറ്റുകളിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഏപ്രിലിൽ കനത്ത നാശമുണ്ടാക്കിയ ‘കള്ളക്കടൽ’ പ്രതിഭാസത്തിനു കാരണം ദക്ഷിണ മഹാസമുദ്രത്തിൽ 2000 കിലോമീറ്റർ അകലെയുണ്ടായ കൊടുങ്കാറ്റായിരുന്നു. മാർച്ചിൽ ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമർദം ചുഴലിക്കാറ്റായി എത്തുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അറബിക്കടലിൽ ഇന്ത്യയ്ക്കും ഒമാനുമിടയ്ക്കു രൂപംകൊണ്ട എതിർചുഴലി അതിന്റെ ഗതിമാറ്റി.
ഇപ്പോഴത്തെ സാഹചര്യത്തിൽ ലുബാൻ ചുഴലിക്കാറ്റ് നേരിട്ടു കേരള തീരത്തെത്തില്ലെങ്കിലും ഓഖിയിൽ സംഭവിച്ചതുപോലെ അപ്രതീക്ഷിത ഗതിമാറ്റം തള്ളിക്കളയാനാകില്ല. അറബിക്കടലിൽ ചൂട് കൂടുന്നതാണു ചുഴലികളുടെ സാധ്യത വർധിപ്പിക്കുന്നതെന്നാണു വിദഗ്ധ വിലയിരുത്തൽ. 30 ഡിഗ്രിക്കു മുകളിലാണ് ഈ ദിവസങ്ങളിൽ കടലിലെ ചൂട്. കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റങ്ങളും ന്യൂനമർദ സാധ്യത വർധിപ്പിക്കുന്നു.
ലുബാനെ മെരുക്കുമോ എതിർചുഴലി
തിരുവനന്തപുരം ∙ ലക്ഷദ്വീപിനു സമീപം രൂപം കൊള്ളുന്ന ലുബാൻ ചുഴലിക്കാറ്റിനെ മെരുക്കാൻ ശേഷിയുള്ള എതിർചുഴലി (ആന്റി സൈക്ലോൺ) മാലദ്വീപിനു തെക്കു ഡീഗോ ഗാർഷ്യയ്ക്കു സമീപം ശക്തി പ്രാപിക്കുന്നു. രണ്ടിടങ്ങളിലും കാറ്റിന്റെ കറക്കം വിപരീതദിശയിലാണ്. എതിർചുഴലി കൂടുതൽ ശക്തമായാൽ ലുബാന്റെ തീവ്രത കുറയുമെന്നാണു കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇരുചുഴലികളും ഏകദേശം 1000 കിലോമീറ്റർ അകലത്തിലാണ്.
അതേസമയം, തമിഴ്നാട് തീരത്തു രൂപം കൊണ്ട അന്തരീക്ഷച്ചുഴി ദുർബലമായതിനാൽ ലുബാന്റെ ഗതിയിൽ വലിയ മാറ്റമുണ്ടാക്കില്ലെന്നാണു വിലയിരുത്തൽ. എന്നാൽ, സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ മഴ ശക്തമാകാൻ വഴിയൊരുക്കും.