‘റഫാലും എസ്–400 മിസൈലും കരുത്താകും; വ്യോമസേന എന്തിനും സജ്ജം’

റഫാൽ വിമാനം

ലക്നൗ∙ എത്ര വലിയ വെല്ലുവിളികളെയും നേരിടാൻ വ്യോമസേന സജ്ജമാണെന്നു വ്യോമസേനാമേധാവി ബി.എസ്.ധനോവ. 36 റഫാല്‍ യുദ്ധ വിമാനങ്ങളും എസ്–400 മിസൈൽ സംവിധാനങ്ങളും കൂടി ചേരുന്നതോടെ വ്യോമസേനയുടെ ശേഷി പിന്നെയും കൂടുമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ ഹിന്ദോനില്‍ വ്യോമസേന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ധനോവ.

വ്യോമസേന എപ്പോഴും ജാഗ്രത കാണിക്കേണ്ട മേഖലയാണു സുരക്ഷ. ഉദ്യോഗസ്ഥർക്കു മികച്ച പരിശീലനം നൽകി അപകടങ്ങൾ കുറയ്ക്കാനാണു ശ്രമം. ഓരോ വർഷം കഴിയുന്തോറും വ്യോമസേന ഉയരങ്ങളിലേക്കാണു പോകുന്നത്. യുദ്ധസജ്ജരായിരിക്കുക എന്നതാണു വ്യോമസേന ഉദ്യോഗസ്ഥരുടെ പ്രധാന കർത്തവ്യം. അപ്പാചെ, ചിനൂക് ഹെലികോപ്റ്ററുകളും സേനയുടെ കരുത്ത് വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയകാല പ്രവർത്തനങ്ങളെ സൂചിപ്പിച്ചു പ്രകൃതി ദുരന്തങ്ങളിലെ രക്ഷാദൗത്യത്തിൽ വ്യോമസേന വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വ്യോമസേനയുടെ 23 വിമാനങ്ങളും 25 ഹെലികോപ്റ്ററുകളുമാണു പ്രളയസമയത്ത് കേരളത്തിലെത്തിയത്. തേനി, കത്ര, പഠാൻകോട്ട്, കസൂലി എന്നിവിടങ്ങളിൽ കാട്ടുതീ പടർന്നപ്പോൾ രക്ഷാപ്രവർത്തനത്തിനും വ്യോമസേന മുൻനിരയിലുണ്ടായിരുന്നു. മ്യാൻമർ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലേക്കു വ്യോമമാർഗം സാധനങ്ങൾ എ‌ത്തിച്ചതായും അദ്ദേഹം പറഞ്ഞു.