ന്യൂനമർദം ലുബാൻ ചുഴലിക്കാറ്റായി മാറുന്നു; കേരളത്തിന് ഭീഷണിയില്ല

തിരുവനന്തപുരം∙ അറബിക്കടലിൽ ലക്ഷദ്വീപിനു പടിഞ്ഞാറുഭാഗത്ത് രൂപംകൊണ്ട ന്യൂനമർദം ഇന്നു രാവിലെയോടെ ലുബാൻ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ്. ന്യൂനമർദമേഖല തീരത്തുനിന്ന് 1100 കിലോമീറ്റർ അകലെയായതിനാൽ കേരളത്തിനു ഭീഷണിയില്ല. എന്നാൽ, ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപംകൊള്ളുന്നതിന്റെ ഭാഗമായി തെക്കൻ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, വയനാട് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ന്യൂനമർദം അകലേക്കു നീങ്ങിയതോടെ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാവകുപ്പ് പിൻവലിച്ചു. എന്നാൽ, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. മലയോരമേഖലയിൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പ്രാദേശികമായി ലഭിച്ച മഴയുടെ സാഹചര്യംകൂടി പരിഗണിച്ച് പിൻവലിക്കാൻ കലക്ടർമാർക്ക് അനുമതി നൽകി. ദേശീയ ദുരന്ത പ്രതികരണ സേനയെ ഇന്നു തിരിച്ചയയ്ക്കും. മുൻകരുതലെന്ന നിലയിൽ തുറന്ന ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നലെ അടച്ചു.