തിരുവനന്തപുരം ∙ ചാരക്കേസിലെ വിധിയില്‍നിന്ന് പഠിക്കാന്‍ ഒരുപാട് പാഠങ്ങളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനു സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരമായ 50 ലക്ഷം രൂപ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേസുകളിലെ അന്വേഷണം ഏപ്പോഴും ശരിയായ ദിശയില്‍ നടക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ചാരക്കേസില്‍ ഇപ്പോള്‍ വന്ന കാര്യങ്ങള്‍ മാത്രമാണോ പുറകിലുള്ളത്? ചാരക്കേസ് ഉണ്ടാകുന്ന സമയത്ത് നമ്മുടെ രാജ്യം ശാസ്ത്ര രംഗത്ത് വലിയ നേട്ടം നേടാന്‍ പോകുന്ന സമയമായിരുന്നു. അതിന്റെ പ്രവര്‍ത്തനത്തിലായിരുന്നു നമ്പി നാരായണന്‍. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന ശാസ്ത്രരംഗത്തെ വലിയ കുതിച്ചുചാട്ടത്തെ തടയുക എന്ന ഉദ്ദേശ്യം ചാരക്കേസിനു പിന്നില്‍ ഉണ്ടായിട്ടുണ്ടോ? അതു വ്യക്തികളാകാം. വ്യക്തികള്‍ക്കപ്പുറമുള്ളതാകാം. രാജ്യം നേട്ടം കൊയ്യുന്നതു തടയിടാന്‍ ചില ശക്തികള്‍ ഇടപെട്ടിരുന്നോ? അതിന്റെ ഭാഗമായുള്ള ആസൂത്രിത നീക്കം ഉണ്ടായിരുന്നോ? ആ ഭാഗത്തേക്ക് ആരും പോയിട്ടില്ല. അതും പരിശോധിക്കേണ്ട കാര്യമാണ്.
ചാരക്കേസ് വിവാദം വന്നപ്പോള്‍ സാധാരണ രാഷ്ട്രീയ രംഗത്ത് കാണുന്ന, ചില രാഷ്ട്രീയക്കാരില്‍ കാണുന്ന പ്രത്യേക പ്രവണത അതിശക്തമായി ഉയര്‍ന്നുവന്നു. ഉള്ള അവസരം ഉപയോഗിച്ച് നിക്ഷിപ്ത അജണ്ട നടപ്പിലാനുള്ള അവസരമായി ഉപയോഗിക്കുക. അത് ചാരക്കേസില്‍ വലിയ തോതില്‍ നടന്നു. അതില്‍ പലരും നേതൃത്വത്തില്‍തന്നെ ഉണ്ടായിരുന്നു. നേതൃത്വം നല്‍കിയത് ഇവിടെ മാത്രമല്ല, രാജ്യത്തിനകത്തു തന്നെ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങള്‍ ചാരക്കേസ് വിവാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു. അന്വേഷണം നടത്തേണ്ട ഏജന്‍സികളെ തങ്ങളുടെ നിര്‍ദേശം അനുസരിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിലേക്കു കാര്യങ്ങളെത്തി. ഇതും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നാം പരിശോധിക്കണം.
ഇത്തരത്തിലുള്ള പീഡനത്തിന് ഇരയാകേണ്ടതില്ലാത്ത നമ്പി നാരായണന്‍ വലിയ പീഡനം ഏറ്റുവാങ്ങി. അദ്ദേഹം നിയമപരമായി പോരാടിയതിനാല്‍ ഈ വിധിയിലേക്ക് കാര്യങ്ങളെത്തി. ചാരക്കേസിലെ അന്വേഷണം എന്നു പറയുമ്പോള്‍ അദ്ദേഹം മാത്രമല്ല പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകുക. നിരവധിപേര്‍ ഇരയായിട്ടുണ്ടാകും. ഇവിടെയാണ് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ പാലിക്കേണ്ട ജാഗ്രതയുടെ പ്രശ്നം വരുന്നത്. കേസന്വേഷണത്തില്‍ പലവിധ താല്‍പര്യക്കാരുടെ ഇടപെടല്‍ ഉണ്ടായി എന്നുവരാം. അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കാന്‍ ബാധ്യതപ്പെട്ടവരല്ല അന്വേഷണ ഉദ്യോഗസ്ഥര്‍. നിഷ്പക്ഷമായി ആരോപണത്തിന്റെ യഥാര്‍ഥവശം കണ്ടെത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. സുപ്രീംകോടതി വിലയിരുത്തുന്നത് ആ ജാഗ്രത ഉണ്ടായില്ല എന്നാണ്. അതിന്റെ ഭാഗമായാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു കോടതി വിധിച്ചത്.
കോടതി പറഞ്ഞ തുക സര്‍ക്കാര്‍ നല്‍കി. യഥാര്‍ഥത്തില്‍ നഷ്ടപരിഹാര തുക നല്‍കേണ്ടത് ഈ പീഡനങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥരാണ്. ആ കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിക്കാന്‍ പറ്റും, എങ്ങനെ ആ ഉദ്യോഗസ്ഥരെ ബാധ്യതയുള്ളവരാക്കി മാറ്റാന്‍ കഴിയും എന്നു സര്‍ക്കാര്‍ നിയമപരമായി പരിശോധിക്കും. നമ്പി നാരായണനു നഷ്ടപ്പെട്ടത് വിലപ്പെട്ട സമയമാണ്. നിശ്ചയ ദാര്‍ഢ്യമാണ് കോടതിയുടെ അനുകൂല വിധിയിലേക്ക് എത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കൂടെയുണ്ടെന്നതിൽ സന്തോഷം തോന്നുന്നുവെന്ന് നമ്പി നാരായണന്‍ പറഞ്ഞു. കേസില്‍ പീഡിപ്പിക്കപ്പെട്ട മറ്റുള്ളവര്‍ക്കും സഹായം നല്‍കാന്‍ സാധിക്കുമോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും പങ്കെടുത്തു.